സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളക്ക് കൊടിയുയര്‍ന്നു

Posted on: November 26, 2013 12:13 am | Last updated: November 26, 2013 at 12:13 am

sasthra mela 2013-knrകണ്ണൂര്‍: 47ാമത് സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളക്ക് കണ്ണൂരില്‍ കൊടിയുയര്‍ന്നു. പ്രധാന വേദിയായ കണ്ണൂര്‍ മുനിസിപ്പല്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ബിജു പ്രഭാകര്‍ പതാകയുയര്‍ത്തിയതോടെയാണ് അഞ്ച് ദിനം നീണ്ടുനില്‍ക്കുന്ന മേളക്ക് തുടക്കമായത്. മത്സരങ്ങള്‍ ഇന്ന് കണ്ണൂരിലെ ആറ് വേദികളില്‍ ആരംഭിക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി 5,305 പ്രതിഭകളാണ് മേളയില്‍ മാറ്റുരക്കുന്നത്. രജിസ്‌ട്രേഷന്‍ ഇന്നലെ വൈകുന്നേരത്തോടെ പൂര്‍ത്തിയായിട്ടുണ്ട്. അപ്പീലുകളിലൂടെയും മത്സരാര്‍ഥികള്‍ എത്തിയിട്ടുണ്ട്.
സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹിക ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ ടി, വൊക്കേഷനല്‍ എക്‌സ്‌പോ കരിയര്‍ മേളയുടെ ഉദ്ഘാടനം വര്‍ണാഭമായ ചടങ്ങില്‍ ഇന്നലെ വൈകുന്നേരം വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുര്‍റബ്ബ് നിര്‍വഹിച്ചു.
കുട്ടികളില്‍ വലിയ സിദ്ധികളുണ്ടെന്നും അവ കണ്ടെത്തി അംഗീകാരം നല്‍കുകയാണ് ഇത്തരം മേളകളുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കൃഷി മന്ത്രി കെ പി മോഹനന്‍ അധ്യക്ഷത വഹിച്ചു.
ശാസ്ത്രനേട്ടങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ അതിനെ ചെറുക്കാനുള്ള കണ്ടുപിടിത്തങ്ങളും ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. നാഷനല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്റെ ഇഗ്‌നൈറ്റ് 13 നാഷനല്‍ അവാര്‍ഡ് ജേതാവ് തിരുവനന്തപുരം തിരുമല എ എം എച്ച് എസ് എസ് വിദ്യാര്‍ഥി അതീര്‍ഥ് ചന്ദ്രനെ മന്ത്രി ആദരിച്ചു. ശാസ്ത്രമേളയുടെ സുവനീര്‍ മന്ത്രി പ്രകാശനം ചെയ്തു. അഡ്വ. സണ്ണി ജോസഫ് എം എല്‍ എ, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍, നഗരസഭാ ചെയര്‍പേഴ്‌സന്‍ റോഷ്‌നി ഖാലിദ്, കൗണ്‍സിലര്‍ സി സീനത്ത്, മുഹമ്മദലി വിളക്കോട്ടൂര്‍ പ്രസംഗിച്ചു.
മുനിസിപ്പല്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചൊവ്വ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എളയാവൂര്‍ സി എച്ച് എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
മത്സരങ്ങള്‍ ഇന്ന് കാലത്ത് 9.30 മുതല്‍ ആരംഭിക്കും. മേളയില്‍ പങ്കെടുക്കുന്ന പ്രതിഭകള്‍ക്ക് കണ്ണൂരിലും പരിസരങ്ങളിലുമുള്ള 15 സ്‌കൂളുകളിലാണ് താമസസൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്.