കോട്ടക്കലില്‍ നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി തുടങ്ങി

Posted on: November 23, 2013 8:15 am | Last updated: November 23, 2013 at 8:15 am

കോട്ടക്കല്‍: നിയമം ലംഘിച്ച് വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെ പോലീസ് നടപടി തുടങ്ങി. കഴിഞ്ഞ മൂന്ന് മാസമായി ടൗണില്‍ നടപ്പിലാക്കി വരുന്ന ട്രാഫിക്ക് പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് നടപടി.
വണ്‍വെ റോഡുകളില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ പോലീസ് പടിച്ചെടുത്തു. പത്തോളം ബൈക്കുകളാണ് പിടിച്ചെടുത്തത്. ട്രാഫിക്ക് ഉപദേശക സമിതിയുടെ സഹകരണത്തോടെയായിരുന്നു നടപടി. ഇത് സംമ്പന്ധിച്ച് പോലീസ് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. ബി എച്ച് റോഡ്, ആട്ടീരി റോഡ്, ബസ് സ്റ്റാന്‍ഡിന്റെ പടിഞ്ഞാറ് വശം റോഡ് എന്നിവയാണ് വണ്‍വെയാക്കിയിരുന്നത്. ഇനിമുതല്‍ നിയമം ലംഘിച്ച് നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ കോടതി മുഖേനയായിരിക്കും വിട്ട് നല്‍കുകയെന്നും കോട്ടക്കല്‍ എസ് ഐ. കെ പി ബെന്നി അറിയിച്ചു. അതെ സമയം കഴിഞ്ഞ ദിവസം പോലീസ് സ്ഥാപിച്ച നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ പൂര്‍ണമായും സാമൂഹ്യ വിരുദ്ധര്‍ എടുത്തുമാറ്റി. രാത്രിയാണ് ബോര്‍ഡുകള്‍ മാറ്റിയത്. ചില കച്ചവടക്കാരാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.