പാലക്കാടിനെ സമ്പൂര്‍ണ പെന്‍ഷന്‍ ജില്ലയാക്കി പ്രഖ്യാപിക്കും

Posted on: November 23, 2013 8:12 am | Last updated: November 23, 2013 at 8:12 am

പാലക്കാട്: ജില്ലയെ സമ്പൂര്‍ണപെന്‍ഷന്‍ ജില്ലയാക്കി പ്രഖ്യാപിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു. ജില്ലയിലെ മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളിലും സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതി നടപ്പാക്കും. 2014 ജനുവരി ഒന്നിന് ഇതിന്റെ പ്രഖ്യാപനമുണ്ടാകും. ഇതിനുള്ള നടപടിക്രമങ്ങള്‍ 25ന് ആരംഭിക്കും. ആലപ്പുഴ ജില്ല മാത്രമാണ് ഇതുവരെ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ താഴെയുള്ളവരെയാണ് പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച മാതൃകയില്‍ പെന്‍ഷന്‍ പ്രായം 60 വയസായി നിജപ്പെടുത്തും. വികലാംഗ പെന്‍ഷന്‍, വാര്‍ദ്ധക്യ കാലപെന്‍ഷന്‍ എന്നീ വിവിധ പെന്‍ഷന്‍ പദ്ധതിയില്‍ ഇതുവരെ ഉള്‍പ്പെടാത്തവരെ കണ്ടെത്തുന്നതിനായി വാര്‍ഡ് തല സര്‍വേ നടത്തി പരിഹാരം കണ്ടെത്തും. സര്‍ക്കാര്‍ മാനദണ്ഡ പ്രകാരം അര്‍ഹരായവരെ അദാലത്തിലൂടെ കണ്ടെത്തി ഏതെങ്കിലും സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ശേഷിക്കുന്ന പെന്‍ഷന്‍ അപേക്ഷകളില്‍ അടിയന്തിരമായി തീര്‍പ്പുണ്ടാക്കും. അര്‍ഹതയില്ലാത്തവരെ രജിസ്‌റ്റേര്‍ഡ് തപാലിലൂടെ പ്രസ്തുത വിവരം ധരിപ്പിക്കും. നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്ന പഞ്ചായത്തുകളെ സമ്പൂര്‍ണ പെന്‍ഷന്‍ പഞ്ചായത്തായി പ്രഖ്യാപിക്കും. ഇതോടൊപ്പം പഞ്ചായത്ത് തല പ്രവര്‍ത്തന കലണ്ടറും രൂപവത്കരിച്ചു. നവംബര്‍ 25ന് വിവിധ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അപേക്ഷകളുടെ അന്വേഷണ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അടിയന്തിര പഞ്ചായത്ത് കമ്മിറ്റി ചേര്‍ന്ന് വാര്‍ഡ് തല സമിതി രൂപവത്കരിക്കും.
വാര്‍ഡ്‌മെമ്പര്‍ ചെയര്‍പേഴ്‌സനും എ ഡി എസ് സെക്രട്ടറി കണ്‍വീനറുമായ വാര്‍ഡ്തലസമിതിയുടെ ആദ്യയോഗം 30ന് ചേരും. എ ഡി എസ് പ്രസിഡന്റ്, സെക്രട്ടറി, അംഗങ്ങള്‍, അംഗന്‍വാടി വര്‍ക്കേഴ്‌സ്, ആശാ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. അര്‍ഹരായവരുടെ വിവരങ്ങളും പെന്‍ഷന്‍ അപേക്ഷകളും അനുബന്ധ രേഖകളും സ്വരൂപിക്കുന്നതിനുള്ള വാര്‍ഡ് തല വിവരശേഖരണ സര്‍വേ ഡിസംബര്‍ 12നകം പൂര്‍ത്തിയാക്കും. സമിതി അംഗങ്ങള്‍ രണ്ടോ മൂന്നോ ഗ്രൂപ്പുകളായി തിരിഞ്ഞ് വീടുകള്‍ തോറും സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കും. അടുത്ത മാസം 16നകം ലഭിച്ച അപേക്ഷകളില്‍ രേഖകള്‍ സഹിതമുള്ള പട്ടിക തയ്യാറാക്കി ഗ്രാമ പഞ്ചായത്തില്‍ നല്‍കണം. അവിടുന്ന് പരിശോധനാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. പരിശോധനാ ഉദ്യോഗസ്ഥര്‍ അടുത്ത മാസം 24നകം അന്വേഷണ റിപ്പോര്‍ട്ട് സഹിതമുള്ള അപേക്ഷ പഞ്ചായത്ത് ഓഫീസില്‍ ഏല്‍പ്പിക്കും. അപേക്ഷകളില്‍ 28നകം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാരുടെ സംഘം പഞ്ചായത്ത് തല പരിശോധന നടത്തണം. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി യോഗം അപേക്ഷയിന്മേല്‍ തീരുമാനമെടുക്കും. അടുത്ത മാസം 30നകം അപേക്ഷകളുടെ അംഗീകാരം, തിരസ്‌കാരം എന്നിവയുടെ അന്തിമ തീരുമാനമാകും. ഇതോടൊപ്പം ജനുവരി ഒന്നിന് ജില്ലയെ സമ്പൂര്‍ണ ജനന-മരണ രജിസ്‌ട്രേഷന്‍ ജില്ലയായി പ്രഖ്യാപിക്കുന്ന ചടങ്ങും നടക്കും. ഡിസംബറിനകം ഇതിന്റെ ഡിജിറ്റൈസേഷന്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും. ജനന-മരണ രജിസ്‌ട്രേഷനില്‍സമ്പൂര്‍ണ ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയാക്കിയ ഏകജില്ല മലപ്പുറമാണ്. ജില്ലാ പ്രസിഡന്റ് കെ രവീന്ദ്രനാഥന്റെ അധ്യക്ഷതയില്‍ പിരായിരി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
യോഗത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജോസ് മാത്യു, അസി. ഡയറക്ടര്‍ വി രാധാകൃഷ്ണന്‍, അലിമാസ്റ്റര്‍, പിരായിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാലചന്ദ്രന്‍, ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, സെക്രട്ടറിമാര്‍ പങ്കെടുത്തു.