രാജേഷ് തല്‍വാറിന് ആശുപത്രി ജോലി; നുപൂറിന് അധ്യാപനവും

Posted on: November 28, 2013 12:43 am | Last updated: November 28, 2013 at 12:43 am

talwarsഗാസിയാബാദ്: ഏകമകളെയും വീട്ടുജോലിക്കാരനെയും കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രാജേഷ് തല്‍വാറും ഭാര്യ നുപൂര്‍ തല്‍വാറും ഗാസിയാബാദിലെ ദസ്‌ന ജയിലില്‍ ജോലി ചെയ്തു തുടങ്ങി. ജയില്‍ ആശുപത്രിയിലാണ് രാജേഷ് തല്‍വാറിന് ജോലി. 40 രുപയാണ് ഇദ്ദേഹത്തിന്റെ ദിവസ വേതനം. അതേസമയം നുപൂര്‍ തല്‍വാര്‍ ജയിലിലെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ക്ലാസെടുക്കും.
ഡോക്ടര്‍മാര്‍ ഉറങ്ങാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ജയിലിലെ ആദ്യ ദിവസം രണ്ട് പേരും രാത്രി മുഴുവന്‍ നോവല്‍ വായിച്ചിരിക്കുകയായിരുന്നുവെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. രണ്ട് പേര്‍ക്കും സൈക്കോളജിക്കല്‍ തെറാപ്പി നല്‍കാനുള്ള ശ്രമത്തിലാണെന്ന് ജയില്‍ സൂപ്രണ്ട് വിരേഷ് രാജ് ഷര്‍മ പറഞ്ഞു. കോടതി വിധിക്കെതിരെ അലഹാബാദ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഇവരുടെ അഭിഭാഷകന്‍ വ്യക്തമാക്കി. അപൂര്‍വത്തില്‍ അപൂര്‍വമായ കേസായി ഇതിനെ പരിഗണിച്ച് ദമ്പതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് നേരത്തെ സി ബി ഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ സമൂഹത്തിന് ഭീഷണിയല്ലെന്ന് കാണിച്ച് കോടതി ഈ ആവശ്യം നിരാകരിക്കുകയായിരുന്നു.