നിതാഖാത്ത് : സൗജന്യ ടിക്കറ്റിന് ഇന്ന് കൂടി അപേക്ഷിക്കാം

Posted on: November 30, 2013 6:02 am | Last updated: December 1, 2013 at 12:52 am

കണ്ണൂര്‍: നിതാഖാത്തിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്തവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ മടക്കയാത്രക്കുള്ള വിമാന ടിക്കറ്റുകള്‍ ലഭിക്കുന്നതിന് അപേക്ഷിക്കേണ്ട തീയതി ഇന്ന് അവസാനിക്കുമെന്ന് നോര്‍ക്കാ മന്ത്രി കെ സി ജോസഫ് അറിയിച്ചു.
സഊദി അറേബ്യയിലെ റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളില്‍ നോര്‍ക്കാ വകുപ്പ് രൂപവത്കരിച്ചിട്ടുള്ള പ്രാദേശിക ഉപദേശക സമിതികളില്‍ 30ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. ഇതിനകം 134 പേര്‍ക്ക് ടിക്കറ്റ് നല്‍കിയെങ്കിലും 110 പേര്‍ മാത്രമാണ് സൗജന്യം പ്രയോജനപ്പെടുത്തിയത്. മടങ്ങാത്തതിനാല്‍ 24 പേരുടെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യേണ്ടിയും വന്നു. വിമാനം ചാര്‍ട്ടര്‍ ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും യാത്രക്കാരുടെ കുറവുമൂലം അത് വേണ്ടെന്ന് വെക്കുകയായിരുന്നു.
ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇത്തരത്തിലൊരു സൗജന്യ മടക്കയാത്രാ സംവിധാനം നടപ്പാക്കിയിട്ടില്ല. അതിനാല്‍ സൗജന്യ ടിക്കറ്റുകള്‍ ആവശ്യമുള്ള എല്ലാവരും പ്രാദേശിക ഉപദേശക സമിതികളില്‍ ഇന്ന് അപേക്ഷ നല്‍കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.