Connect with us

National

മധ്യപ്രദേശിലും മിസോറമിലും ഇന്ന് വോട്ടെടുപ്പ്‌

Published

|

Last Updated

ഐസ്വാള്‍/ ഭോപ്പാല്‍: മധ്യപ്രദേശിലെയും മിസോറമിലെയും 270 നിയമസഭാ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന 2725 സ്ഥാനാര്‍ഥികളുടെ വിധി 4.7 കോടി വോട്ടര്‍മാര്‍ ഇന്ന് നിര്‍ണയിക്കും. ഇരു സംസ്ഥാനങ്ങളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്.
മധ്യപ്രദേശില്‍ 230 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് 51 ജില്ലകളിലായി 53,896 പോളിംഗ് ബൂത്തുകളാണ് സംവിധാനിച്ചത്. 4,64,57,724 വോട്ടര്‍മാരാണ് ഇവിടെ ഉള്ളത്. ബുധ്‌നി, വിദിഷ മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കുന്ന മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനടക്കം 2583 സ്ഥാനാര്‍ഥികളാണ് ഗോദയിലുള്ളത്. പത്ത് വര്‍ഷം മുമ്പ് കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ച മധ്യപ്രദേശില്‍ ബി ജെ പി ഹാട്രിക് വിജയമാണ് ലക്ഷ്യമിടുന്നത്. പ്രതിപക്ഷ നേതാവ് അജയ് സിംഗിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്. ഗുണ ജില്ലയിലെ രഘോഗഢില്‍ നിന്ന് മത്സരിക്കുന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗിന്റെ മകന്‍ ജയ്‌വര്‍ധന്‍ സിംഗ് മത്സരിക്കുന്നവരില്‍ പ്രധാനിയാണ്. നക്‌സല്‍ബാധിതമായ എട്ട് ജില്ലകളില്‍ പ്രത്യേക നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
മിസോറമില്‍ നാല്‍പ്പത് നിയമസഭാ മണ്ഡലങ്ങളിലേക്ക് മുഖ്യമന്ത്രി ലാല്‍ താന്‍ഹാവഌയടക്കം 142 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. വോട്ട് രേഖപ്പെടുത്തിയെന്ന് സ്ഥിരീകരിക്കുന്ന രശീതി ലഭിക്കുന്ന വി വി പി എ ടി സംവിധാനം ഉപയോഗിച്ച് വോട്ടിംഗ് നടത്തുന്ന ആദ്യ സംസ്ഥാനമെന്ന സവിശേഷതയും മിസോറമിനുണ്ട്. ആഗ്രഹിച്ച ആള്‍ക്ക് തന്നെയാണോ വോട്ട് ചെയ്തത് എന്ന് സ്ഥിരീകരിക്കുന്ന സംവിധാനമാണിത്. ലുംഗ്ലേയ് സൗത്ത് മണ്ഡലത്തിലൊഴികെ എല്ലാ സീറ്റുകളും പട്ടിക വര്‍ഗത്തിന് സംവരണം ചെയ്തതാണ് മിസോറമില്‍. ഭരണം നിലനിര്‍ത്താന്‍ ലക്ഷ്യമിടുന്ന കോണ്‍ഗ്രസിന്, എം എന്‍ എഫ്, മിസോറം പീപ്പിള്‍സ് കോണ്‍ഫറന്‍സ്, മാറാലാന്‍ഡ് ഡെമോക്രാറ്റിക് അലയന്‍സ് എന്നിവയുടെ കൂട്ടായ്മയായ മിസോറം ഡെമോക്രാറ്റിക് അലയന്‍സ് ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുക.