കുററവാളികളെ രക്ഷിക്കാനുള്ള ശ്രമം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി: കാന്തപുരം

Posted on: November 23, 2013 10:11 pm | Last updated: November 25, 2013 at 1:10 am
KKD-MISSION-2014-prakyapana
എസ് വൈ എസ് മിഷന്‍ 2014 പ്രഖ്യാപന സമ്മേളനം അഖിലേന്ത്യാ സുന്നിജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കഴിഞ്ഞ രണ്ടു മാസത്തിനിടെ മലബാറില്‍ നടന്ന അതിക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും പിന്നിലുള്ള കുറ്റവാളികളെ രക്ഷിക്കാനുള്ള മുസ്‌ലിം ലീഗിന്റെ ശ്രമങ്ങള്‍ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയും ഭരണഘടനാ ലംഘനവുമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍.

ഇത്തരം നീക്കങ്ങള്‍ തുടരുന്നത് ലീഗീന്റെ രാഷ്ട്രീയ ഭാവിയെ തന്നെ മുരടിപ്പിക്കും. കണ്ണൂരില്‍ മദ്‌റസ തകര്‍ത്ത പ്രതികളെ വരെ രക്ഷപ്പെടുത്തിയതിന് പിന്നില്‍ മുസ്‌ലിം ലീഗിന്റെ ഭാരവാഹികളായിരുന്നു. മുസ്‌ലിം ലീഗിന്റെയും സമസ്തയുടേയും നേതൃത്വം വഹിക്കുന്നത് പാണക്കാട് തങ്ങളാണ്. അതു കൊണ്ട് കൊലപാതകങ്ങളെയും അക്രമണങ്ങളെയും തള്ളിപറയാന്‍ പാണക്കാട് തങ്ങള്‍ തയ്യാറാവണം. എങ്കില്‍ നാട്ടില്‍ സമാധാനം പുലരുമെന്നും ഇത് പറയുന്നത് ഭീരുത്വം കൊണ്ടല്ലെന്നും മതം പഠിപ്പിച്ചതു കൊണ്ടാണെന്നും കാന്തപുരം പറഞ്ഞു. ‘യൗവനം നാടിനെ നിര്‍മിക്കുന്നു’ എന്ന പ്രമേയത്തില്‍ നടക്കുന്ന എസ് വൈ എസ് മിഷന്‍ 2014 ന്റെ സംസ്ഥാനതല പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടും ശേഷം മാധ്യമപ്രവര്‍ത്തകരോടും സംസാരിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ടു മാസത്തിനിടെ നടന്ന അതിക്രമങ്ങളിലും കൊലപാതകങ്ങളിലും പിടിക്കപ്പെട്ടവര്‍ സമസ്ത ചേളാരി വിഭാഗം പ്രവര്‍ത്തകരും ഭാരവാഹികളുമാണെന്നത് ആശങ്കപ്പെടുത്തുന്നതാണ്. കേരളത്തിലെ സാമൂഹ്യ ജീവിതത്തെ സംഘര്‍ഷ ഭരിതമാക്കാന്‍ ശ്രമിക്കുന്ന മുസ്‌ലിം സംഘടനകള്‍ ഇസ്‌ലാമിനെ സമൂഹമദ്ധ്യേ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇത്തരക്കാരെ ഒറ്റപ്പെടുത്തേണ്ടത് വിശ്വാസികളുടെ കടമയാണെന്നും കാന്തപുരം പറഞ്ഞു.

ബാബരി മസ്ജിദ് തകര്‍ക്കുകയും ഗുജറാത്തില്‍ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യാന്‍ നേതൃത്വം നല്‍കുകയും ചെയ്ത വര്‍ഗീയ ശക്തികളോടും ഖുര്‍ആനിനേയും പ്രവാചകനേയും അവഹേളിച്ച സല്‍മാന്‍ റുഷ്ദിയോടും സ്വീകരിച്ച അതേ സമീപനം ഓണപറമ്പിലെ പള്ളി തകര്‍ത്തവരോടും ഖുര്‍ആന്‍ കത്തിച്ചവരോടും മണ്ണാര്‍ക്കാടും എളങ്കൂറും മുസ്‌ലിംകളെ വെട്ടിക്കൊന്നവരോടും ഈ സ്വീകരിക്കുമോ എന്ന് കാന്തപുരം ചോദിച്ചു. വിശ്വാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കലും മതസ്ഥാപനങ്ങള്‍ സംരക്ഷിക്കലും സമസ്തയുടെ പ്രഖ്യാപിത നയമാണ്. ഈ നയം കാറ്റില്‍ പറത്തുന്നവര്‍ സമസ്തയുടെ പേര് ദുരുപയോഗം ചെയ്യരുത്. മതസ്ഥാപനങ്ങളില്‍ അധ്യാപനം നടത്തുന്നവര്‍ തന്നെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് വരുംതലമുറയെ തെറ്റായി സ്വാധീനിക്കും. സമസ്ത ചേളാരി വിഭാഗം നേതൃത്വം നല്‍കിയ അതിക്രമങ്ങളില്‍ പ്രതികളായി പിടിക്കപ്പെട്ടവര്‍ ഏറെയും മുസ്‌ലിം ചെറുപ്പക്കാരാണ്. വിശ്വാസികളോട് ഏറ്റവും കരുതലോടെ ജീവിക്കണമെന്ന് മതം കല്‍പ്പിച്ച പ്രായമാണിത്. യുവാക്കളുടെ കര്‍മശേഷിയെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്കും സങ്കുചിത താത്പര്യങ്ങളിലേക്കും വഴിതിരിച്ചു വിടുന്നവര്‍ മതമൂല്യങ്ങളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്.

ഐക്യത്തിന് എല്ലാ കാലത്തും സുന്നികള്‍ മുന്നോട്ട് വന്നിട്ടുണ്ട്. എന്നാല്‍ അസ്തിത്വം നഷ്ട്ടപ്പെടുമെന്ന് ഭയപ്പെടുന്നവര്‍ പിന്‍മാറുകമയായിരുന്നു. സാമൂഹിക ജീവിതം ദുരിതപൂര്‍ണമാക്കുന്ന ഈ ചിദ്രശക്തികള്‍ക്കെതിരെ സുന്നികള്‍ നടത്തുന്ന ആശയ നിയമപോരാട്ടങ്ങളില്‍ സര്‍ക്കാറിന്റെയും പൊതുജനങ്ങളുടേയും പിന്തുണയുണ്ടാകണമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭ്യര്‍ത്ഥിച്ചു.