സ്ഥലം മാറ്റം ലഭിച്ച പഞ്ചായത്ത് വനിതാ ക്ലാര്‍ക്ക് ആത്മഹത്യക്ക് ശ്രമിച്ചു

Posted on: November 23, 2013 8:14 am | Last updated: November 23, 2013 at 8:14 am

താമരശ്ശേരി: ഉണ്ണികുളം ഗ്രാമപഞ്ചായത്തോഫീസിലെ വനിതാ ക്ലാര്‍ക്ക് ആത്മഹത്യക്കു ശ്രമിച്ചു. ഉറക്കഗുളിക കഴിച്ച് അവശനിലയിലായ കൊല്ലം സ്വദേശി പ്രീത(28) യെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ താമരശ്ശേരി പുതിയ ബസ്റ്റാന്‍ഡിലായിരുന്നു സംഭവം. ഉണ്ണികുളത്ത് ലോവര്‍ ഡിവിഷന്‍ കഌക്കായ ഇവര്‍ക്ക് അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്കായി കോട്ടയം വാഴപ്പള്ളി പഞ്ചായത്തോഫീസിലേക്ക് പ്രമോഷനോടെ സ്ഥലം മാറ്റം ലഭിച്ചിരുന്നു.
എന്നാല്‍ ഉണ്ണികുളത്ത് നിന്നും വിടുതല്‍ നല്‍കാതെ സെക്രട്ടറി ബുദ്ധിമുട്ടിച്ചുവെന്നും ഇതിലുള്ള മാനസിക പ്രയാസത്തിലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും പ്രീത ഡോക്ടര്‍മാര്‍ക്ക് മൊഴി നല്‍കി.
സെക്രട്ടറിയുടെ നടപടിക്കെതിരെ ഡി ഡി പിക്കു പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ആത്മഹത്യചെയ്യുമെന്ന് സെക്രട്ടറിയോടും സഹപ്രവര്‍ത്തകരോടും പറഞ്ഞിരുന്നതായും പറയപ്പെടുന്നു.
ബസ്റ്റാന്‍ഡില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തിയ പ്രീതയെ നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.