ബി എം എസ് മൂര്‍ക്കനാട് പഞ്ചായത്ത് ഓഫീസ് മാര്‍ച്ചില്‍ അക്രമം

Posted on: November 28, 2013 8:18 am | Last updated: November 28, 2013 at 8:18 am

കൊളത്തൂര്‍: മൂര്‍ക്കനാട്ടെ അംഗീകൃത മണല്‍ കടവില്‍ മണല്‍ തൊഴിലാളികളെ നിയമിച്ചതില്‍ ബി എം എസ് തൊഴിലാളികളെ അവഗണിച്ചെന്ന് ആരോപിച്ച് മൂര്‍ക്കനാട് പഞ്ചായത്ത് ഓഫീസിലേക്ക് ബി എം എസിന്റെ നേതൃത്വത്തില്‍ നടന്ന ഉപരോധ സമരം അക്രമാസക്തമായി.
ഇന്നലെ രാവിലെ പത്തിന് എടയൂര്‍ റോഡില്‍ നിന്നാരംഭിച്ച ഉപരോധം പഞ്ചായത്ത് ഓഫീസ് കവാടത്തില്‍ പോലീസ് തടഞ്ഞപ്പോള്‍ സമരക്കാര്‍ ഓഫീസിലേക്ക് തള്ളിക്കയറി. പഞ്ചായത്ത് സെക്രട്ടറിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞു തകര്‍ക്കുകയും കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.
കൊളത്തൂര്‍ എസ് ഐ വേലായുധന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സി ഐ ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പോലീസുകാരും പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. സംഭവത്തില്‍ 26 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇവരെ അറസ്റ്റ് ചെയ്ത് വിട്ടു. അക്രമത്തില്‍ രണ്ട് ലക്ഷം രൂപയുടെ നഷ്ടമുള്ളതായി പഞ്ചായത്ത് പ്രസിഡന്റ് എം ടി സലീന പറഞ്ഞു. പോലീസ് സൂപ്രണ്ട്, സി ഐ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പോലീസി ന്റെ അറിവോടെയാണ് അക്രമം നടത്തിയതെന്ന് ആരോപിച്ച് മൂര്‍ക്കനാട് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈകീട്ട് പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.