ഹൃദയാഘാതം; കാംബ്ലി ആശുപത്രിയില്‍

Posted on: November 29, 2013 11:49 pm | Last updated: November 29, 2013 at 11:49 pm

Vinod-Kambli-at-Lilavati-Hospitalമുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാംബ്ലിയെ മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ചെമ്പൂരില്‍ നിന്ന് ബാന്ദ്രയിലേക്ക് ഡ്രൈവ് ചെയ്ത് പോകുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാഹനം പെട്ടെന്ന് നിര്‍ത്തുകയായിരുന്നു. ഈ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് സംഭവം കണ്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
നേരത്തെ ഹൃദയ ധമനികളില്‍ തടസ്സം കണ്ടതിനെ തുടര്‍ന്ന് 2012 ജൂലൈയില്‍ ഇതേ ആശുപത്രിയില്‍ കാംബ്ലിയെ രണ്ട് തവണ ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. അദ്ദേഹം നിരീക്ഷണത്തിലാണെന്നും വിദഗ്ധ പരിശോധനക്ക് വിധേയനക്കാണമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ആരോഗ്യനിലയെക്കുറിച്ച് അധികൃതര്‍ കൂടുതല്‍ പ്രതികരിച്ചില്ല.
വരുന്ന ജനുവരി 18 ന് 42 വയസ് തികയാനിരിക്കുന്ന കാംബ്ലി ഇന്ത്യയ്ക്കു വേണ്ടി 17 ടെസ്റ്റുകളും 104 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കളിക്കൂട്ടുകാരനായ കാംബ്ലി, 1988 ല്‍ സ്‌കൂള്‍ കാലഘട്ടത്തില്‍ സച്ചിനുമായി ചേര്‍ന്ന് നേടിയ 664 റണ്‍സിന്റെ കൂട്ടുകെട്ടിന്റെ പേരിലാണ് ലോക ശ്രദ്ധയാകര്‍ഷിക്കുന്നത്. ഇടംകൈയന്‍ ബാറ്റ്‌സ്മാനായിരുന്ന കാംബ്ലി ആദ്യ എട്ട് ടെസ്റ്റ് ഇന്നിംഗ്‌സുകളിലായി രണ്ട് ഡബിള്‍ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും നേടിയ ബാറ്റ്‌സ്മാനായിരുന്നു. 17 ടെസ്റ്റില്‍ നിന്ന് 1,084 റണ്‍സും 104 ഏകദിനങ്ങളില്‍ നിന്ന് 2,477 റണ്‍സുമാണ് സമ്പാദ്യം. ഏകദിനത്തില്‍ രണ്ട് സെഞ്ച്വറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് 2009ലും ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങളില്‍ നിന്ന് 2011ലുമാണ് കാംബ്ലി വിരമിച്ചത്.