കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ വനാവകാശ നിയമം അട്ടിമറിക്കപ്പെടും: പിണറായി

Posted on: November 25, 2013 1:11 pm | Last updated: November 26, 2013 at 7:51 am

കല്‍പറ്റ: പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അതേപടി നടപ്പാക്കിയാല്‍ വനാവകാശ നിയമം പോലും അട്ടിമറിക്കപ്പെടുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്താവിച്ചു. വനവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ആദിവാസികളുടെ കൈവശഭൂമിക്ക് പട്ടയം ലഭിക്കാനുള്ള സാധ്യതയും ഇത് ഇല്ലാതാക്കും. ആദിവാസി ക്ഷേമ സമിതി ജില്ലാ സമ്മേളന സമാപന പൊതുയോഗം കല്‍പറ്റയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷണത്തെ പ്രോല്‍സാഹിപ്പിക്കുകയും അതിനായി യന്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയ കൂട്ടായ്മയാണ് എല്‍ ഡി എഫിന്റേത്. എന്നാല്‍ കേവല പരിസ്ഥിതി വാദവും ജനങ്ങളെ പരിഗണിക്കാതുള്ള പരിസ്ഥിതി സംരക്ഷണവും അംഗീകരിക്കാനാവില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അതേപടി നടപ്പാക്കുന്നത് കര്‍ഷകരുടെ ജീവിതം ദുരിതപൂര്‍ണമാക്കും. അതിനാല്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് നിര്‍ത്തിവെച്ച് ജനങ്ങളുടെ പ്രതിനിധികളെയും വിവിധ മേഖലകളിലെ ശാസ്ത്രജ്ഞരെയും ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ച് ഇതേകുറിച്ച് ആഴത്തില്‍ പഠിക്കുകയാണ് വേണ്ടത്. ആദിവാസി ജനവിഭാഗങ്ങളെ തീവ്രവാദത്തിലേക്ക് തള്ളിവിടരുതെന്ന് ആദിവാസി ക്ഷേമസമിതി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. തീവ്രവാദികളുടെ കൈകളിലേക്ക് ആദിവാസികളെ എറിഞ്ഞുകൊടുക്കുന്ന സര്‍ക്കാര്‍ നിലപാടുകള്‍ അടിയന്തരമായി അവസാനിപ്പിക്കണം.ആദിവാസി ജനത വംശനാശഭീഷണി നേരിടുകയാണ്. ശിശുമരണനിരക്കും പ്രസ വത്തോടെയുള്ള അമ്മമാരുടെ മരണ നിരക്കും വര്‍ധിച്ചു. പോഷകാഹാരക്കുറവ് ആദിവാസി ജനവിഭാഗങ്ങളില്‍ വ്യാപകമാണ്. മദ്യാസക്തി രോഗമായി മാറി. ഭൂമി പ്രശ്‌നം പരിഹരിച്ചിട്ടില്ല. ആദിവാസികളുടെ വിവിധങ്ങളായ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. വയനാട്ടുകാരിയായ പട്ടികവകുപ്പ് മന്ത്രി ഇവരുടെ ദുരിതങ്ങള്‍ അകറ്റാന്‍ ഒന്നും ചെയ്യുന്നില്ല.
ആദിവാസി ക്ഷേമസമിതി വയനാട് ജില്ലാ പ്രസിഡന്റായി സീതാബാലനെയും സെക്രട്ടറിയായി പി വാസുദേവനെയും വീണ്ടും തിരഞ്ഞെടുത്തു. മൂന്നാം തവണയാണ് ഇവര്‍ ജില്ലാ ഭാവാഹികളാകുന്നത്. 39 അംഗം ജില്ലാകമ്മറ്റിക്കും ജില്ലാസമ്മേളനം രൂപം നല്‍കി. മറ്റ് ഭാരവാഹികള്‍: വി കേശവന്‍, കെ കെ അച്ചപ്പന്‍, കെ രാമചന്ദ്രന്‍ (വൈസ് പ്രസിഡന്റുമാര്‍), ആര്‍ രതീഷ്, ഒ ആര്‍ കേളു, കെ ബാലന്‍ (ജോയിന്റ് സെക്രട്ടറിമാര്‍) ഇ എ ശങ്കരന്‍ (ട്രഷറര്‍). വൈകിട്ട് നൂറുക്കണക്കിന് പേര്‍ അണി നിരന്ന റാലിയും പൊതുസമ്മേളനവും നടന്നു. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസംഗിച്ചു. കെ സി കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.