വാര്‍ഷിക പരീക്ഷ പ്രഖ്യാപിച്ച ശേഷം അധ്യാപകര്‍ക്ക് സ്ഥലം മാറ്റം

Posted on: November 23, 2013 12:44 am | Last updated: November 22, 2013 at 11:45 pm

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി അധ്യാപക പൊതു സ്ഥലംമാറ്റ പട്ടിക പ്രസിദ്ധീകരിച്ചു. അധ്യയന വര്‍ഷത്തിന്റെ രണ്ടാം പാദം പൂര്‍ത്തിയാകുകയും വാര്‍ഷിക പരീക്ഷാ തീയതികള്‍ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലുള്ള സ്ഥലംമാറ്റം പല സ്‌കൂളുകളുടെയും പ്രവര്‍ത്തനം അവതാളത്തിലാക്കുമെന്നത് കുട്ടികളിലും രക്ഷിതാക്കളിലും ആശങ്ക ഉയര്‍ത്തുന്നുണ്ട്.

ഒക്‌ടോബറില്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് ഇറക്കിയ കരട് പട്ടിക വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് ഇടപെട്ട് മരവിപ്പിച്ച ശേഷം അനര്‍ഹരായ മുപ്പതോളം പേരെ സീനിയോറിറ്റി മറികടന്ന് സ്ഥലംമാറ്റിക്കൊണ്ടുള്ള പൊതു ലിസ്റ്റാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അധ്യാപക സ്ഥലംമാറ്റത്തില്‍ അനധികൃത ഇടപെടലുകള്‍ ഇല്ലാതാക്കാനും മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനുമായാണ് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പൊതുസ്ഥലംമാറ്റത്തിന് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയത്. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം ഇതുവരെ പൊതുസ്ഥലംമാറ്റം നടത്തിയിരുന്നില്ല. തുടര്‍ന്ന് ഒക്‌ടോബര്‍ 31നകം സ്ഥലംമാറ്റം നടത്തണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ കോടതി വിധി കാറ്റില്‍പ്പറത്തി ഒരു മാസം വൈകി ഇറക്കിയ സ്ഥലംമാറ്റ ലിസ്റ്റില്‍ നിയമങ്ങളെല്ലാം ലംഘിച്ചിരിക്കുകയാണ്.
ഹയര്‍ സെക്കന്‍ഡറി പരീക്ഷാ വിജ്ഞാപനം ചെയ്തശേഷം പൊതു സ്ഥലം മാറ്റ ലിസ്റ്റ് ഇറക്കുന്നത് ആദ്യമായാണ്. വാര്‍ഷിക പരീക്ഷാ സമയ വിവരം പ്രഖ്യാപിച്ചശേഷം അധ്യാപക സ്ഥലംമാറ്റം പാടില്ല. ജനറല്‍ കാറ്റഗറിയില്‍ തന്നെയാണ് മന്ത്രി ഓഫീസിന്റെ പ്രത്യക്ഷ ഇടപെടല്‍ ഉണ്ടായത്. കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച കരട് പട്ടികയിലുള്ള അര്‍ഹരായ നിരവധിപേര്‍ പുതിയ ലിസ്റ്റിലില്ല. കരട് ലിസ്റ്റില്‍ ഇടം നേടാത്ത തലസ്ഥാന ജില്ലക്കാരായ നിരവധി പേര്‍ ആഗ്രഹിച്ചിടത്തുതന്നെ പുതിയ ലിസ്റ്റില്‍ സ്ഥലംമാറ്റം നേടിയിട്ടുണ്ടെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇത്തരക്കാര്‍ക്കായാണ് മന്ത്രി കരട് ലിസ്റ്റ് മരവിപ്പിച്ചതെന്നും ആരോപണമുണ്ട്.
ഉറ്റവരുടെ രോഗത്തിന്റെയും അവശതയുടെയും പേരില്‍ സ്ഥലംമാറ്റം നേടിയ പലരും ഇതിനായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അനധികൃതമായി നേടുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. ഇടുക്കി, വയനാട് ജില്ലകളിലെ മലയോരങ്ങളിലുള്ളവര്‍ക്ക് ആ പരിഗണനപോലും നല്‍കാതെ ഇവര്‍ക്കുശേഷം സര്‍വീസില്‍ പ്രവേശിച്ച അധ്യാപകര്‍ക്കുപോലും ലിസ്റ്റില്‍ അര്‍ഹതയില്‍ കവിഞ്ഞ പരിഗണന ലഭിച്ചിട്ടുണ്ട്. പുതിയ ലിസ്റ്റ് നടപ്പായതോടെ പല ജില്ലകളിലെയും പിന്നാക്ക പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ ഗസ്റ്റ് അധ്യാപകര്‍ മാത്രമാകും ഉണ്ടാകുക.