സാങ്കേതിക തിരുത്തലില്‍ കുരുമുളക് വിപണി; റബ്ബര്‍ വില ഉയര്‍ന്നു

Posted on: December 1, 2013 11:18 pm | Last updated: December 1, 2013 at 11:18 pm

economicsകൊച്ചി: കുരുമുളക് വിപണിയില്‍ സാങ്കേതിക തിരുത്തല്‍. വെളിച്ചെണ്ണക്ക് മാസാരംഭ ഡിമാന്‍ഡ് വീര്യം പകരുമോ എന്നതില്‍ ആശങ്ക നിലനില്‍ക്കുകയാണ്. വാരാവസാനം ടയര്‍ വ്യവസായികള്‍ വില ഉയര്‍ത്തി റബ്ബര്‍ സംഭരിച്ചു.
റെക്കോര്‍ഡ് നിലവാരത്തില്‍ നിന്ന് ഇന്ത്യന്‍ കുരുമുളക് സാങ്കേതിക തിരുത്തലിലേക്ക് വഴുതി. ആഭ്യന്തര ഡിമാന്‍ഡില്‍ കത്തിക്കയറിയ ഉത്പന്നത്തിന് പെടുന്നനെ ഉത്തരേന്ത്യന്‍ അന്വേഷണങ്ങള്‍ ചുരുങ്ങിയത് തിരിച്ചടിയായിരിക്കുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പ് ചുടിലേക്ക് തിരിഞ്ഞതും സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് ഡിമാന്‍ഡ് മങ്ങാന്‍ ഇടയാക്കി.
റെക്കോര്‍ഡ് വിലയായ 52,000 രൂപയില്‍ നിന്ന് കുരുമുളക് 50,600 രൂപയായി. ഇതിനിടയില്‍ വെയര്‍ ഹൗസുകളില്‍ സ്‌റ്റോക്കുള്ള കുരുമുളകിന്റെ വന്‍ ശേഖരത്തില്‍ നിന്നുള്ള ചരക്ക് റിലീസിംഗ് തുടങ്ങുമെന്ന സൂചനകളും വിലയെ ബാധിച്ചു. കാര്‍ഷിക മേഖലകളില്‍ നിന്ന് കാര്യമായി ചരക്ക് വില്‍പ്പനക്ക് ഇറങ്ങുന്നില്ല. അടുത്ത വര്‍ഷം കുരുമുളക് ഉത്പാദനം കുറയുമെന്ന സൂചന ചരക്ക് പിടിച്ചുവെക്കാന്‍ ഉത്പാദകരെ പ്രേരിപ്പിക്കുന്നുണ്ട്.
കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് മുളക് 48,600 രൂപയില്‍ ക്ലോസിംഗ് നടന്നു. ആഗോള വിപണിയില്‍ നമ്മുടെ നിരക്ക് ടണ്ണിനു 300 ഡോളര്‍ കുറഞ്ഞ് 8800 ലേക്ക് താഴ്ന്നു. ഈ നിരക്കിലും പുതിയ കരാറുകളില്‍ ഏര്‍പ്പെടാന്‍ ഇറക്കുമതി രാജ്യങ്ങള്‍ തയ്യാറായില്ല.
മാസാരംഭമായതിനാല്‍ നാളികേര ഉത്പാദകര്‍ വെളിച്ചെണ്ണയുടെ ചലനങ്ങളെ നിരീക്ഷിക്കുകയാണ്. എണ്ണക്ക് ലോക്കല്‍ ഡിമാന്‍ഡ് ഉയരുമെന്ന പ്രതീക്ഷയിലാണ് മില്ലുകാര്‍. എണ്ണ വില റെക്കോര്‍ഡ് തലത്തിലാണെങ്കിലും സ്‌റ്റോക്ക് വില്‍പ്പനക്ക് ഇറക്കാന്‍ മില്ലുകാര്‍ തിടുക്കം കാണിച്ചില്ല. പ്രാദേശിക വിപണികളില്‍ എണ്ണ വില കിലോഗ്രാമിനു 120 രൂപയിലേക്ക് കയറി. എണ്ണ 11,000 രൂപയിലും കൊപ്ര 8000 ലുമാണ്. ദക്ഷിണേന്ത്യയിലെ കൊപ്ര ക്ഷാമം വിട്ടുമാറിയില്ല. ഇതിനിടയില്‍ വെളിച്ചെണ്ണ അവധി നിരക്കുകള്‍ തളര്‍ച്ചയിലാണ്. ഇത് സാങ്കേതിക തിരുത്തലിനുള്ള സുചനയാണ് നല്‍കുന്നത്.
വിപണികളിലേക്കുള്ള റബ്ബര്‍ ഷീറ്റ് വരവ് ഉയര്‍ന്നു. ഇതിനെ തുടര്‍ന്ന് ഇടിഞ്ഞ റബ്ബര്‍ വില വാരാന്ത്യം മെച്ചപ്പെട്ടു. ടയര്‍ വ്യവസായികള്‍ നിരക്ക് ഉയര്‍ത്തി ഷീറ്റ് ശേഖരിച്ചു. നാലാം ഗ്രേഡ് 15,400 ല്‍ നിന്ന് 15,100 ലേക്ക് താഴ്ന്ന ഘട്ടത്തിലാണ് ടയര്‍ വ്യവസായികള്‍ ഷീറ്റില്‍ കൂടുതല്‍ താത്പര്യം കാണിച്ചത്. വാരാന്ത്യം നിരക്ക് 15,300 രൂപയിലാണ്. അഞ്ചാം ഗ്രേഡ് 14,300 രൂപയിലും.
ഉത്തരേന്ത്യയില്‍ തണുപ്പ് ശക്തമായതോടെ ചുക്കിനു ഡിമാന്‍ഡ്. എന്നാല്‍ വിലയില്‍ മാറ്റമില്ല. മീഡിയം ചുക്ക് 18,500 രൂപ. ബെസ്റ്റ് 19,500 ആവശ്യക്കാരുണ്ട്.
വിവാഹ സീസണായതിനാല്‍ ജാതിക്കക്ക് ഉത്തരേന്ത്യന്‍ ആവശ്യക്കാര്‍ വര്‍ധിക്കുകയാണ്. ജാതിക്ക തൊണ്ടന്‍ 325-350 രൂപയില്‍ വ്യാപാരം നടന്നു. തൊണ്ടില്ലാത്ത ജാതിക്കക്ക് 600 -650 രൂപയില്‍ നിന്ന് 630-650 രൂപയായി. ജാതിപത്രി 650-700 രൂപയില്‍ നിന്ന് 725-775 രൂപയായും കയറി.
സ്വര്‍ണ വില നേരിയ റേഞ്ചില്‍ ചാഞ്ചാടി. ശനിയാഴ്ച പവന്റെ വില 22,680 രൂപ. ന്യൂയോര്‍ക്കില്‍ സ്വര്‍ണ വില ഔണ്‍സിന് 1252 ഡോളര്‍.