സിറാജ് യു എ ഇ ദേശീയ ദിനാഘോഷം ഇന്ന് അബൂദാബിയില്‍

Posted on: November 29, 2013 5:29 pm | Last updated: November 30, 2013 at 12:01 am

uae national dayഅബൂദബി: ഐക്യ അറബ് എമിറേറ്റിന്റെ തലസ്ഥാന നഗരി ദര്‍ശിച്ച ഏറ്റവും വലിയ ദേശീയ ദിനാഘോഷ സംഗമത്തിനാണ് ഇന്ന് വൈകിട്ട് 6.30 ന് അബൂദാബി സാക്ഷിയാവുക. ദേശീയതയുടെ സുവര്‍ണ നൂലില്‍ കോര്‍ക്കപ്പെട്ട നാടിന്റെ ആഘോഷത്തില്‍ വിദേശി സമൂഹത്തിന്റെ കയ്യൊപ്പ് ചേര്‍ക്കുന്നതാവും സിറാജ് ദേശീയ ദിനാഘോഷ പരിപാടികള്‍.

വേള്‍ഡ് എക്‌സ്‌പോ 2020 യുടെ വേദിയായി യു എ ഇയെ തെരഞ്ഞെടുക്കപ്പെട്ട ശുഭദിനത്തിനു പിന്നാലെ വന്ന ദേശീയ ദിനാഘോഷത്തിന് ആഹ്ലാദത്തിന്റെ പൗര്‍ണമി നിറയും. ഭാവിയുടെ വികസന സ്വപ്‌നങ്ങളെ നെഞ്ചോട് ചേര്‍ത്തു വെക്കുന്ന രാജ്യത്തിന് ആ ജൈത്രയാത്രയില്‍ ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് എക്‌സ്‌പോയുടെ വേദിയായി ദുബൈ തെരഞ്ഞെടുക്കപ്പെട്ടതിലൂടെ ലഭിച്ചിരിക്കുന്നത്. ദേശീയദിനാഘോഷത്തിലെ പ്രധാന ചര്‍ച്ചകളിലൊന്നുമായും ഇതു മാറും.
ഇന്ന് വൈകുന്നേരം 6. 30 മുതല്‍ അബൂദാബി എയര്‍പോര്‍ട്ട് റോഡില്‍ ഇത്തിഹാദ് പ്രസിനും ജസീറ ക്ലബ്ബിനും സമീപമുള്ള നാഷണല്‍ തിയേറ്ററും പരിസരവും ദേശീയ ദിനാഘോഷത്തിനെത്തുന്നവരുടെ വെണ്‍പ്രഭയില്‍ കുളിര്‍മയാകും. ഒരേ മനസ്സോടെ ഒരേ താളത്തില്‍ പോറ്റുമ്മയായ രാജ്യത്തിന്റെ ദേശീയ ദിനത്തില്‍ ആഹ്ലാദം പങ്കിടുന്ന ആയിരങ്ങളുടെ സംഗമ വേദിയായി നാഷണല്‍ തിയേറ്റര്‍ മാറും.

യു എ ഇ സാമൂഹിക യുവജനക്ഷേമ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍, ഇന്ത്യന്‍ ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ റഹ്മാന്‍ ഖാന്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും സിറാജ് ചെയര്‍മാനുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, എം കെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പത്മശ്രീ എം എ യൂസുഫലി, കര്‍ണാടക ആരോഗ്യ മന്ത്രി യു ടി ഖാദര്‍, അറബ് പ്രമുഖര്‍, അബുദാബി പോലീസ്, ഔഖാഫ്, നീതിന്യായ വകുപ്പ്, നഗരസഭ, അഡ്‌നോക് തുടങ്ങി വിവിധ വകുപ്പുകളിലെ മേധാവികള്‍, വാണിജ്യ പ്രമുഖര്‍ സാംസ്‌കാരികരംഗത്തെ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.

42 വര്‍ഷം പൂര്‍ത്തിയാക്കുന്ന യു എ ഇ, വിദേശീ സമൂഹങ്ങളോടു കാണിക്കുന്ന സ്‌നേഹത്തിനും മമതക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. വിദേശികളില്‍ ഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ സമൂഹത്തോട് മാനുഷിക സമീപനമാണ് യു എ ഇ കൈക്കൊള്ളുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും യു എ ഇ രൂപവത്കരണത്തോടെ അതിനു ശക്തി ലഭിക്കുകയായിരുന്നു. യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ ഈ ബന്ധം സുദൃഢമാക്കുന്നതിന് അക്ഷീണ പ്രയത്‌നമാണ് നടത്തിയത്. ഇന്ത്യന്‍ ഭരണ നേതൃത്വവും ഇതിനു സഹായകരമായ നിലപാട് സ്വീകരിച്ചു.

70കളോടെ ഇന്ത്യക്കാരുടെ കുടിയേറ്റം വന്‍തോതില്‍ യു എ ഇയിലേക്ക് ഉണ്ടായി. രാജ്യത്തെത്തിയ ഇന്ത്യക്കാരെ സ്വദേശികളെപ്പോലെ പരിഗണിച്ചാണ് ഇവിടുത്തെ ഭരണാധികാരികളും സ്വദേശികളും സ്വീകരിച്ചത്. ആ ബന്ധത്തിന്റെ ഊഷ്മളത ഇപ്പോഴും നിലനില്‍ക്കുന്നു. അറബ് രാജ്യങ്ങളില്‍ അടക്കം വിദേശ രാജ്യങ്ങളില്‍ അന്യദേശക്കാരായ തൊഴിലാളികള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോഴും മാനുഷിക നിലപാട് സ്വീകരിക്കുന്ന സമീപനമാണ് യു എ ഇ ഭരണകര്‍ത്താക്കള്‍ കൈക്കൊള്ളുന്നത്.

ഇന്ത്യന്‍ സമൂഹത്തെ, വിശേഷിച്ച് മലയാളികളെ സ്‌നേഹപൂര്‍വം പരിഗണിക്കുന്നത് യു എ ഇയിലെ സ്വദേശികളില്‍ വ്യാപകമാണെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയും യു എ ഇയും തമ്മിലുള്ള സാംസ്‌കാരികവാണിജ്യ വിനിമയം പൂര്‍വോപരി ശക്തിപ്പെട്ടുവരികയാണ്. യു എ ഇ ഇന്ത്യന്‍ സമൂഹത്തിന്റെ, രാജ്യത്തോടുള്ള പ്രതിബദ്ധത പ്രഖ്യാപിക്കുന്നതില്‍ ഇന്നത്തെ ദേശീയദിനാഘോഷ പരിപാടി പ്രത്യേകം പരിഗണിക്കപ്പെടുമെന്നത് തീര്‍ച്ചയാണ്.

ഐ സി എഫ്. യു എ ഇ യുടെയും അബുദാബി ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ കള്‍ച്ചറല്‍ സെന്ററിന്റെയും സഹകരണത്തോടെയാണ് സിറാജ് യു എ ഇ ദേശീയദിനം ആഘോഷിക്കുന്നത്. ചടങ്ങില്‍ കുഞ്ഞുമൊയ്തു കാവപ്പുര എഴുതിയ ഡത്ത് ഫോര്‍മാല്‍ട്ടീസ് എന്ന പുസ്തക പ്രകാശനവും നടക്കും.