ദുബൈ 2020 ല്‍ എത്തുമ്പോള്‍

Posted on: December 1, 2013 6:00 am | Last updated: December 1, 2013 at 1:30 am

expooo

വേള്‍ഡ് എക്‌സ്‌പോ 2020 നടക്കുമ്പോള്‍ ദുബൈ എവ്വിധമുള്ള നഗരമായിരിക്കും ? ഊഹിക്കുക എളുപ്പമല്ല. കാരണം ദുബൈയുടെ ഓരോ ചുവടുവെപ്പും ദ്രുതഗതിലുള്ളതും അത്ഭുതകരവുമായിരുന്നു. ഇപ്പോഴും, അനുദിനം മാറിക്കൊണ്ടിരിക്കുന്നു. ചില ഉദാഹരണങ്ങള്‍: കണ്ണിമ ചിമ്മിത്തുറക്കുന്നതിനിടയിലാണ്, മേഖലയിലെ മെട്രോ റെയില്‍ പാത യാഥാര്‍ഥ്യമായത്, ലോകത്തിലെ ഏറ്റവും ഉയരമുള്ള ബുര്‍ജ് ഖലീഫ തലയുയര്‍ത്തിയത്, തീരക്കടലില്‍ കൊച്ചു നഗരം വാര്‍ത്തെടുത്തത്.
പത്ത് വര്‍ഷം മുമ്പത്തെ ശൈഖ് സായിദ് റോഡല്ല, ഇന്നത്തേത്. ഇരുവശം തുറസായ മണല്‍ പരപ്പായിരുന്നു. ഇന്ന് കെട്ടിടങ്ങളുടെ വനസാന്ദ്രതയാണ്. മലയാളികള്‍ വാരാന്ത്യങ്ങളില്‍ ഒത്തുകൂടിയിരുന്ന ദേര സിനിമയോ, ദുബൈ സിനിമയോ ഇന്നില്ല. നൊടിയിടയില്‍ കൂറ്റന്‍ അംബരചുംബികള്‍; പഴയകാലത്ത്, എച്ച് എസ് ബി സി ബേങ്ക് മാത്രമുണ്ടായിരുന്ന, ഇരുട്ട് തളം കെട്ടിയിരുന്ന ബനിയാസില്‍ മെട്രോ സ്റ്റേഷനും അംബരചുംബികളും. ഈ മേഖല ഇപ്പോള്‍ ഉറങ്ങാറില്ല. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍.
ഇതൊക്കെ കണക്കിലെടുക്കുമ്പോള്‍ 2020 ലെത്തുമ്പോള്‍, ലോകത്തിലെ ഒന്നാംകിട ഹൈടെക് സിറ്റിയായി ദുബൈ മാറും. റോഡിലെ വാഹനത്തിരക്കും വീര്‍പ്പുമുട്ടലും പരിഹരിക്കാന്‍ വായുവില്‍ കോറിഡോര്‍ പാതകള്‍ വന്നേക്കാം. റാശിദിയയിലെ ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ജബല്‍ അലി മക്തൂം രാജ്യാന്തര വിമാനത്താവളത്തിലേക്ക് തുരങ്കത്തിലൂടെ എസ്‌കലേറ്റര്‍ ഘടിപ്പിച്ചേക്കാം. എന്തായാലും ജബല്‍ അലി വ്യവസായ കേന്ദ്രം, അത്ഭുതങ്ങളുടെ ചെപ്പ് തുറക്കും. തുറമുഖവും വിമാനത്താവളവും താമസകേന്ദ്രങ്ങളും കൈകോര്‍ത്ത് പിടിച്ച്, രണ്ട് ഹോങ്കോംഗ് നഗരത്തിന്റെ വലുപ്പത്തില്‍, ലോകത്തിന്റെ കണ്ണായി മാറും. 140 ചതുരശ്ര കിലോമീറ്ററിലാണ് ഒരുക്കം. ഇവിടുത്തെ വിമാനത്താവളത്തിന്റെ നിര്‍മാണം പാതി വഴിയിലാണ്. ഒമ്പത് ലക്ഷം പേരാണ് ഇവിടെ താമസക്കാരായി മാറുക. ട്രാമുകളും എയര്‍കണ്ടീഷന്‍ ബസുകളും വലംവെക്കുന്നവയായിരിക്കും ഊടുവഴികള്‍. ദേഹത്ത് ചെളിയോ മണലോ പുരളാത്ത, മാര്‍ബിള്‍ നടപ്പാതകളാണ് ഒരുക്കുക. ഒരു തമാശയാണ്; ഇത്തരമൊരു ജീവിതാവസ്ഥയില്‍ മനുഷ്യര്‍ക്ക് രൂപപരിണാമം വന്നേക്കാം. കൈകാലുകള്‍ ചെറുതായേക്കാം.

 

ദുബൈ എന്നാല്‍ എന്താണര്‍ഥം? രണ്ട് വിവക്ഷകകളുണ്ട്. ഒന്ന് ഇരട്ടകള്‍ എന്നര്‍ഥമുള്ള ഒരു അറേബ്യന്‍ നാടോടി പദത്തില്‍ നിന്നാണ് ‘ദുബൈ’ ഉരുത്തിരിഞ്ഞുവന്നത് എന്നാണ്. കടല്‍ കൈവഴി വേര്‍തിരിക്കുന്ന ബര്‍ ദുബൈയെയും ദേര ദുബൈയെയും ഉദ്ദേശിച്ചാണിത്.
മറ്റൊന്ന്, ‘ദാബ’ എന്ന ഇന്ത്യന്‍ പദത്തില്‍ നിന്ന് ഉരുത്തിരിഞ്ഞുവെന്നാണ്. ദാബ എന്നാല്‍ ചെറിയ കമ്പോളം.
18ാം നൂറ്റാണ്ടില്‍ ദുബൈ ഒരു ഗ്രാമമായിരുന്നു. 1833 ല്‍ ഇവിടെ മക്തൂം കുടുംബം വേരുറപ്പിച്ചു. ചെറുപ്പക്കാരനായ ശൈഖ് മക്തൂം ബിന്‍ ബൂത്തി ഗ്രാമത്തലവനായി. ജനങ്ങള്‍ വര്‍ധിച്ചപ്പോള്‍ വാസ സ്ഥലങ്ങള്‍ വിപുലീകരിക്കപ്പെട്ടു. ദേര, ശിന്ദഗ, ബര്‍ ദുബൈ എന്ന് വേര്‍തിരിക്കപ്പെട്ടു. ഇതില്‍ ശിന്ദഗ ഭരണസിരാകേന്ദ്രമായി. ശൈഖ് മക്തൂമിന്റെ കാലശേഷം ശൈഖ് സഈദ് ഭരണസാരഥ്യമേറ്റു. ശൈഖ് സഈദിന്റെ മജ്‌ലിസ് ഇന്നും ശിന്ദഗയില്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ശൈഖ് സഈദിന്റെ ഭവനം എന്ന് ഇന്ന് അറിയപ്പെടുന്നു. വിനോദ സഞ്ചാര കേന്ദ്രമായി ഇത് വികസിതമായി.

expo 2020

ശൈഖ് റാശിദ് ബിന്‍ സഈദ് അല്‍ മക്തൂമാണ് ആധുനിക ദുബൈയുടെ ശില്‍പി. തുറമുഖം പണിതാല്‍ വാണിജ്യാഭിവൃദ്ധി കൈവരും എന്ന് മനസിലാക്കി, സമ്പത്തിന്റെ വലിയ പങ്ക് അതിനു ചെലവ് ചെയ്തു. കഴുതകളും ഒട്ടകങ്ങളുമായിരുന്നു അയല്‍ ദേശങ്ങളിലെ ഗതാഗത സാധ്യതകള്‍. ശൈഖ് റാശിദ് റോഡുകള്‍ സ്ഥാപിച്ചു. വാഹനങ്ങള്‍ ഇറക്കുമതി ചെയ്തു. ദേരയെ വ്യാപാര കേന്ദ്രമാക്കി. പായ്ക്കപ്പലുകളില്‍ എത്തുന്ന വിദേശികള്‍ ഇവിടെ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങിക്കൊണ്ടുപോയി. 350 കടകളായിരുന്നു തുടക്കത്തില്‍. വൈദ്യുതി കിട്ടാക്കനിയായിരുന്നു. മണ്ണെണ്ണ വിളക്കിനെയാണ് ആശ്രയിച്ചത്.
1966ല്‍ എണ്ണ കയറ്റുമതി ദുബൈ വഴി ആരംഭിച്ചു. 1971ല്‍ മേഖലയിലെ ട്രൂഷ്യല്‍ സ്റ്റേറ്റുകള്‍ സംയോജിച്ച് യു എ ഇ രൂപവത്കരിക്കപ്പെട്ടപ്പോള്‍, ദുബൈ വാണിജ്യ കുതിപ്പിന് തയാറെടുത്തു നില്‍ക്കുകയായിരുന്നു. ജബല്‍ അലി തുറമുഖവും പരിസരവും വിദേശ കമ്പനികളക്കൊണ്ട് നിറഞ്ഞു. പിന്നീട് ശൈഖ് മക്തൂം ബിന്‍ റാശിദ് അല്‍ മക്തൂമും അതിനു ശേഷം ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും വികസന പ്രക്രിയയെ മുന്നോട്ടു നയിച്ചു. ശൈഖ് മുഹമ്മദിന്റെ അപാരമായ ഇച്ഛാശക്തിയാണ് ഇന്നത്തെ അത്ഭുതങ്ങള്‍ക്ക് കാരണം. ഇതിനിടയില്‍, ദുബൈയിലെ വിദേശികളുടെ, വിശേഷിച്ച് മലയാളികളുടെ ഭാവി എന്താകും ? മലയാളികളും ദുബൈയിലെ തദ്ദേശികളും സ്വാഭാവിക സുഹൃത്തുക്കളാണ്.
അതുകൊണ്ട് മലയാളികളുടെ ബാഹുല്യം കുറയില്ല. എന്നാല്‍ രൂപത്തിലും ഭാവത്തിലും നവീകരിക്കപ്പെടും. തൊഴിലാളികള്‍ പോലും എക്‌സിക്യൂട്ടീവ് വേഷത്തിലായിരിക്കും. ‘നാദാപുരം’ കഫ്‌ടേരിയകള്‍ക്കും ചെറുകിട ഗ്രോസറികള്‍ക്കും സൗന്ദര്യം വര്‍ധിക്കും. മോടികൂട്ടാന്‍ ഭരണകൂടത്തിന്റെ നിര്‍ദേശം വന്നേക്കാം. വാടക വര്‍ധനവ് ഒരു സാധ്യതയാണ്. ഇടനിലക്കാരെ നിലക്കു നിര്‍ത്തിയില്ലെങ്കില്‍ അവര്‍ വല്ലാതെ ചൂഷണം ചെയ്യും. പക്ഷേ, ഏതു ഭാഷയും സാഹചര്യവും കൈകാര്യം ചെയ്യാന്‍ കെല്‍പ്പുള്ള മലയാളികളോട് അത്തരം കളികള്‍ നടക്കുമോ ? ഇല്ലെന്നാണ് ചരിത്രം പഠിപ്പിച്ചിരിക്കുന്നത്. അവര്‍ മനസുകളെ ബന്ധിപ്പിച്ച് ഭാവിയെ രൂപപ്പെടുത്തും.