Connect with us

Health

ഹോമിയോപ്പതിയോട് കടുത്ത അവഗണന

Published

|

Last Updated

കോഴിക്കോട്: അലോപ്പതി മേഖലക്കായി കോടികള്‍ ചെലവിടുന്ന സര്‍ക്കാര്‍ ഹോമിയോപ്പതിയെ അവഗണിക്കുമ്പോള്‍ ഈ മേഖലയിലുള്ളവര്‍ നേരിടുന്നത് കടുത്ത വിവേചനം. അലോപ്പതി, ആയുര്‍വേദ മേഖലയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ മികച്ച ആനുകൂല്യങ്ങള്‍ നേടുമ്പോള്‍ ഹോമിയോപ്പതിയിലുള്ളവര്‍ക്ക് ഇതെല്ലാം നിഷേധിക്കുകയാണ്.

സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന ഹോമിയോപ്പതി പി ജി ഡോക്ടര്‍മാര്‍ക്ക് പി ജി അലവന്‍സ് നല്‍കുന്നില്ല. അലോപ്പതിയിലേയും ആയുര്‍വേദത്തിലെയും പി ജി ഡോക്ടര്‍മാര്‍ക്ക് ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും പുറമേ ആകര്‍ഷകമായ പി ജി അലവന്‍സ് കൂടി നല്‍കുമ്പോഴാണ് സര്‍ക്കാര്‍ ഇവരെ തഴയുന്നത്.
അലോപ്പതിയിലെ അസിസ്റ്റന്റ് സര്‍ജന് നല്‍കുന്ന ശമ്പളമാണ് ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് (ഡി എം ഒ) നല്‍കുന്നത്. മെഡിക്കല്‍ ഓഫീസറായി സര്‍വീസില്‍ കയറുന്ന ഡോക്ടര്‍ ഡി എം ഒ ആകാന്‍ ചുരുങ്ങിയത് 20 വര്‍ഷമെങ്കിലും എടുക്കും. ഹോമിയോപ്പതിയില്‍ സ്‌പെഷ്യലൈസേഷന്റെ ആവശ്യമില്ലെന്നും സ്‌പെഷ്യലൈസ് ചെയ്യുന്ന പി ജി ഡോക്ടര്‍മാരെക്കൊണ്ട് സര്‍ക്കാറിന് കാര്യമായ ഗുണമില്ലെന്നുമാണ് സര്‍ക്കാറിന്റെ വാദം.
എന്നാല്‍ സംസ്ഥാനത്ത് നിരവധി ഹോമിയോപ്പതി സ്‌പെഷ്യല്‍ ഹോസ്പിറ്റലുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലപ്പുറം ജില്ലാ ആശുപത്രിയില്‍ ശ്വാസകോശ രോഗങ്ങള്‍ക്കും മഞ്ചേരി താലൂക്ക് ആശുപത്രിയില്‍ വാതരോഗത്തിനും കോഴിക്കോട് ജില്ലാ ആശുപത്രിയില്‍ പ്രമേഹ രോഗത്തിനും തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ കൗമാരക്കാര്‍ക്കായും പ്രത്യേക ഒ പികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പ്രത്യേക ഒ പികളിലെല്ലാം പരിശോധന നടത്തുന്നത് അതത് വിഷയങ്ങളില്‍ സ്‌പെഷ്യലൈസ് ചെയ്ത ഡോക്ടര്‍മാരാണ്.
സംസ്ഥാനത്തെ സ്‌കൂളുകള്‍ തോറും സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാമുകളും സ്ത്രീകളുടെ എല്ലാവിധ പ്രശ്‌നങ്ങള്‍ക്കും പരിഹാരം എന്ന ലക്ഷ്യത്തോടെ ജില്ലകള്‍തോറും സീതാലയം പദ്ധതികളും നടത്തിവരുന്നുണ്ട്. ഇത്തരം പദ്ധതികള്‍ക്കെല്ലാം നേതൃത്വം നല്‍കുന്നത് വകുപ്പിലെ പി ജി ഡോക്ടര്‍മാരാണ്. ബി എച്ച് എം എസ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കുന്നതും വകുപ്പിലെ ഗവേഷണ ജോലികള്‍ ചെയ്യുന്നതും പി ജി ഡോക്ടര്‍മാരാണ്.
എന്നാല്‍ ഇത്തരം ഡോക്ടര്‍മാരെല്ലാം ഓരോ ഡിസ്‌പെന്‍സറിയിലോ ജില്ലാ ആശുപത്രികളിലോ ജോലി ചെയ്യുന്നവരാണ്. വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കുന്നതിന് പ്രത്യേക അലവന്‍സോ യാത്രാബത്തയോ പോലും സര്‍ക്കാര്‍ നല്‍കുന്നില്ല. പത്ത് വര്‍ഷത്തോളം നിരന്തരമായി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് മാറി വരുന്ന സര്‍ക്കാറുകളെ കണ്ടിട്ടും തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടാകാത്തതിന്റെ നിരാശയിലാണ് ഈ വകുപ്പിലെ ഡോക്ടര്‍മാര്‍.
കേരള ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയിട്ടും രോഗികള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തില്‍ ആശുപത്രികളില്‍ ബാഡ്ജ് ധരിച്ച് ചികിത്സ നടത്തി പ്രതിഷേധിച്ചിട്ടും തങ്ങളുടെ ആവശ്യങ്ങളെ സര്‍ക്കാര്‍ നിസ്സംഗതയോടെയാണ് കാണുന്നതെന്ന് അസോസിയേഷന്‍ ഫാമിലി വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ കെ അനീഷ് കുമാര്‍ സിറാജിനോട് പറഞ്ഞു. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം പുതിയ ഡിസ്‌പെന്‍സറികള്‍ തുടങ്ങാന്‍ താത്പര്യം കാണിച്ചെങ്കിലും ഡോക്ടര്‍മാരുടെ ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ തയ്യാറായിട്ടില്ല.

 

Latest