പിണറായിക്ക് സ്‌നേഹനിര്‍ഭരമായ വരവേല്‍പ്പ്

Posted on: November 27, 2013 12:20 am | Last updated: November 27, 2013 at 12:20 am

പാലക്കാട്: സി പി ഐ എമ്മിന്റെ അമരക്കാരന് പാലക്കാടന്‍ ജനതയുടെ സ്‌നേഹനിര്‍ഭരമായ വരവേല്‍പ്പ്. പാര്‍ട്ടിക്ക് കൂടുതല്‍ തിളക്കവും കരുത്തുമേകാനായി ചേരുന്ന പ്ലീനത്തിന് എത്തിയ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ അത്യന്തം ആവേശത്തോടെയാണ് പാര്‍ടിപ്രവര്‍ത്തകരും പൊതുജനങ്ങളുംചേര്‍ന്ന് ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ സ്വീകരിച്ചത്. ലാവ്‌ലിന്‍ കേസില്‍നിന്ന് കോടതി കുറ്റവിമുക്തനാക്കിയ ശേഷം ആദ്യമായാണ് പിണറായി പാലക്കാട് ജില്ലയിലെത്തുന്നത്.
രാവിലെ കോഴിക്കോട് നിന്ന് ഷൊര്‍ണൂരിലെത്തി അവിടെ നിന്ന് ധാന്‍ബാദ് എക്‌സ്പ്രസിലാണ് പാലക്കാടെത്തിയത്. ഷൊര്‍ണൂരില്‍ പിണറായി അല്‍പ്പ സമയമുണ്ടാകുമെന്ന വിവരം പുറത്തറിഞ്ഞതോടെ ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലും നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും പൊതുജനങ്ങളും അഭിവാദ്യവുമായെത്തി.
ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ രാവിലെ 10.30നാണ് ട്രെയിന്‍ എത്തിയത്. പ്രിയപ്പെട്ട നേതാവിനെ കാണാനും അഭിവാദ്യമര്‍പ്പിക്കാനും രാവിലെത്തന്നെ നൂറുക്കണക്കിനാളുകള്‍ സ്‌റ്റേഷനില്‍ എത്തിയിരുന്നു. പിണറായിക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള ബാനറും ചെങ്കൊടിയുമായി എത്തിയ ജനങ്ങള്‍ ട്രെയിന്‍ വന്നതോടെ ഇളകിമറിഞ്ഞു.
വണ്ടിയില്‍നിന്ന് പുറത്തിറങ്ങിയ പിണറായിയുടെ കൈപിടിക്കാനും ഹാരമണിയിക്കാനും പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും മത്സരിച്ചു. ആയിരക്കണക്കിനാളുകളുടെ അകമ്പടിയോടെ പാര്‍ട്ടി ബാന്റ്‌സെറ്റ് പ്രിയ സഖാവിനെ സ്‌റ്റേഷനു പുറത്തേക്ക് ആനയിച്ചു. സ്‌റ്റേഷനില്‍ നിന്ന് സി പി ഐ എം ജില്ലാ കമ്മിറ്റി ഓഫീസിലേക്കാണ് പിണറായി പോയത്.