പരപ്പനങ്ങാടി റെയില്‍വേ മേല്‍പ്പാലം വൈദ്യുതീകരണ ധൂര്‍ത്തിനെതിരെ പ്രതിഷേധം ശക്തം

Posted on: November 22, 2013 8:00 am | Last updated: November 22, 2013 at 8:20 am

പരപ്പനങ്ങാടി: റെയില്‍വേ മേല്‍പാല വൈദ്യുതീകരണ ധൂര്‍ത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. മേല്‍പാലത്തില്‍ ആവശ്യത്തിലേറെ ദീപങ്ങള്‍ സ്ഥാപിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. ഓരോ പത്ത് മീറ്ററിലും ഒരു ലൈറ്റ് എന്ന നിലക്കാണ് വിളക്കുമാടം സ്ഥാപിക്കുന്നത്.
അമൂല്യമായ വൈദ്യുതി ധൂര്‍ത്തടിച്ച് കളയുകയാണ് ഇതിലൂടെ ചെയ്യുന്നത്. സ്വകാര്യ വ്യക്തികള്‍ക്കോ സ്ഥാപനത്തിനോ തടിച്ചുകൊഴുക്കാന്‍ ഗ്രാമപഞ്ചായത്ത് അവസരമൊരുക്കുകയാണെന്നാണ് പരാതി. ഓരോ വിളക്കുമാടത്തിലും പരസ്യക്കാരന്റെ ബോര്‍ഡ് സ്ഥാപിച്ചിരിക്കും. ഇങ്ങനെ പരസ്യത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ചാണ് വൈദ്യുതിക്ക് പണം അടവാക്കുന്നത്.
കൂടാതെ വിളക്കുമാടങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള ചെലവുകളും അറ്റകുറ്റപ്പണികളും സ്വകാര്യ വ്യക്തികളാണ് നടത്തുക. എന്നാല്‍ ടൗണ്‍ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി 27 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച വിളക്കുമാടങ്ങളും കണ്ണ് ചിമ്മിയിട്ട് മാസങ്ങള്‍ തന്നെയായി. ഇവയുടെ അറ്റകുറ്റപ്പണികള്‍ കൂടി ഈ സ്വകാര്യ വ്യക്തികള്‍ നടത്തുമെന്നാണത്രെ പറഞ്ഞിരുന്നത്. ഗ്രാമപഞ്ചായത്ത് അധികൃതരുടെ കെടുകാര്യസ്ഥതയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കേണ്ട ലക്ഷക്കണക്കിന് രൂപ ആസൂത്രണമില്ലാതെ ചെലവഴിച്ച് പദ്ധതികള്‍ ജനോപകാരപ്രദമല്ലാത്ത അവസ്ഥയിലെന്നാണ് ആരോപണം.