ദുബൈ കെ എം സി സി കലോത്സവം: നവംബര്‍ 29ന്

Posted on: November 26, 2013 5:44 pm | Last updated: November 26, 2013 at 5:44 pm

kmccദുബൈ: യു എ ഇയുടെ നാല്‍പ്പത്തി രണ്ടാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെ എം സി സി നടത്തുന്ന കലോത്സവം ഈ മാസം 29 ന് വെള്ളിയാഴ്ച കാലത്ത് 8മണി മുതല്‍ ഖര്‍ഹൂദ് എന്‍ ഐ മോഡല്‍ സ്‌കൂളില്‍ വെച്ച് നടക്കും. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മാന്വല്‍ പ്രകാരമുള്ള നിയമങ്ങളുടെയും നിബന്ധനകളുടെയും അടിസ്ഥാനത്തില്‍ വ്യക്തികത ഇനത്തിലും ഗ്രൂപ്പ് ഇനത്തിലുമായി നടക്കുന്ന സ്‌റ്റേജ്, സ്‌റ്റേജിതര മത്സരങ്ങളില്‍ അഞ്ഞൂറിലധികം കലാ പ്രതിഭകള്‍, കഥ, കവിത, പ്രന്ധം, ചിത്രരചന, പെയിന്റിംഗ്, കാര്‍ട്ടൂണ്‍, മാപ്പിളപ്പാട്ട് അറബി ഗാനം, ഉര്‍ദു ഗാനം, കവിതാ, പാരായണം, പ്രസംഗം(ഇഗ്ലീഷ്,മലയാളം), മിമിക്രി, മോണോആക്റ്റ് , ഒപ്പന, കോല്‍ക്കളി ദഫ്മുട്ട്, അറബന മുട്ട് എന്നീ ഇനങ്ങളിലായി ജില്ലകള്‍ തമ്മില്‍ മാറ്റുരക്കും.

കലാ സാഹിത്യ മത്സരത്തിലെ കഴിഞ്ഞ വര്‍ഷത്തെ കിരീട നേട്ടം മറ്റു ജില്ലകളില്‍ നിന്ന് ഉയരുന്ന ശക്തമായ വെല്ലുവിളികള്‍ക്കിടയിലും ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ് കണ്ണൂര്‍ ജില്ല. ഈ വര്‍ഷത്തെ കായിക കിരീടം സ്വന്തമാക്കിയ മലപ്പുറം ജില്ല കലാ കിരീടം കൂടി സ്വന്തം ആക്കി ഇരട്ട കിരീടം ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. കായിക രംഗത്ത് തീര്‍ത്തും ഈ വര്‍ഷം നിറം മങ്ങി പോയ കോഴിക്കോട് കലയില്‍ തിളക്കമാര്‍ന്ന പ്രകടനം നടത്താനുള്ള വാശിയിലാണ്. തുടക്കത്തിലേ ക്വിസ് മത്സരത്തിലെ വിജയവും സംവാദത്തിലെ രണ്ടാം സ്ഥാനവും കോഴിക്കോടിനു പുത്തന്‍ ഉണര്‍വ്വ് നല്‍കിയിട്ടുണ്ട് . കായിക കരുത്തില്‍ കോഴിക്കോടിനെ പോലെ തന്നെ താഴേക്ക് കൂപ്പ് കുത്തിയ കാസര്‍കോട് കലയില്‍ ശക്തമായ സാന്നിധ്യം പ്രകടമാക്കി നേട്ടങ്ങള്‍ കൊയ്യാനുള്ള ഒരുക്കലാണ് .