Connect with us

National

തെഹല്‍ക്ക ജീവനക്കാരുടെ മൊഴിയെടുത്തു

Published

|

Last Updated

ന്യൂഡല്‍ഹി: തെഹല്‍ക മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിനെതിരെയുള്ള മാനഭംഗ കേസുമായി ബന്ധപ്പെട്ട് തെഹല്‍കയിലെ മൂന്ന് ജീവനക്കാരെ ഗോവ പോലീസ് ചോദ്യം ചെയ്തു. പീഡനത്തിന് ഇരയായ യുവതിയുടെ വാദത്തെ ദൃഢപ്പെടുത്തുന്ന മൊഴികളാണ് ഇവര്‍ നല്‍കിയത്. ഒരു ഹാര്‍ഡ് ഡിസ്‌കും ചില രേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം, തേജ്പാലിനെ ചോദ്യം ചെയ്യാതെ ഗോവന്‍ പോലീസ് മടങ്ങുകയും ചെയ്തു.
കഴിഞ്ഞ ദിവസം, ദക്ഷിണ ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ്-2ല്‍ സ്ഥിതി ചെയ്യുന്ന തെഹല്‍ക ഓഫീസില്‍ വെച്ച് മാനേജിംഗ് എഡിറ്റര്‍ ഷോമ ചൗധരിയെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. തേജ്പാലും ഷോമയും നടത്തിയ ഇ മെയില്‍ കൈമാറ്റങ്ങളും സി പി യുവും മറ്റ് നിരവധി രേഖകളുമാണ് കസ്റ്റഡിയിലെടുത്തത്. ഷോമയുടെ മൊബൈല്‍ ഫോണ്‍, ഐ പാഡ്, ലാപ്‌ടോപ് എന്നിവ പരിശോധിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകുന്നരേം 4.45 മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെ ചോദ്യം ചെയ്തതായി ഷോമ ഇന്നലെ പറഞ്ഞു. പോലീസുമായി പൂര്‍ണമായി സഹകരിച്ചെന്നും സഹജീവനക്കാരും മാനേജ്‌മെന്റുമായും നടത്തിയ എല്ലാ ഇ മെയില്‍ കൈമാറ്റങ്ങളും അടക്കം പ്രധാന രേഖകളെല്ലാം പോലീസിന് കാണിച്ചു കൊടുത്തെന്നും ഷോമ പറഞ്ഞു. സംഭവം നടന്ന ഉടനെ യുവതി വിളിച്ച മൂന്ന് സഹജീവനക്കാരെയാണ് ഡി വൈ എസ് പി സമി തവേരാസിന്റെ നേതൃത്വത്തിലുള്ള ഗോവ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തത്. തേജ്പാലിനെതിരെ ഷോമക്ക് നല്‍കിയ പരാതിയുടെ കോപ്പികള്‍ യുവതി ഇവര്‍ക്കും അയച്ചിരുന്നു.
അതേസമയം, തേജ്പാല്‍ കോടതിയെ സമീപിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. യുവതി നുണ പറയുകയാണെന്നും താന്‍ ഇരയാക്കപ്പെട്ടതാണെന്നും തേജ്പാല്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാഷ്ട്രീയ ശക്തികള്‍ മുതലെടുപ്പ് നടത്തുകയാണെന്നും തേജ്പാല്‍ പറഞ്ഞിട്ടുണ്ട്. അതിനിടെ, ഇരയായ യുവതിക്ക് സംരക്ഷണം നല്‍കാന്‍ മുംബൈ പോലീസിനോട് ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. തേജ്പാലിനെതിരെ എല്ലാ തെളിവുകളും സമാഹരിക്കുകയാണെന്നും ഉടനെ അറസ്റ്റ് ഉണ്ടാകുമെന്നും ഡി ഐ ജി. ഒ പി മിശ്ര പനാജിയില്‍ പറഞ്ഞു.

---- facebook comment plugin here -----

Latest