കനത്ത മഴ: അല്‍ഐനില്‍ പച്ചക്കറി വില കുതിച്ചുയര്‍ന്നു

Posted on: November 24, 2013 9:12 pm | Last updated: November 24, 2013 at 10:53 pm

അല്‍ ഐന്‍: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴ പച്ചക്കറി വിലയെ ബാധിച്ചു. വിലയില്‍ ഗണ്യമായ വര്‍ധനവുണ്ടായി. വെള്ളം കെട്ടി നിന്ന് പച്ചക്കറി കൃഷിയും പച്ചക്കറികളും നശിച്ചതാണ് വില കൂടാന്‍ കാരണം. അല്‍ ഐനിലേക്ക് ഒമാനില്‍ നിന്നാണ് കൂടുതല്‍ പച്ചക്കറികള്‍ എത്തുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം സാധാരണ എത്തുന്നതിന്റെ നാലില്‍ ഒന്ന് പോലും എത്തിയില്ല. സാധനങ്ങളുടെ ലഭ്യത കുറഞ്ഞതാണ് വില കുതിച്ചുയരാനിടയാക്കിയത്. ഒമാന് പുറമേ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പച്ചക്കറികള്‍ ദുബൈ കമ്പോളം വഴിയാണ് അല്‍ ഐനിലെത്തുന്നത്. എന്നാല്‍ ഒമാനില്‍ നിന്നുള്ള വരവ് കുറഞ്ഞതും അല്‍ ഐനിലെ വിവിധയിടങ്ങളില്‍ കൃഷി ചെയ്യുന്ന പച്ചക്കറി തോട്ടങ്ങളില്‍ വെള്ളം കയറി കനത്ത നഷ്ടമുണ്ടായതുമാണ് വില കൂടാന്‍ കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു.
വിലവര്‍ധന മലയാളികളടക്കമുള്ള സാധാരണക്കാരെ കാര്യമായി ബാധിച്ചു. പച്ചക്കറി വില കൂടിയതോടെ മത്സ്യവിലയും കുതിച്ചുയരുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍.