ഇനിയൊരാളേയും വധിക്കാനിട വരരുത് : സഊദി ഐ സി എഫ്

Posted on: November 24, 2013 9:23 pm | Last updated: November 24, 2013 at 9:23 pm

മദീന: മതസാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ കൊലക്കത്തിക്കിരയാക്കുന്ന അക്രമസംഘത്തിന്ന് പരമാവധി ശിക്ഷ നല്‍കി രാജ്യത്ത് സമാധാനം പുന:സ്ഥാപിക്കണമെന്ന് ഐ സി എഫ് സഊദീ നാഷണല്‍ ആവശ്യപ്പെട്ടു. നിയമത്തിന്റെ പഴുതുകളിലൂടെയും കക്ഷി രാഷ്ട്രീയത്തിന്റെ സഹായങ്ങളിലൂടെയും കുറ്റവാളികള്‍ രക്ഷപ്പെടുന്നത് കാരണം രാജ്യത്ത് അരാചകത്വം വ്യാപിക്കുകയാണ്. മറ്റൊരാളും അക്രമികളുടെ കൊലക്കത്തിക്ക് ഇനിയും ഇരയാവാത്ത വിധം അര്‍ഹമായ ശിക്ഷ നല്‍കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

മണ്ണാര്‍ക്കാട കാഞ്ഞീരപ്പുഴ കല്ലാങ്കുഴിയില്‍ ഇരുട്ടിന്റെ കക്ഷികള്‍ കൊലപ്പെടുത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്ന പള്ളത്ത്‌വീട്ടില്‍ കുഞ്ഞിഹംസ, സഹോദരന്‍ നൂറുദ്ദീന്‍ എന്നിവരുടെ വേര്‍പാടില്‍ ഐ സി എഫ് അനുശോചനം രേഖപ്പെടുത്തി. ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുഞ്ഞാനും, വിവിധ സ്ഥലങ്ങളില്‍ വിഘടിതവിഭാഗത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മറ്റു സുന്നീ പ്രവര്‍ത്തകര്‍ക്കും സമാധാനത്തിനായി പ്രത്യേക പ്രാര്‍ത്ഥന നടത്തി.

ഇസ്‌ലാം വിരോധിച്ച കൊലപാതകവും അക്രമവും നടത്തുന്നതിന് മറയാക്കുന്നത് ഇസ്‌ലാമിന്റെ ചിഹ്‌നങ്ങളും നാമങ്ങളുമാണെന്നത് വളരെ അപകടകരമാണ്. ആശയത്തെ ആശയംകൊണ്ട് നേരിടാനാവാതെ അക്രമം നടത്തുന്നതിനെ നേതാക്കള്‍ പ്രസ്താവനയില്‍ ശക്തമായി അപലപിച്ചു. സയ്യിദ് ആറ്റക്കോയ തങ്ങള്‍, അബൂബക്കര്‍ അന്‍വരി, നിസാര്‍ കാട്ടില്‍, ജലീല്‍ വെളിമുക്ക് തുടങ്ങിയവര്‍ സംസാരിച്ചു.