ബൈക്ക് ബസിനടിയില്‍; യുവാവ് രക്ഷപ്പെട്ടത് വിശ്വസിക്കാനാകാതെ നാട്ടുകാര്‍

Posted on: November 28, 2013 8:23 am | Last updated: November 28, 2013 at 8:23 am

തിരൂര്‍: നിയന്ത്രണം വിട്ട ബൈക്ക് ബസിനടിയില്‍ പെട്ടതോടെ നാട്ടുകാര്‍ തലയില്‍ കൈവച്ചു. മഹാഭാഗ്യമെന്നോണം യുവാവ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടതോടെ സംഭവം വിശ്വസിക്കാനാകാതെ നാട്ടുകാര്‍ അന്തംവിട്ടു. പെരിന്തല്‍മണ്ണ സ്വദേശിയും ഏഴൂരില്‍ താമസിക്കുന്നയാളുമായ ഇബ്‌റാഹിമാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ ഒമ്പതിന് തിരൂര്‍ സെന്‍ട്രല്‍ജംഗ്ഷനിലാണ് അപകടം. ഒരു സ്വകാര്യ സ്‌കൂളിലെ ബസിന്റെ അടിയില്‍ ബൈക്ക് പെടുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് തെറിച്ചുവീണ ഇയാള്‍ ബസിന്റെ ചക്രത്തിനടിയില്‍ പെടാതിരുന്നതിനാലാണ് രക്ഷപ്പെട്ടത്. ബൈക്ക് പൂര്‍ണമായും ബസിന്റെ താഴ്ഭാഗത്തായിരുന്നു.
സംഭവം നടന്നതോടെ ആളുകള്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനത്തിയെങ്കിലും ഇയാള്‍ രക്ഷപ്പെട്ടതറിഞ്ഞതോടെ എല്ലാവര്‍ക്കും ആശ്വാസമായി. നഗര മധ്യത്തിലായതിനാല്‍ ഇവിടെ ഏറെനേരം ഗതാഗതം താറുമാറായി. പിന്നീട് ക്രെയിന്‍ എത്തിച്ച് ബസ് ഉയര്‍ത്തിയാണ് ബൈക്ക് പുറത്തെടുത്തത്.