രാത്രി യാത്രക്കാരന്‍ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിര്‍ത്തിയില്ല; കണ്ടക്ടര്‍ക്ക് പിഴ

Posted on: November 30, 2013 10:14 am | Last updated: November 30, 2013 at 10:14 am

കല്‍പറ്റ: രാത്രി എട്ടുമണിക്കുശേഷം യാത്രക്കാരന്‍ ആവശ്യപ്പെട്ട സ്ഥലത്ത് കെ എസ് ആര്‍ ടി സി ബസ്സ് നിര്‍ത്താത്ത് ചോദ്യം ചെയ്ത് കല്‍പറ്റ കണ്‍സ്യൂമര്‍ കോടതി മുമ്പാകെ ബോധിപ്പിച്ച കേസില്‍ കണ്ടക്ടര്‍ക്കെതിരെ വിധി. കെല്ലൂര്‍ അഞ്ചാംമൈലിലെ വെട്ടന്‍ ഇബ്രാഹിമാണ് പരാതിക്കാരന്‍. 2011 സെപ്തംബര്‍ 10ന് രാത്രി 11 മണിക്ക് മാനന്തവാടിയില്‍ നിന്നും കൂളിവയലിലേക്ക് ടിക്കറ്റെടുത്ത ഇബ്രാഹിമിന് അഞ്ചാംമൈല്‍ ബാങ്കിനുമുമ്പിലായിരുന്നു ഇറങ്ങേണ്ടിയിരുന്നത്. രാത്രി എട്ടുമണികഴിഞ്ഞാല്‍ യാത്രക്കാരന്‍ ആവശ്യപ്പെടുന്നിടത്ത് ബസ്സുനിര്‍ത്തി കൊടുക്കണമെന്ന സര്‍ക്കുലറുണ്ടായിട്ടും ബസ് നിര്‍ത്താന്‍ കണ്ടക്ടര്‍ സി എസ് ഷാജന് എതിരായിരുന്നു പരാതി. ഇറങ്ങാനാവശ്യപ്പെട്ട സ്ഥലത്ത് വെളിച്ചമുണ്ടായിരുന്നില്ലെന്നായിരുന്നു കോടതിയില്‍ ഷാജന്‍ എതിര്‍വാദമുന്നയിച്ചത്. കണ്ടക്ടറുടെ സേവനത്തില്‍ വീഴചയുണ്ടെന്ന് കണ്ട് കണ്‍സ്യൂമര്‍ കോടതി നഷ്ടപരിഹാരമായി 500 രൂപയും, കോടതി ചെലവായി 500 രൂപയും പിഴയടക്കാന്‍ വിധിച്ചു. കെ എസ് ആര്‍ ടി സി വിജിലന്‍സ് സെല്ലും കണ്ടക്ടര്‍ കുറ്റക്കാരനാണെന്ന് കണ്ട് പിഴ വിധിച്ചിരുന്നു. അഡ്വ. എം സി എം ജമാല്‍ മുഖേനയാണ് പരാതി നല്‍കിയത്.