ഇസ്‌ലാമിക സമ്പദ്ഘടന: ഉച്ചകോടിക്ക് പ്രോജ്വല തുടക്കം

Posted on: November 26, 2013 5:46 pm | Last updated: November 26, 2013 at 5:46 pm

ദുബൈ: ആഗോള ഇസ്‌ലാമിക സമ്പദ്ഘടനാ ഉച്ചകോടിക്ക് ഉജ്വല തുടക്കം. മദീനാ ജുമൈറയില്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 3,000 ഓളം പ്രതിനിധികളുടെ സാന്നിധ്യത്തില്‍, യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. ഇസ്‌ലാമിക സമ്പദ് വ്യവസ്ഥക്ക് സംഭാവനകള്‍ അര്‍പ്പിച്ച 14 പേരെ ശൈഖ് മുഹമ്മദ് ഉപഹാരം നല്‍കി ആദരിച്ചു. സമഗ്ര സംഭാവനാ പുരസ്‌കാരം സഊദി അറേബ്യയിലെ ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബേങ്ക് പ്രസിഡന്റ് അഹ്മദ് അലി അല്‍ മദനി നേടി.

ഉദ്ഘാടന സമ്മേളനത്തില്‍ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ശൈഖ് മാജിദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ശൈഖ് മന്‍സൂര്‍ ബിന്‍ റാശിദ് അല്‍ മക്തൂം തുടങ്ങിയവര്‍ പങ്കെടുത്തു.
ഇസ്‌ലാമിക സമ്പദ് വ്യവസായം വളര്‍ച്ചയുടെ ഇരട്ട അക്കത്തിലേക്ക് കടന്നിട്ടുണ്ടെന്ന് യു എ ഇ ധനകാര്യ സഹമന്ത്രി ഉബൈദ് ഹുമൈദ് അല്‍ തായര്‍ പറഞ്ഞു- മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇസ്‌ലാമിക സാമ്പത്തികം, യാത്ര, വിനോദസഞ്ചാരം, ഭക്ഷണം, മരുന്ന് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മേഖലകളെ അത് സ്പര്‍ശിക്കുന്നുണ്ടെന്നും മന്ത്രി ഉബൈദ് ഹുമൈദ് അല്‍ തായര്‍ പറഞ്ഞു.
ഇസ്‌ലാമിക ജീവിത ശൈലിയുടെ സമസ്ത തലങ്ങളെയും സ്പര്‍ശിക്കുന്നതാണ് ‘ശരീഅ സമ്പദ് വ്യവസ്ഥ’യെന്ന് ഉദ്‌ഘോഷിച്ചാണ് ഇസ്‌ലാമിക സാമ്പത്തിക ഉച്ചകോടി ആരംഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 3,000 പ്രതിനിധികള്‍ എത്തിയിട്ടുണ്ട്. ഇവര്‍ മുന്നോട്ടുവെക്കുന്ന സാധ്യതകള്‍ 6.7 ദശലക്ഷം ഡോളറിന്റേതാണ്. ഭക്ഷണം, അതിഥിസല്‍ക്കാരം (ഹോട്ടല്‍ ഉള്‍പ്പെടെ), ബേങ്കിംഗ്, വസ്ത്ര വ്യവസായം, മാധ്യമരംഗം തുടങ്ങി വിവിധ തലങ്ങളില്‍ ഇസ്‌ലാമിക സമ്പദ് വ്യവസ്ഥ തഴച്ചുവളരുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ലോകമാകെ, ഇസ്‌ലാമിക വഴിയില്‍ ഭക്ഷണത്തിനും ജീവിതശൈലിക്കും ചെലവുചെയ്യുന്നത്. നിലവില്‍ 1.62 ദശലക്ഷം ഡോളറാണ്. ഇസ്‌ലാംമത വിശ്വാസികള്‍ക്ക് നിഷിദ്ധമല്ലാത്ത ഭക്ഷണങ്ങള്‍, വേഷവിധാനങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് ചെലവ് ചെയ്യുന്നത്. 2018 ഓടെ 2.47 ദശലക്ഷം ഡോളറിന്റെ ഇടപാടുകള്‍ നടക്കുമെന്നാണ് പ്രതീക്ഷ. ദുബൈ ഭരണകൂടവും തോംസണ്‍ റോയിട്ടേഴ്‌സും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇത് വെളിവായിരിക്കുന്നത്.
ഇസ്‌ലാമി സമ്പദ് വ്യവസ്ഥയുടെ ആഗോള കേന്ദ്രമായി ദുബൈയെ മാറ്റിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഉച്ചകോടി. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരം വലിയ ഉദ്യോഗസ്ഥവൃന്ദം ഇതിനുവേണ്ടി പ്രവര്‍ത്തിച്ചു. മലേഷ്യ, സഊദി അറേബ്യ, തുര്‍ക്കി, ഇന്തോനേഷ്യ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന പ്രതിനിധികളെ ക്ഷണിച്ചു. അവര്‍, ഇസ്‌ലാമി സമ്പദ് വ്യവസ്ഥയെക്കുറിച്ച് ആഴത്തില്‍ ചര്‍ച്ച നടത്തുന്നു. മലേഷ്യയാണ് ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയുടെ സാധ്യതകളെ ഏറെ ചൂഷണം ചെയ്ത രാജ്യം. പക്ഷേ, അവര്‍ക്ക് വൈവിധ്യതയെ പുണരാന്‍ കഴിയാത്തതിനാല്‍ മന്ദീഭവിച്ചു. ഇനി, ദുബൈ കേന്ദ്രീകരിച്ച് യു എ ഇക്കാണ് സാധ്യത.
ഭക്ഷ്യമേഖലയില്‍ കനത്ത സാധ്യതയാണ് ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥക്കുള്ളതെന്ന് പ്രതിനിധികള്‍ പറഞ്ഞു. ഇസ്‌ലാമിക ഉത്പന്നങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.