സ്വര്‍ണക്കടത്തിന് പിന്നില്‍ ഭരണകക്ഷി നേതാവെന്ന് പ്രതി ഷഹബാസിന്റെ മൊഴി

Posted on: November 23, 2013 12:31 am | Last updated: November 22, 2013 at 11:33 pm

SHAHABASകൊച്ചി: വിദേശത്ത് നിന്നുള്ള സ്വര്‍ണക്കടത്തിന് പിന്നില്‍ ഒരു ഭരണകക്ഷി നേതാവെന്ന് ബംഗളുരുവില്‍ അറസ്റ്റിലായ പ്രതി ഷഹബാസിന്റെ മൊഴി. രാഷ്ട്രീയത്തിനൊപ്പം ബിസിനസും നടത്തുന്ന ഈ നേതാവിന്റെ പേര് വെളിപ്പെടുത്താനാകില്ലെന്നും ഷഹബാസ് ചോദ്യം ചെയ്യലില്‍ പറഞ്ഞതായി ഡി ആര്‍ ഐ വൃത്തങ്ങള്‍ വെളിപ്പെടുത്തി. സ്വര്‍ണക്കടത്തിന് പണം മുടക്കുന്നത് പ്രമുഖനായ ഈ നേതാവാണെന്നും താനടക്കമുള്ളവര്‍ ഇടനിലക്കാര്‍ മാത്രമാണെന്നുമാണ് ഷഹബാസ് പറയുന്നത്. ‘പ്രമുഖ രാഷ്ട്രീയ നേതാവ്’ ആരെന്ന് പറയാന്‍ ഷഹബാസ് വിസമ്മതിച്ച സാഹചര്യത്തില്‍ ഇയാളുടെ ടെലിഫോണ്‍ വിശദാംശങ്ങള്‍ ശേഖരിക്കാനൊരുങ്ങുകയാണ് ഡി ആര്‍ ഐ. ടെലിഫോണ്‍ രേഖകള്‍ ലഭിക്കുന്നതോടെ ഇയാള്‍ക്ക് ബന്ധമുള്ള രാഷ്ട്രീയ നേതാവ് ആരെന്ന് തിരിച്ചറിയാന്‍ കഴിയുമെന്നാണ് കരുതുന്നത്.

സ്വര്‍ണക്കടത്തിന് പിന്നില്‍ കൊടുവള്ളിയിലെ പ്രാദേശിക രാഷ്ട്രീയ നേതാവാണെന്ന് കേസിലെ മറ്റൊരു പ്രതി റാഹില ഡി ആര്‍ ഐക്ക് മൊഴി നല്‍കിയിട്ടുണ്ട്. ഷഹബാസ് പറയുന്ന രാഷ്ട്രീയ പ്രമുഖന്‍ ഇതേയാളാണോ അതോ മറ്റാരെങ്കിലുമാണോ എന്ന് വ്യക്തമാകേണ്ടതുണ്ട്. കരിപ്പൂര്‍, നെടുമ്പാശ്ശേരി, ചെന്നൈ വിമാനത്താവളങ്ങളിലൂടെ ഏറെക്കാലമായി സ്വര്‍ണക്കടത്ത് നടത്തുന്നുണ്ടെന്നും സ്ത്രീകളെ ഉപയോഗിച്ചാണ് കടത്ത് നടത്തിയിരുന്നതെന്നും ഷഹബാസ് മൊഴി നല്‍കിയതായി അറിയുന്നു.
റാഹില, ഹിറോമാസ എന്നിവരടക്കം നാല് സ്ത്രീകളെ ഉപയോഗിച്ചാണ് ഷഹബാസും കൂട്ടുപ്രതികളും സ്വര്‍ണം കടത്തിയതെന്ന് ഡി ആര്‍ ഐ അറിയിച്ചു. രണ്ട് സ്ത്രീകളെ ഇനിയും കണ്ടെത്താനായിട്ടില്ല. 39 കിലോ സ്വര്‍ണം ഇവര്‍ കടത്തിയിട്ടുണ്ടെന്നും ഇതില്‍ അറുപത് ശതമാനവും കടത്തിയത് കൊടുവള്ളിയിലെ രാഷ്ട്രീയ നേതാവിന്റെ പിന്തുണയോടെയാണെന്നും ഡി ആര്‍ ഐ പറയുന്നു. ഇവര്‍ കടത്തിക്കൊണ്ടുവന്ന സ്വര്‍ണം ആരാണ് വാങ്ങിയതെന്ന് ഇനിയും വ്യക്തമായിട്ടില്ല. നിലവിലെ പ്രതികളെ കൂടാതെ സ്വര്‍ണക്കടത്തിന് പിന്നില്‍ ചില വമ്പന്‍ സ്രാവുകളുണ്ടെന്ന സംശയമാണ് ഡി ആര്‍ ഐ വൃത്തങ്ങള്‍ പ്രകടിപ്പിക്കുന്നത്.
ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഷഹബാസിനെ അടുത്ത മാസം ആറ് വരെ റിമാന്‍ഡ് ചെയ്തു. തന്നെ ഡി ആര്‍ ഐ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചാണ് മൊഴിയെടുത്തതെന്ന് ഷഹബാസ് മജിസ്‌ട്രേറ്റിനോട് പരാതിപ്പെട്ടു. ചെവി പൊത്തി അടിച്ചെന്നും ചെവിയില്‍ വേദനയുണ്ടെന്നും ഇയാള്‍ പരാതിപ്പെട്ടു. ഇതേത്തുടര്‍ന്ന് ഇയാളെ മെഡിക്കല്‍ പരിശോധനക്ക് വിധേയനാക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഇയാളുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ ഇല്ലെന്ന് വ്യക്തമായി. കേസില്‍ നേരത്തെ അറസ്റ്റിലായ റാഹിലയും ഡി ആര്‍ ഐക്കെതിരെ ഇത്തരത്തില്‍ പരാതിപ്പെട്ടിരുന്നു. പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയില്‍ പരാതിപ്പെടുന്നത് ആസൂത്രിതമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു. നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ ഫയാസും ഇത്തരത്തില്‍ പരാതിപ്പെട്ടിരുന്നു. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ് എ എസ് നവാസ് മര്‍ദിച്ചെന്ന ഫയാസിന്റെ പരാതിയില്‍ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
കേസില്‍ വിശദമായ ചോദ്യം ചെയ്യലിനായി ഷഹബാസിനെ ഡി ആര്‍ ഐ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. ഇതിനായി തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും. ഷഹബാസിന്റെ കൂട്ടാളികളായ നബീല്‍, അബ്ദുല്ലൈ സ് എന്നിവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഡി ആര്‍ ഐ ഊര്‍ജിതമാക്കി.