തായ്‌ലാന്‍ഡ് പ്രക്ഷോഭം അക്രമാസക്തമായി; നാല് മരണം

Posted on: December 1, 2013 11:14 pm | Last updated: December 1, 2013 at 11:14 pm

thailandബാങ്കോക്: തായ്‌ലാന്‍ഡ് പ്രധാനമന്ത്രി യംഗ്‌ലക് ഷിനാവത്ര രാജിവെക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭം ഏറ്റുമുട്ടലില്‍ കലാശിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും ബാങ്കോക്ക് പോലീസിന്റെ ആസ്ഥാനത്തേക്കും അതിക്രമിച്ചു കയറാന്‍ ശ്രമിച്ച പ്രക്ഷോഭകരെ പോലീസ് ജലപീരങ്കി ഉപയോഗിച്ചും കണ്ണീര്‍വാതകം പ്രയോഗിച്ചും നേരിട്ടു. ഇതോടെ തലസ്ഥാന നഗരമായ ബാങ്കോക്കിലും മറ്റും മണിക്കൂറുകളോളം നീണ്ടു നിന്ന സംഘര്‍ഷം ഉടലെടുത്തു. ഏറ്റുമുട്ടലില്‍ നാല് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും നൂറോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രക്ഷോഭകര്‍ക്ക് അനുകൂലമായ വാര്‍ത്തകളും മറ്റും നല്‍കണമെന്നാവശ്യപ്പെട്ട് തായ്‌ലാന്‍ഡിലെ മൂന്ന് പ്രമുഖ ടിവി ചാനല്‍ കേന്ദ്രങ്ങളിലേക്കും പ്രക്ഷോഭകര്‍ ആക്രമണം നടത്തി. സര്‍ക്കാറിന്റെയും സൈന്യത്തിന്റെയും നിയന്ത്രണത്തിലുള്ള ചാനലുകള്‍ക്ക് പുറമെ സ്വതന്ത്ര ചാനലുകളുടെ കേന്ദ്രങ്ങളിലേക്കും പ്രക്ഷോഭകര്‍ പ്രകടനം നടത്തിയതായി ബി ബി സി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ ഭരണം മുന്‍ പ്രധാനമന്ത്രിയും ഷിനാവത്രയുടെ സഹോദരനുമായ തക്‌സിന്‍ ഷിനാവത്രയുടെ നിയന്ത്രണത്തിലാണെന്നാരോപിച്ച് കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച പ്രക്ഷോഭം മുന്‍ പ്രതിപക്ഷ നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായിരുന്ന സുദേബ് തുആഗ്‌സുബാന്റെ നേതൃത്വത്തിലാണ് നടക്കുന്നത്.
അഴിമതി ആരോപണത്തെ തുടര്‍ന്ന് 2008ല്‍ രാജ്യം വിട്ട തക്‌സിന്‍ ഷിനാവത്രയുടെ കൈകളിലാണ് ഇപ്പോള്‍ ഭരണമുള്ളതെന്നും അദ്ദേഹത്തിന്റെ ജയില്‍ ശിക്ഷ ഒഴിവാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്നും പ്രക്ഷോഭകര്‍ ആരോപിക്കുന്നു. പ്രക്ഷോഭകരെ അടിച്ചമര്‍ത്തരുതെന്നും സമാധാനപരമായ ചര്‍ച്ചയിലൂടെ പരിഹാരം കാണുമെന്നുമായിരുന്നു സര്‍ക്കാര്‍ പ്രതിനിധികള്‍ നേരത്തെ അറിയിച്ചത്. എന്നാല്‍, പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെ ആക്രമണം നടത്തിയതോടെ പ്രക്ഷോഭകരെ നേരിടാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്ന് പോലീസ് മേധാവികള്‍ അറിയിച്ചു.
തലസ്ഥാനമായ ബാങ്കോക്കിലെ ആറ് പ്രധാനകേന്ദ്രങ്ങളില്‍ 30,000ത്തോളം വരുന്ന പ്രക്ഷോഭകര്‍ തമ്പടിച്ചിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാറിനെ താഴെയിറക്കുന്നതത് വരെ പ്രക്ഷോഭം തുടരുമെന്നും വിജയകരമായ മുന്നേറ്റമാണ് തന്റെ അണികള്‍ നടത്തുന്നതെന്നും സുദേബ് തുആഗ്‌സുബാന്‍ വ്യക്തമാക്കി. രാജ്യത്തെ പ്രധാന സര്‍ക്കാര്‍ കേന്ദ്രങ്ങളും കെട്ടിടങ്ങളും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സുദേബിന്റെ അവകാശവാദം ദേശീയ രഹസ്യാന്വേഷണ മേധാവി തള്ളി.
പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ ഷിനാവത്രക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കഴിഞ്ഞ വെള്ളിയാഴ്ച പാര്‍ലിമെന്റില്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയം തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് ഇടക്കാല തിരഞ്ഞെടുപ്പ് നടത്തില്ലെന്നും അത് ജനാധിപത്യ സംവിധാനത്തിനെതിരെയുള്ള പ്രവര്‍ത്തനമാകുമെന്നും ഷിനാവത്ര പ്രഖ്യാപിച്ചിരുന്നു. ഇടക്കാല തിരഞ്ഞെടുപ്പ് നടത്തില്ലെന്ന സര്‍ക്കാര്‍ തീരുമാനം പുറത്തുവന്നതോടെയാണ് പ്രക്ഷോഭം കൂടുതല്‍ ശക്തമായത്.