Connect with us

Kasargod

ജില്ലയില്‍ ഉച്ചക്കഞ്ഞി വിതരണം അവതാളത്തില്‍

Published

|

Last Updated

രാജപുരം: നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവ് മൂലം സ്‌കൂള്‍ ഉച്ചക്കഞ്ഞി വിതരണം അവതാളത്തിലായി. രണ്ടു വര്‍ഷം മുമ്പ് സര്‍ക്കാര്‍ അനുവദിച്ച തുക അപര്യാപ്തമായതിനാല്‍ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍. ഇക്കഴിഞ്ഞ ജൂണ്‍ മുതല്‍ ദിവസവേതനത്തില്‍ 50 രൂപയുടെ വര്‍ധനവു വരുത്തിയെങ്കിലും പാചകക്കാരും അതുകൊണ്ട് തൃപ്തരുമല്ലാത്ത അവസ്ഥയിലാണ്. പാചകത്തിന് സഹായിയായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്വന്തം കൈയില്‍ നിന്നും കൂലി നല്‍കേണ്ട അവസ്ഥയാണ് നിലവിലുളളത്. പാചകക്കാര്‍ക്ക് കൂലി വര്‍ധിപ്പിക്കണമെന്നും ജീവനക്കാരായി അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് പാചകക്കാരുടെ സംഘടന സമരത്തിലുമാണ്.
അഞ്ചാംക്ലാസുവരെ പഠിക്കുന്ന കുട്ടികള്‍ക്ക് കുട്ടി ഒന്നിനു നൂറുഗ്രാം അരിയും ആറ്, ഏഴ്, എട്ട് ക്ലസ്സുകളിലെ കുട്ടികള്‍ക്ക് 150 ഗ്രാം അരിയും വീതമാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഇവ മാവേലി സ്റ്റോറുകളില്‍ നിന്നോ മറ്റു സിവില്‍ സപ്ലൈസ് സ്റ്റോറുകളില്‍നിന്നോ സ്‌കൂളുകള്‍ക്ക് ലഭിക്കുന്നുണ്ടെങ്കിലും അനുബന്ധസാധനങ്ങള്‍ക്കും മറ്റും വേണ്ടി വരുന്ന തുകയുടെ അപര്യാപ്തതയാണ് അധ്യാപകരെ വലക്കുന്നത്. ഉച്ചഭക്ഷണം ആവശ്യമായിവരുന്ന 150 കുട്ടികള്‍ വരെയുള്ള സഌകളിലേക്ക് ഒരു കുട്ടിക്ക് അഞ്ചുരൂപ വീതവും 150ന് മുകളില്‍ ആറുരൂപ വീതവുമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഈ തുകകൊണ്ട് ഭക്ഷണത്തിനൊപ്പം പയറും മറ്റു കറികളും കുട്ടികള്‍ക്ക് നല്‍കുകയും വേണം. ഇതുകൂടാതെ ആഴ്ചയില്‍ ഒരു മുട്ട വീതവും ആഴ്ചയില്‍ രണ്ടുദിവസം 150 മില്ലിലിറ്റര്‍ പാലും നല്‍കണം. പാകം ചെയ്യാനുള്ള വിറകും സാധനങ്ങള്‍ കൊണ്ടുവരാനുള്ള വാഹനകൂലിയും പച്ചക്കറികള്‍ക്കും എല്ലാം ഈ തുകകൊണ്ടുവേണം അധ്യാപകര്‍ സംഘടിപ്പിക്കാന്‍. ഇതുകൂടാതെ പാചകക്കാരുടെ ബോണസും ഇവര്‍തന്നെ കണ്ടെത്തണം.
ഓരോ അധ്യയനവര്‍ഷവും സര്‍ക്കാര്‍ അനുവദിക്കുന്ന തുകയുടെ 80 ശതമാനവും അഞ്ചു മാസത്തെ മുന്‍കൂര്‍ നല്‍കുമെങ്കിലും അടുത്ത അഞ്ചുമാസത്തെ അധ്യയനദിവസങ്ങളിലേക്ക് ബാക്കിവരുന്ന 20 ശതമാനം തുകകൊണ്ട് ഉച്ചക്കഞ്ഞിയും പാലും മുട്ടയും മറ്റും നല്‍കാന്‍ സാധിക്കില്ല. അത്യാവശ്യത്തിനുപോലും പി ടി എ ഫണ്ടില്ലാത്ത സ്‌ക്കൂളുകളെ ഇത് ഏറെ ദോഷകരമായി ബാധിക്കുന്നുണ്ട്. സര്‍ക്കാര്‍ നല്‍കുന്ന തുക യഥാസമയം ലഭിക്കുകയുമില്ല.

Latest