Connect with us

Articles

വായു സംരക്ഷിക്കാനായി ഇനി കാളവണ്ടി യുഗത്തിലേക്ക് മടങ്ങണോ?

Published

|

Last Updated

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ മലയോരവാസികളും കര്‍ഷകരും നടത്തിവരുന്ന സമരപ്രക്ഷോഭങ്ങള്‍ പാരിസ്ഥിതികതയില്‍ മനുഷ്യജീവന് എന്താണ് സ്ഥാനം എന്ന ചോദ്യത്തിന് ഭരണകൂടത്തെക്കൊണ്ട് സമാധാനം പറയിപ്പിക്കുന്നതിനു വേണ്ടിയുള്ളതാണ്. അതേ സമയം ആറന്‍മുള വിമാനത്താവളത്തിനെതിരെ തദ്ദേശവാസികള്‍ നടത്തിവരുന്ന പ്രക്ഷോഭം വികസനത്തില്‍ മനുഷ്യജീവനുള്ള സ്ഥാനം എന്താണെന്ന് ഭരണകൂടത്തെക്കൊണ്ട് ഉത്തരം പറയിപ്പിക്കാനുള്ള സമരമാണ്. ഇപ്പറഞ്ഞ രണ്ട് ജനകീയ പ്രക്ഷോഭങ്ങളും പാരിസ്ഥിതിക സംരക്ഷണത്തിന്റെ പേരിലും വികസനത്തിന്റെ പേരിലും സാധാരണക്കാരായ മനുഷ്യരുടെ ജീവിതങ്ങളെ തെരുവാധാരമാക്കാന്‍ കോര്‍പ്പറേറ്റുകളേയും ഭരണകൂടത്തെയും അനുവദിക്കുകയില്ലെന്നാണ് വിളിച്ചുപറയുന്നത്. അതിനാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരായ സമരത്തോടും ആറന്മുള വിമാനത്താവളത്തിനെതിരായ സമരത്തോടും മാനവ ജീവിതത്തിന് വില കല്‍പ്പിക്കുന്ന ഒരൊറ്റ മനുഷ്യനും ഒരൊറ്റ പ്രസ്ഥാനത്തിനും വിയോജിക്കാനാകുകയില്ല.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കാറ്റും മഴയും മഞ്ഞും വെയിലും സഹിച്ചും ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങളെ അഭിമുഖീകരിച്ചുമാണ് കേരളത്തിന്റെ പശ്ചിമഘട്ട മലയോര പ്രദേശങ്ങളിലേക്ക് മനുഷ്യര്‍ കുടിയേറിപ്പാര്‍ത്തതും കഠിനാധ്വാനം കൊണ്ട് തേയില, കാപ്പി, ഏലം, ഇഞ്ചി, കുരുമുളക്, മഞ്ഞള്‍ തുടങ്ങിയവ കൃഷി ചെയ്ത് മണ്ണില്‍ പൊന്ന് വിളയിച്ചതും. ഇങ്ങനെ ജീവിതം കെട്ടിപ്പടുത്ത അനേകായിരങ്ങള്‍ക്ക് ആദ്യം ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വഴിയും പിന്നീടിപ്പോള്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വഴിയും കുടിയിറങ്ങേണ്ടിവരുമെന്ന ജീവല്‍ഭീഷണിയാണ് ഉണ്ടായിരിക്കുന്നത്.
ആ ഭീഷണിയാണ് മലയോരനിവാസികളെ ജാതി മത കക്ഷിഭേദമന്യേ സമരപ്രക്ഷോഭങ്ങളിലേക്ക് കൊണ്ടെത്തിച്ചതും. ഒരു പഞ്ചായത്ത് റോഡിന് വേണ്ടി അര സെന്റ് ഭൂമി തന്റെ പുരയിടത്തില്‍ നിന്ന് വിട്ടുകൊടുക്കാതിരിക്കാന്‍ നിയമപരമായി പഴുതുകള്‍ തേടി വക്കീലുമാരെയും കോടതിയേയും സമീപിക്കുന്നവര്‍ അപൂര്‍വമല്ലാത്ത നാട്ടില്‍, പാരിസ്ഥിതിക സംരക്ഷണത്തിനു വേണ്ടി താന്‍ കൃഷി ചെയ്ത ഭൂമിയും താനും കുടുംബവും പാര്‍ത്തുവരുന്ന വീടും ഒക്കെ ഉപേക്ഷിക്കേണ്ടിവരുമെന്നു തോന്നുമ്പോള്‍ അതിനെതിരെ ജനങ്ങള്‍ സമരരംഗത്തേക്ക് വരുമെന്നതിനെ സാമാന്യബോധ്യമുള്ള ഒരാള്‍ക്കും അധിക്ഷേപിക്കാനാകില്ല. വെള്ളാപ്പള്ളി നടേശനെപ്പോലുള്ളവര്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ മലയോരവാസികള്‍ നടത്തുന്ന സമരത്തെ അധിക്ഷേപിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന് സാമാന്യബോധം നന്നേ കുറവാണന്നു ഒരിക്കല്‍ കൂടി അദ്ദേഹം സ്ഥിരീകരിച്ചു എന്നേ പറയേണ്ടതുള്ളൂ.
“പശ്ചിമഘട്ട മലനിരപ്രദേശങ്ങള്‍ പാരിസ്ഥിതികലോലമേഖലയാണ്. അവിടെ മനുഷ്യന്‍ ജീവിക്കുന്നത് പരിസ്ഥിതിക്ക് ഭീഷണിയുമാണ്.” ഏറ്റവും ചുരുക്കത്തില്‍ ഇതാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെയും തുടര്‍ന്നുവന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെയും വാദഗതികളുടെ സ്വഭാവം. പന്നിയും പോത്തും പെരുച്ചാഴിയും കുരങ്ങും മുയലും മാനും മയിലും ഒന്നും പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന ജീവികളല്ല. അതിനാല്‍ അവകളൊന്നും വിതക്കുകയോ കൊയ്യുകയോ കളപ്പുരകളില്‍ ശേഖരിക്കുകയോ പതിവില്ല. ഏലവും ഇഞ്ചിയും കുരുമുളകും കറുവാപ്പട്ടയും മഞ്ഞളും ഒന്നും ഒരു മൃഗത്തിനും ജീവിക്കാന്‍ ആവശ്യവുമില്ല. മനുഷ്യനു മാത്രമേ ആ വിഭവങ്ങള്‍ ആവശ്യമുള്ളൂ. അതിനാല്‍ തന്നെ അവനതു കൃഷി ചെയ്യുന്നതിനുള്ള കഴിവും പ്രകൃതിസിദ്ധമായി ഉണ്ടായി എന്നു മതേതരഭാഷയിലും ദൈവം മനുഷ്യനു കൃഷി ചെയ്യാനുള്ള കഴിവുകള്‍ നല്‍കി എന്ന് മതാത്മക ഭാഷയിലും പറയാം. മനുഷ്യന്‍ അവന്റെ കഴിവ് ഉപയോഗിച്ച് അഥവാ ചിന്താശക്തി ഉപയോഗിച്ച് പാരിസ്ഥിതികയിലെ സ്വാഭാവിക വിളകളെ പ്രത്യേകം വളര്‍ത്താന്‍ തുടങ്ങി. ഇതാണ് ചുരുക്കത്തില്‍ കൃഷി.
ഇതിവിടെ പറയാന്‍ കാരണം മനുഷ്യന്‍ എവിടെ ജീവിച്ചാലും മറ്റേതു മൃഗം ജീവിച്ചാലും സംഭവിക്കാത്ത പരിവര്‍ത്തനങ്ങള്‍ അവിടെയെല്ലാം ഉണ്ടാകും. മനുഷ്യന്റെ ചിന്താശേഷിയാണ് പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്നത്. പാരിസ്ഥിതികമായ ജീവിത സാഹചര്യങ്ങളെ ആശ്രയിച്ചു ജീവിച്ചുകൊണ്ടു തന്നെ പാരിസ്ഥിതികതയില്‍ പരിവര്‍ത്തനമുണ്ടാക്കാന്‍ കഴിവുള്ള സവിശേഷ ജീവിയാണ് വിശ്വപ്രകൃതിയില്‍ മനുഷ്യന്‍. അതിനാല്‍, ആ വിശിഷ്ട ജീവിയുടെ നിലനില്‍പ്പിനെ വഴിയാധാരമാക്കിക്കൊണ്ടുള്ള ഏതൊരു പാരിസ്ഥിതിക സംരക്ഷണവും ഭൂമിയില്‍ പന്നിയും പെരുച്ചാഴിയും സിംഹവാലന്‍ കുരങ്ങും തേരട്ടയും മാത്രം ജീവിച്ചാല്‍ മതി എന്ന പ്രാകൃതവാദമാണ്. കൃഷിയെ പോലും പരിഗണിക്കാത്ത പ്രാകൃത വാദം. മനുഷ്യന് ഇനി കാളവണ്ടി യുഗത്തിലേക്ക് വായു സംരക്ഷണത്തിന് വേണ്ടി മടങ്ങാന്‍ ആകുകയില്ല എന്നതിനാല്‍, മനുഷ്യന്റെ പുരോഗതിയെ പാടെ അവഗണിച്ചുകൊണ്ടുള്ള മേല്‍പ്പറഞ്ഞ പാരിസ്ഥിതിക വാദങ്ങള്‍ ആമൂലാഗ്രം പുനഃപരിശോധിക്കേണ്ടതുണ്ട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനു പ്രായോഗിക പ്രാബല്യം ഉണ്ടാക്കുന്നതിനു മുമ്പ് അത് കമ്പോട് കമ്പ് മനുഷ്യജീവിത സന്ധികളെ മാനിച്ചുകൊണ്ട് പുനഃപരിശോധനക്ക് വിധേയമാക്കണം.
ഇപ്പറഞ്ഞതിനര്‍ഥം ഭൂമിയില്‍ മനുഷ്യന് ജീവിക്കാന്‍ വേണ്ടതു മാത്രം നിലനിന്നാല്‍ മതി എന്നു മനുഷ്യമാത്ര വാദം ശരിയാണെന്നല്ല. ഭൂമിയില്‍ മനുഷ്യനെപ്പോലെ തന്നെ മനുഷ്യേതര സൃഷ്ടികള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്. മിണ്ടാപ്രാണികളായ മനുഷ്യേതര ജീവികളുടെ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി കൂടി മിണ്ടുമ്പോള്‍ മാത്രമേ മനുഷ്യനില്‍ ഋഷിയും ബുദ്ധനും ഒക്കെ സംഭവിക്കൂ. എന്നു കരുതി ചിന്താശക്തിയുള്ള മനുഷ്യജീവിയുടെ പരിവര്‍ത്തന സിദ്ധികളെ പാടെ അവഗണിച്ചുകൊണ്ട് പാരിസ്ഥിതിക സംരക്ഷണ വാദം ഉയര്‍ത്തുന്നവരുടെ “ഹരിതരാഷ്ട്രീയം” മനുഷ്യവിരുദ്ധമാണ് എന്നതിനാല്‍ തന്നെ അനഭിലഷണീയവുമാണെന്ന കാര്യം പറയാതെ വയ്യ.

Latest