Connect with us

Editorial

മാധ്യമ വനിതകളും അരക്ഷിതരാണോ?

Published

|

Last Updated

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ അടുത്ത കാലത്തായി വര്‍ധിച്ചുവരുകയാണ്. സഹമാധ്യമ പ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രാജ്യത്തെ കേളികേട്ട തെഹല്‍കയുടെ മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിനെ ഗോവ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തതാണ് ഇത് സംബന്ധിച്ച അവസാന വാര്‍ത്ത. തേജ്പാലിനെതിരെ ലൈംഗിക പീഡനത്തിന്റെ തെളിവുകള്‍ ഉള്ളതായി ഗോവ പോലീസും വ്യക്തമാക്കിയിട്ടുണ്ട്. മറ്റു മാധ്യമങ്ങള്‍ കയറിച്ചെല്ലാന്‍ ഭയപ്പെട്ടിരുന്ന ഇടങ്ങളിലെല്ലാം അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ചുവടുവെപ്പുകള്‍ നടത്തി രാജ്യം പ്രതീക്ഷയോടെ കണ്ടിരുന്ന തെഹല്‍കയിലെ പുതിയ സംഭവവികാസങ്ങള്‍ തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ സംബന്ധിച്ച് പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. അതോടൊപ്പം മാധ്യമങ്ങളെ കുറിച്ചുള്ള പൊതുജനത്തിന്റെ ധാരണകളെ തകിടം മറിക്കാനും ഇത്തരം വാര്‍ത്തകള്‍ പ്രധാന പങ്ക് വഹിക്കും.
തനിക്കെതിരെ ഉയര്‍ന്ന പരാതികള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് തെഹല്‍ക സ്ഥാപക പത്രാധിപര്‍ നേരത്തെ വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ ഇതിനോടുള്ള പ്രതികരണമായി, തന്റെ ശരീരം തൊഴിലുടമയുടെ കളിപ്പാട്ടമല്ലെന്നും തന്റെ ധാര്‍മികതയും അവകാശങ്ങളും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പോരാടുന്നതെന്നും പീഡനത്തിനിരയായ യുവ മാധ്യമപ്രവര്‍ത്തക രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. നിയമത്തില്‍ എന്താണോ ബലാത്സംഗത്തിന് നിര്‍വചനം നല്‍കിയിരിക്കുന്നത് അത് തേജ്പാല്‍ തന്നോട് ചെയ്തതായും ചിലയാളുകള്‍ തെഹല്‍കയുടെ ഭാവിയെക്കുറിച്ച് കണ്ണീര്‍ വാര്‍ക്കുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം പ്രതാധിപര്‍ക്ക് തന്നെയാണെന്നും മാധ്യമപ്രവര്‍ത്തക പുറത്തിറക്കിയ കുറിപ്പില്‍ ചുണ്ടിക്കാട്ടിയിട്ടുണ്ട്.
തെഹല്‍ക സംഭവം പുറുത്തുവന്നതിനു ശേഷം സമാനമായ പീഡനങ്ങള്‍ക്കിരയായ മറ്റൊരു മാധ്യമ സ്ഥാപനത്തിലെ വനിതാ മാധ്യമപ്രവര്‍ത്തകയും രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനമായ ദൈനിക് ഭാസ്‌കര്‍ ഗ്രൂപ്പിന്റെ എഫ് എം റേഡിയോ സ്റ്റേഷനിലെ സി ഇ ഒ ഹരീഷ് ഭാട്ടിയ, തന്നെ പീഡിപ്പിച്ചുവെന്നാണ് രണ്ട് വര്‍ഷം മുമ്പ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സ്ത്രീയുടെ വെളിപ്പെടുത്തല്‍. തനിക്ക് പുറമെ മറ്റ് രണ്ട് വനിതകളെ കൂടി സി ഇ ഒ പീഡിപ്പിച്ചിരുന്നതായും എന്‍ ഡി ടി വിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച കേസില്‍ ഇതുവരെയും കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. ദേശീയ വനിതാ കമ്മീഷനും പരാതി സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇതിനോടുള്ള അവരുടെ പ്രതികരണവും ആശാവഹമല്ല.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ഇറങ്ങിപ്പുറപ്പെടുന്നവരാണ് മാധ്യമ സ്ഥാപനങ്ങള്‍. പക്ഷേ, പലപ്പോഴും മാധ്യമ സ്ഥാപനങ്ങള്‍ക്കുള്ളിലെ വനിതാ പ്രവര്‍ത്തകര്‍ പീഡനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയാകുന്നു. ഇരകളായ പല വനിതാ മാധ്യമപ്രവര്‍ത്തകരും തങ്ങളുടെ ജോലിയും അഭിമാനവും ഓര്‍ത്ത് നിശ്ശബ്ദത പാലിക്കുകയാണ്. ചാനലുകളിലെ വനിതാമാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന വിവിധ തരത്തിലുള്ള ചൂഷണങ്ങളും ഗൗരവമായിത്തന്നെ കാണണം. വേലി തന്നെ വിളവ് തിന്നുക എന്ന പഴഞ്ചൊല്ലിനെ അന്വര്‍ഥമാക്കുന്നതാണ് മാധ്യമ വനിതകള്‍ നേരിടുന്ന ഈ വെല്ലുവിളി.
മാധ്യമപ്രവര്‍ത്തകര്‍ സദാചാരങ്ങളുടെ സിംബലുകളായി വ്യാഖ്യാനിക്കപ്പെട്ടിരുന്ന കാലം മാറുകയാണ്. പണം വാങ്ങി വാര്‍ത്തകള്‍ നല്‍കുകയും രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി വാര്‍ത്തകള്‍ വളച്ചൊടിക്കുകയും ചെയ്യുകയാണ് വലിയൊരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍. മതവും ജാതിയും തരംതിരിക്കാതെ വാര്‍ത്തകള്‍ നിരത്തിയിരുന്നവര്‍ സങ്കുചിതമായ ചിന്താഗതികളിലേക്ക് തരംതാഴ്ന്നുകഴിഞ്ഞു. വിശ്വാസ്യത തകര്‍ക്കുന്ന വാര്‍ത്തകളും വ്യക്തിവിരോധങ്ങളുടെ അടിസ്ഥാനത്തില്‍ പടച്ചുണ്ടാക്കുന്ന കള്ളക്കഥകളും മാധ്യമങ്ങളെയോ മാധ്യമ ഉടമകളെയോ അസ്വസ്ഥപ്പെടുത്തുന്ന കാലം മറഞ്ഞുതുടങ്ങിയിട്ടുണ്ട്. ഇതിനെല്ലാം പുറമെയാണ് സഹപ്രവര്‍ത്തകരായ വനിതകളെ വിവിധ തരത്തിലുള്ള ചൂഷണങ്ങള്‍ക്ക് ഇരയാക്കുന്നത്. ധര്‍മത്തിന് വെള്ളവും വളവും നല്‍കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഇത്രകാലം സമൂഹത്തിന് മുന്നില്‍ ഞെളിഞ്ഞ് നിന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ ആ പഴയ പ്രതാപം തീരെ ഇല്ലാതായിരിക്കുന്നു. മദ്യപാനത്തിന്റെ അടിമകളായിത്തീര്‍ന്നിരിക്കുകയാണ് പല മാന്യ മാധ്യമ കുലപതികളും. ഇപ്പോള്‍ വിവാദമായ തെഹല്‍ക വിവാദത്തിലും മദ്യത്തിന്റെ പങ്ക് നിര്‍ണായകമാണ്. മദ്യം കുടിച്ച് ലക്കുകെട്ട തേജ്പാല്‍ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ഇര പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.
തൊഴിലിടങ്ങളില്‍ പീഡനമേല്‍ക്കുന്ന സ്ത്രീകളുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നിയമവിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ തലവവനും സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയുമായ ജസ്റ്റീസ് എ കെ ഗാംഗുലിക്കെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചതും ഇതോട് ചേര്‍ത്ത് വായിക്കണം. പരിരക്ഷ നല്‍കേണ്ടവര്‍ വേട്ടക്കാരായി മാറുന്ന ചിത്രങ്ങള്‍ ഇനിയുമെത്രയോ ആണ്.
പല പീഡനകഥകളും ദിവസങ്ങള്‍ നീണ്ടുനിന്ന അന്വേഷണങ്ങളിലൂടെ പുറത്തുകൊണ്ടുവരാന്‍ സാധിച്ചു എന്ന് ആശ്വസിക്കാനുള്ള വക മാധ്യമ ലോകത്തിനുണ്ട്. എന്നാല്‍, അത് തകര്‍ക്കുന്ന രൂപത്തിലുള്ള എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ മാധ്യമ സ്ഥാപനങ്ങളില്‍ നിന്ന് പുറത്തുവരുന്നത് അതിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതായിരിക്കും. ജനാധിപത്യത്തിന്റെ നാലാം തൂണായി വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാതിരിക്കല്‍ ജനാധിപത്യത്തിന്റെ കൂടി നിലനില്‍പ്പിന് അനിവാര്യമാണ്. ഈ തിരിച്ചറിവാണ് ഒരോ മാധ്യമപ്രവര്‍ത്തകനെയും മുന്നോട്ടു നയിക്കേണ്ടത്.