കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: അട്ടപ്പാടിയില്‍ പ്രക്ഷോഭത്തിന് കൂട്ടായ്മ

Posted on: November 28, 2013 8:09 am | Last updated: November 28, 2013 at 8:09 am

അഗളി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ അട്ടപ്പാടിയില്‍ പ്രതിഷേധവുമായി വിവിധ സംഘടനാ നേതാക്കളും മതവിഭാഗങ്ങളും സാമൂഹിക പ്രവര്‍ത്തകരും രംഗത്തെത്തി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ എന്ത് വിലകൊടുത്തും പോരാടാനാണ് തീരുമാനം. വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന സംഘടനകള്‍ ഒറ്റക്കെട്ടായി പോരാടണമെന്ന ആശയമാണ് ഉയര്‍ന്നത്. ഇതിന്റെ ‘ഭാഗമായി വിവിധ കര്‍ഷക സംഘടനകളും ക്ലബ്ബ് അംഗങ്ങളും മതസംഘടനകളും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ ഒന്നിച്ച് അണിനിരക്കാന്‍ തീരുമാനിച്ചു.
ജാതി-മത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായുള്ള നീക്കമായിരിക്കും ഇനി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ അട്ടപ്പാടിയിലുണ്ടാകുക. അട്ടപ്പാടിയിലൂടെ വിവിധ പ്രദേശങ്ങളില്‍ ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുന്നതിനെതിരെ പൊതുയോഗങ്ങളും സമരപ്രഖ്യാപനങ്ങളും നടന്നുവരികയാണ്. അട്ടപ്പാടിയിലെ കര്‍ഷകര്‍ക്ക് ജീവിക്കാനാകാത്ത തരത്തില്‍ കൂച്ചുവിലങ്ങിട്ടിരിക്കുകയാണ് അധികാരികളെന്ന് യോഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
1999 മുതല്‍ ഭൂനികുതി സ്വീകരിക്കാതെ പുതൂര്‍ പഞ്ചായത്തിലെ നൂറുക്കണക്കിന് കര്‍ഷകര്‍ ദുരിതത്തിലാണ്. ഭൂമി ക്രയവിക്രയത്തിന് എന്‍ ഒ സി നല്‍കാതെയും മിച്ചഭൂമി പ്രശ്‌നങ്ങളുന്നയിച്ചും ജണ്ടാ പ്രശ്‌നങ്ങളുന്നയിച്ചും ആദിവാസി സര്‍വേ ചൂണ്ടിക്കാട്ടിയും വനം, റവന്യൂ ഉദ്യോഗസ്ഥര്‍ കര്‍ഷക സ്വാതന്ത്യം ഇപ്പോള്‍തന്നെ ഹനിക്കുകയാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. നാല് പതിറ്റാണ്ട് മുമ്പുള്ള ഭൂമി സംബന്ധമായ മുഴുവന്‍ രേഖകളും കൈവശമുള്ള കര്‍ഷകനുവരെ ഉദ്യോഗസ്ഥ വൃന്ദത്തില്‍ നിന്നുള്ള ഉപദ്രവം നേരിടേണ്ടിവരുന്നു. നികുതി ഒടുക്കാനാകാത്തതിനാല്‍ ഭൂമി വില്‍ക്കുന്നതിനോ, വാങ്ങുന്നതിനോ പ്രകൃതിക്ഷോഭത്തിന് ആനുകൂല്യം ലഭിക്കുന്നതിനോ വീട് അനുവദിക്കുന്നതിനോ കര്‍ഷകന് കഴിയാതാകുന്നതായും കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു.
തലമുറകളായി നേടിയെടുത്ത കൃഷിഭൂമിയും കൃഷികളും തന്റേതെന്ന് അവകാശപ്പെടാനുള്ള യാതൊരു അധികാരവും കര്‍ഷകന് ഇല്ലാത്ത സ്ഥിതിവിശേഷം അട്ടപ്പാടിയില്‍ നിലനില്‍ക്കുന്നുണ്ട്. അട്ടപ്പാടി പരിസ്ഥിതി ദുര്‍ബല മേഖലയെന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വരുന്നതിന് വളരെ മുമ്പുതന്നെ ഇത്തരം നിയമങ്ങള്‍ അട്ടപ്പാടിയിലൂടെ പലഭാഗങ്ങളിലും അടിച്ചേല്‍പ്പിച്ചുകഴിഞ്ഞുവെന്ന് പൊതുയോഗങ്ങളില്‍ ജനങ്ങള്‍ പറയുന്നു. ഈയവസരത്തിലാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാറിന്റെ നീക്കം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഒരൊറ്റ കര്‍ഷകനേയും കുടിയിറക്കില്ലെന്നുള്ള വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്റെയും സോണിയാഗാന്ധിയുടെയും വാക്കാലുള്ള ഉറപ്പ് കര്‍ഷകര്‍ മുഖവിലക്കെടുക്കുന്നില്ല.