രണ്ടാം ദിനവും പാലക്കാടിന് സ്വന്തം

Posted on: November 25, 2013 7:49 am | Last updated: November 25, 2013 at 7:49 am

school meetകൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ രണ്ടാം ദിനവും പാലക്കാട് കുതിപ്പ് തുടരുന്നു. കിരീടം നിലനിര്‍ത്താന്‍ പാലക്കാടും തിരിച്ചുപിടിക്കാന്‍ എറണാകുളവും തമ്മില്‍ നടത്തുന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് ഇന്നലെയും മഹാരാജാസ് കോളജ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഇന്നലെ നടന്ന 22 ഇനങ്ങളിലടക്കം 50 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 118 പോയിന്റുമായി പാലക്കാട് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 18 സ്വര്‍ണവും അഞ്ച് വെള്ളിയും 13 വെങ്കലവുമാണ് നിലവിലെ ചാമ്പ്യന്മാരുടെ ഇതുവരെയുള്ള മെഡല്‍ സമ്പാദ്യം. പാലക്കാടിന് കനത്ത വെല്ലുവിളി ഉയര്‍ത്തി എറണാകുളം 99 പോയിന്റുമായി തൊട്ടുപിറകിലുണ്ട്. ആതിഥേയര്‍ ഒമ്പത് സ്വര്‍ണവും 14 വീതം വെള്ളിയും വെങ്കലവും കരസ്ഥമാക്കി. മൂന്ന് സ്വര്‍ണവും നാല് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 30 പോയിന്റുമായി കോഴിക്കോട് ജില്ലയാണ് മൂന്നാം സ്ഥാനത്ത്. മുന്‍ ചാമ്പ്യന്മാരായ കോട്ടയം അഞ്ച് പോയിന്റുമായി പതിനൊന്നാം സ്ഥാനത്താണ്.ആദ്യദിനം പോയിന്റ് പട്ടികയില്‍ ഇടം നേടാതിരുന്ന ആലപ്പുഴ ഇന്നലെ 11 പോയിന്റുകള്‍ നേടി എട്ടാം സ്ഥാനത്തെത്തി. കാസര്‍ക്കോട് മാത്രമാണ് ഇനി പട്ടികയില്‍ അക്കൗണ്ട് തുറക്കാനുള്ളത്.
സ്‌കൂളുകളില്‍ പാലക്കാടിന്റെ മുണ്ടൂരിനെയും പറളിയെയും പിന്തള്ളി കോതമംഗലം മാര്‍ ബേസില്‍ എച്ച് എസ് എസാണ് 45 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 44 പോയിന്റുമായി പാലക്കാട് പറളി രണ്ടാമതും 38 പോയിന്റുമായി കല്ലടി എച്ച് എസ് മൂന്നാമതുമാണ്. നിലവിലെ ചാമ്പ്യന്മാരായ കോതമംഗലം സെന്റ്‌ജോര്‍ജ് 36 പോയിന്റുമായി നാലാം സ്ഥാനത്താണ്.
സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 100 മീറ്ററില്‍ ഒന്നാമതെത്തി മലപ്പുറം വാളയംകുളം എം വി എം ആര്‍ എച്ച് എസ് എസിലെ കെ പി അശ്വിനും (10:90) തിരുവനന്തപുരം സായിയുടെ എ എസ് അഞ്ജുവും (12:58) മീറ്റിലെ വേഗമേറിയ താരങ്ങളായി. രണ്ടാം ദിവസമായ ഇന്നലെ രണ്ട് റെക്കോര്‍ഡുകളാണ് കുറിക്കപ്പെട്ടത്. ആദ്യ ദിനം 3000 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനത്തോടെ സ്വര്‍ണം നേടിയ മുണ്ടൂരിന്റെ പി യു ചിത്ര ഇന്നലെ സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററിലും പുതിയ മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചു. ഇതോടെ റെക്കോര്‍ഡ് ഡബിള്‍ നേടുന്ന ആദ്യതാരമായി ഏഷ്യന്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിലെയും സാഫ് ജൂനിയര്‍ മീറ്റിലെയും സുവര്‍ണ കുമാരിയായ ചിത്ര. കല്ലടി സ്‌കൂളിന്റെ ഷാനി ഷാജിയാണ് ഇന്നലെ പിറന്ന രണ്ടാം റെക്കോര്‍ഡിന്റെ അവകാശി. സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ 3.21 മീറ്റര്‍ ഉയരം താണ്ടിയാണ് ഷാനി സുവര്‍ണ നേട്ടം സ്വന്തമാക്കിയത്. കല്ലടിയുടെ തന്നെ സിഞ്ജു പ്രകാശ് 2011ല്‍ സ്ഥാപിച്ച 3.20 മീറ്ററെന്ന റെക്കോഡാണ് ഷാനി തിരുത്തിയത്. ചിത്രയെ കൂടാതെ മുണ്ടൂര്‍ സ്‌കൂളിന്റെ വി വി ജിഷ (400, 400 മീ. ഹര്‍ഡില്‍സ്) കോഴിക്കോട് ഉഷ സ്‌കൂളിലെ ജിസ്‌ന മാത്യു (400, 100), കല്ലടി സ്‌കൂളിന്റെ എ ജി രാഖില്‍ (ലോംഗ്ജമ്പ്, 100) എന്നിവരും ഇന്നലെ ഡബിള്‍ സ്വര്‍ണം തികച്ചു.
ഇന്നലെ വൈകിട്ട് നടന്ന 4+100 മീറ്റര്‍ റിലേ യോഗ്യതാ മത്സരത്തില്‍ രണ്ട് പാലക്കാടന്‍ ടീമുകള്‍ അയോഗ്യരായി. ഇത് പോയിന്റ് പട്ടികയില്‍ പാലക്കാടിന് തിരിച്ചടിയാകും. 4+100 മീറ്റര്‍ റിലേ മത്സരങ്ങളടക്കം 32 മെഡലുകള്‍ ഇന്ന് തീരുമാനിക്കപ്പെടും.