പ്ലീനം കഴിയുന്നതോടെ പാര്‍ട്ടി ഔദ്യോഗിക പക്ഷത്തിന്റെ കൈകളില്‍ ഭദ്രമാകും

Posted on: November 27, 2013 12:18 am | Last updated: November 27, 2013 at 12:18 am

പാലക്കാട്: അത്യാവശ്യഘട്ടങ്ങളില്‍ പാര്‍ട്ടിവിളിച്ചു ചേര്‍ക്കുന്ന പ്രത്യേകസമ്മേളനമാണ് പ്ലീനം. ഇതിനു മുമ്പ് സംസ്ഥാനത്ത് മൂന്ന് പ്ലീനങ്ങളാണ് നടന്നിട്ടുള്ളത്. വിഭാഗീയത അടക്കമുള്ള പാര്‍ട്ടിയുടെ ദൗര്‍ബല്യങ്ങളാണ് പ്ലീനത്തില്‍ ചര്‍ച്ചചെയ്യുക.
പാര്‍ട്ടിയുടെ പ്രത്യേക സമ്മേളനങ്ങളാണ് പ്ലീനമെന്ന പേരില്‍ ചേരുന്നത്. പ്രത്യയശാസ്ത്ര പ്രശ്‌നങ്ങളും രാഷ്ട്രീയ പ്രശ്‌നങ്ങളും സംഘടനപ്രശ്‌നങ്ങളും ചര്‍ച്ചചെയ്യുന്നതിനുമാണ് പ്ലീനങ്ങള്‍ വിളിച്ചുചേര്‍ക്കുക.
1968 ജനുവരി രണ്ടു മുതല്‍ ഏഴ് വരെ എറണാകുളത്ത് നടന്ന പ്ലീനത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിനെത്തുടര്‍ന്നുണ്ടായ കേരളസാഹചര്യമുള്‍പ്പെടെ അന്നത്തെ സുപ്രധാന രാഷ്ട്രീയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്.
1970 ഡിസംബര്‍ മൂന്ന് മുതല്‍ അഞ്ചു വരെ തലശ്ശേരിയില്‍ നടന്ന പ്ലീനം ചര്‍ച്ചചെയ്തത് 1969 ലെ സപ്തകക്ഷി സര്‍ക്കാര്‍ തകര്‍ന്നതിനെത്തുടര്‍ന്നുള്ള രാഷ്ട്രീയ വിഷയങ്ങളാണ്. 1981 ഏപ്രില്‍ നാലു മുതല്‍ ഒമ്പതു വരെ തിരുവനന്തപുരത്താണ് അവസാനമായി സംസ്ഥാന പ്ലീനം നടന്നത്. 1978 ല്‍ സാല്‍ക്കിയയില്‍ നടന്ന അഖിലേന്ത്യാ പ്ലീനം ചൂണ്ടിക്കാട്ടിയ കേരള പാര്‍ട്ടിയിലെ ദൗര്‍ബല്യങ്ങളായിരുന്നു അന്നത്തെ പ്ലീനത്തിലെ മുഖ്യചര്‍ച്ച.
സംസ്ഥാന കമ്മിറ്റി കേന്ദ്രകമ്മിറ്റിയില്‍നിന്ന് പ്രത്യേകം അനുമതി വാങ്ങിയാണ് നാലാമത് പ്ലീനം നാളെ പാലക്കാട് തുടങ്ങുന്നത്. വി‘ാഗീയതയാണ് പാര്‍ട്ടി കാണുന്ന പ്രധാന ദൗര്‍ബല്യം.
സംഘടന വിവിധ വിഷയങ്ങളില്‍ ഉയര്‍ത്തികാട്ടിയ നയ,നിലപാടുകളിലെ പാളിച്ചകള്‍, വിവിധ വിഭാഗങ്ങളോട് പാര്‍ട്ടി പുലര്‍ത്തുന്ന സമീപനങ്ങളിലെ ശരി, തെറ്റുകള്‍ എന്നിവ ചര്‍ച്ചയാവാന്‍ സാധ്യതയില്ല.
പാലക്കാട് പ്ലീനത്തിനുശേഷം ഔേദ്യാഗിക വിഭാഗം നയിക്കുന്ന വിധത്തിലായിരിക്കും പാര്‍ട്ടിയുടെ മൊത്തം സംവിധാനങ്ങളും സഞ്ചരിക്കുക.