അവയവദാന ദിനാചരണവും സമ്മതപത്ര സമര്‍പ്പണവും നാളെ

Posted on: November 26, 2013 11:11 am | Last updated: November 26, 2013 at 11:11 am

വടകര: തിരുവള്ളൂര്‍ ശാന്തിനികേതന്‍ സെക്കന്‍ഡറി സ്‌കൂള്‍ ജൂനിയര്‍ റെഡ്‌ക്രോസ് അംഗങ്ങളുടെ നേതൃത്വത്തില്‍ ലോക അവയവദാന ദിനമായ നാളെ അവയവദാന ദിനാചരണവും സമ്മതപത്ര സമര്‍പ്പണവും നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ അറിയിച്ചു.
ആദ്യഘട്ടത്തില്‍ സ്‌കൂള്‍ അധ്യാപകരും അധ്യാപകേതര ജീവനക്കാരും രക്ഷാകര്‍തൃ പ്രതിനിധികളും സമ്മതപത്രം നല്‍കും. രണ്ടാം ഘട്ടത്തില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും മൂന്നാം ഘട്ടത്തില്‍ തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളുടെയും സമ്മതപത്രം വാങ്ങി അവയവദാന ഗ്രാമമാക്കി പഞ്ചായത്തിനെ മാറ്റുമെന്നും ഇവര്‍ പറഞ്ഞു.
ഇതിന്റെ തുടര്‍പ്രവര്‍ത്തനമെന്ന നിലയില്‍ പഞ്ചായത്ത് മുഴുവന്‍ അവയവദാന ബോധവത്കരണ പരിപാടി നടക്കും. പരിപാടിയുടെ ഉദ്ഘാടനം നാളെ വൈകീട്ട് മൂന്ന് മണിക്ക് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കും.
പി ടി എ പ്രസിഡന്റ് എടാടി മൊയ്തു സമ്മതപത്രം സമര്‍പ്പിക്കും. ഡോ. ജ്യോതികുമാര്‍ ഏറ്റുവാങ്ങും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം കണ്‍വീനര്‍ എം അജിതകുമാരി, ചെയര്‍മാന്‍ എടാടി മൊയ്തു, ജെ ആര്‍ സി കൗണ്‍സിലര്‍ കെ പ്രദീപ് കുമാര്‍, സി കെ നാണു പങ്കെടുത്തു.