Connect with us

International

ഇറാന്‍ ആണവ കരാര്‍: ലക്ഷ്യത്തിലെത്താന്‍ കടമ്പകള്‍ ഏറെ

Published

|

Last Updated

ജനീവ: ഇറാനുമായി അമേരിക്കയുടെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന ആണവ കരാര്‍ പ്രാബല്യത്തില്‍ വരാന്‍ കടമ്പകളേറെ. റഷ്യയുടെയും ഫ്രാന്‍സിന്റെയും പിന്തുണയും അമേരിക്കയുടെ അനുകൂല സമീപനങ്ങളുമുണ്ടെങ്കിലും ദുര്‍ഘട പാത താണ്ടിയേ കരാര്‍ ലക്ഷ്യത്തിലെത്തൂവെന്നാണ് നിരീക്ഷകരുടെ അനുമാനം.
ജനീവയില്‍ നടക്കുന്ന ചര്‍ച്ചകള്‍ ലക്ഷ്യത്തിലേക്ക് നീങ്ങുന്നുവെന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നത്. ഇറാന്‍ തങ്ങളുടെ ആണവ നയത്തില്‍ കൂടുതല്‍ സുതാര്യത ഉറപ്പു നല്‍കിയാതാണ് ചര്‍ച്ചകള്‍ക്ക് ശരവേഗമുണ്ടാകാന്‍ കാരണം.
എന്നാല്‍ ആണവ അവകാശം അടിയറവെക്കില്ലെന്ന ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുടെ നിലപാട് ഇറാന്‍ ആവര്‍ത്തിക്കുകയും ചെയ്തു.
യു എസിന് വേണ്ടി വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും ഇറാന്‍ വിദേശകാര്യ മന്ത്രിയുമാണ് അവസാനം കരാറിന്റെ കരട് ചര്‍ച്ച ചെയ്തത്. യുറേനിയം സമ്പുഷ്ടീകരണം സംബന്ധിച്ച ആശങ്കകള്‍ ഇപ്പോഴും തങ്ങള്‍ക്കുണ്ടെന്ന നിലപാടാണ് ഒടുവില്‍ അമേരിക്ക പങ്കുവെക്കുന്നത്.
ഇത് തന്നെയാണ് പ്രശ്‌നങ്ങളുടെ കാരണവും. ഇറാന്‍ കരാറിന് തയ്യാറാകുന്നതോടെ ഉപരോധം ഉള്‍പ്പെടെ പിന്‍വലിക്കാന്‍ തയ്യാറാണെന്ന് അമേരിക്കയും സഖ്യ രാജ്യങ്ങളും അറിയിച്ചു കഴിഞ്ഞു.
എന്നാല്‍ ജനീവ ചര്‍ച്ച ചരിത്രപരമായ മണ്ടത്തരമാണെന്ന നിലപാടുമായി ഇസ്‌റാഈല്‍ രംഗത്തു വന്നു. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് ഇക്കാര്യം അറിയിച്ചത്. ഇറാന്റെ ഭീഷണി കൂട്ടുന്ന നടപടിയാണിതെന്നാണ് ഇസ്‌റാഈലിന്റെ ആരോപണം. തന്റെ പാര്‍ട്ടി ഇറാന് മേല്‍ കൂടുതല്‍ ഉപരോധം വരുത്തണമെന്നാണ് ആവശ്യപ്പെടുന്നതെന്നും ഇക്കാര്യം ഇസ്‌റാഈല്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യു എസിനെ കൂടാതെ ചൈന, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി രാജ്യങ്ങളാണ് ജനീവ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഇറാന് ആദ്യഘട്ടത്തില്‍ ആറ് മാസം ഉപരോധം നീക്കുന്നതിനാണ് ധാരണ ഉണ്ടായിരിക്കുന്നത്. ഏഴ് ബില്യന്‍ ഡോളറിന്റെ നേട്ടമാണ് ഇതുമൂലം ഇറാനുണ്ടാകുക.
ആണവ കരാരില്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത് വലിയ പ്രതിസന്ധി ഘട്ടമാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ജോണ്‍ കെറി പറഞ്ഞു. സുതാര്യത, പരിശോധന, ഉത്തരവാദിത്വം എന്നിവ കരാറില്‍ ഇരു പക്ഷത്തുമുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ വന്‍തോതില്‍ യുറേനിയം സമ്പുഷ്ടീകരിക്കുന്നുവെന്നാണ് പാശ്ചാത്യര്‍ ആരോപിച്ചിരുന്നത്.
എന്നാല്‍ ഇറാന് മേലുള്ള ഉപരോധങ്ങള്‍ പിന്‍വലിച്ചാല്‍ ഊര്‍ജ ആവശ്യത്തിന് വേണ്ടി ഇറാന് ആണവ സമ്പുഷ്ടീകരണം ആവശ്യമായി വരില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് ള്വരീഫ് പറഞ്ഞു.
ഈ ആഴ്ച മുതല്‍ ഡിസംബര്‍ അവസാനത്തോടെ ഇറാന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ടി വി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അതേസമയം, കരാറിനുള്ള ഇസ്‌റാഈലിന്റെ എതിര്‍പ്പിനെ തണുപ്പിക്കാന്‍ യു എസ് ശ്രമം തുടങ്ങി. പ്രസിഡന്റ് ബറാക് ഒബാമ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി.
ഇസ്‌റാഈലിന്റെ ആശങ്കകള്‍ മനസ്സിലാക്കുന്നതായും ഇസ്‌റാഈലിന്റെ സുരക്ഷക്ക് ഇറാന്‍ ആണവകരാര്‍ ഭീഷണിയാകില്ലെന്നും ഒബാമ പറഞ്ഞു. ജോണ്‍ കെറിയും ഇസ്‌റാഈലിന്റെ ആശങ്ക തള്ളിക്കളഞ്ഞിട്ടുണ്ട്.

Latest