Connect with us

Malappuram

വര്‍ഷങ്ങള്‍ പഴക്കമുള്ള ഓര്‍മകളുമായി അവര്‍ വീണ്ടും വിദ്യാലയത്തില്‍ ഒത്തുചേരുന്നു

Published

|

Last Updated

തിരൂരങ്ങാടി: 1995 മുതല്‍ പടിച്ചിറങ്ങിയവര്‍ മാതൃ വിദ്യാലയത്തില്‍ വീണ്ടും ഒത്തുചേരുന്നു. തിരൂരങ്ങാടി ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളാണ് അടുത്ത മാസം ഒന്നിന് ഓറിയന്റല്‍ ഓര്‍മയെന്ന പേരില്‍ സംഗമിക്കുന്നത്.
തിരൂരങ്ങാടി യതീംഖാനക്ക് കീഴിലെ ഈ സ്‌കൂളില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിദ്യാര്‍ഥികള്‍ പഠിച്ചിറങ്ങിയിട്ടുണ്ട്. പത്ത് കുട്ടികളുമായാണ് ആദ്യബാച്ച് തുടങ്ങിയത്. അഞ്ചാം ക്ലാസ് മുതല്‍ സ്‌കൂളിലുണ്ടായിരുന്നു. പിന്നീട് ഹയര്‍ സെക്കന്‍ഡറി ആരംഭിച്ചതോടെ യു പി വിഭാഗം യതീംഖാന ക്യാമ്പസിലേക്ക് മാറ്റി. വിദ്യാര്‍ഥി പ്രവേശനത്തിനും അധ്യാപക നിയമനത്തിനും പണം വാങ്ങുന്നില്ലെന്നത് ഇവിടത്തെ പ്രത്യേകതയാണ്.
യതീംഖാനയില്‍ അന്തേവാസികളായി എത്തുന്നവരുടെയെല്ലാം പഠന കളരിയാണ് സ്‌കൂള്‍. കൂടാതെ തിരൂരങ്ങാടിയിലെയും മറ്റു പ്രദേശങ്ങളിലെയും വിദ്യാര്‍ഥികളുടെ ആശ്രയമാണ്. യതീംഖാനയില്‍ പഠിച്ച് യോഗ്യത നേടുന്നവരാണ് ഇവിടെ അധ്യാപകരായ എത്തുന്നതിലേറെയും എന്ന പ്രത്യേകതയുണ്ട്. സ്‌കൂളില്‍ പഠിച്ച നിരവധി പേര്‍ വിവിധ രംഗങ്ങളില്‍ ഉയര്‍ച്ചയുടെ പടവുകള്‍ കയറിയിട്ടുണ്ട്.
പഠനത്തിലും അച്ചടക്കത്തിലും മുന്നില്‍ നില്‍ക്കുന്ന സ്‌കൂളില്‍ പഴയകാല ഓര്‍മകള്‍ പങ്ക് വെക്കുന്നതിനായി വിപുലമായ പരിപാടികളോടെയാണ് ആയിരങ്ങള്‍ ഒത്തുചേരുന്നത്. ഒന്നാം തിയതി രണ്ട് മണിക്ക് സംഗമത്തിന് തുടക്കമാകും. മന്ത്രി പി കെ അബ്ദുര്‍റബ്ബ് ഉദ്ഘാടനം ചെയ്യും.
വെബ്‌സൈറ്റ് ലോഞ്ചിംഗും നടക്കും. പഴയകാല അധ്യാപകരെ ആദരിക്കും. തുടര്‍ന്ന് ബാച്ച് മീറ്റുകള്‍ നടക്കും. വൈകുന്നേരം സ്‌കൂളിലെ അധ്യാപകനായിരുന്ന പരേതനായ റാഫി മാസ്റ്റര്‍ അനുസ്മരണ ഗാനവിരുന്ന് അരങ്ങേറും. സംഗമത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9562667340 നമ്പറില്‍ ബന്ധപ്പെടണമെന്ന് സംഘാടക സമിതി അറിയിച്ചു.

Latest