‘അഖണ്ഡ ഭാരത മുന്നണി’യുമായി മമതയും ജഗനും

Posted on: November 21, 2013 11:33 pm | Last updated: November 21, 2013 at 11:33 pm

കൊല്‍ക്കത്ത: ഐക്യ ആന്ധ്രക്ക് പിന്തുണ തേടി വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഢി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയെ കണ്ടു. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബദല്‍ മുന്നണിക്കുള്ള ശ്രമമായും ഇതിനെ വ്യാഖ്യാനിക്കുന്നുണ്ട്. ‘അഖണ്ഡ ഭാരത മുന്നണി’ എന്നാണ് മമത ഇതിനെ വിശേഷിപ്പിച്ചത്. എന്നാല്‍, ഇതിനെ സംബന്ധിച്ച് വിശദീകരിക്കാന്‍ മമത തയ്യാറായില്ല. അഖണ്ഡ ഭാരത മുന്നണിക്ക് ശേഷമേ ഫെഡറല്‍ മുന്നണി വരികയുള്ളൂവെന്ന് മമത പറഞ്ഞു.
മമതയുടെ നേതൃത്വത്തിലുള്ള പ്രാദേശിക പാര്‍ട്ടികളുടെ മറ്റൊരു മുന്നണിയാണ് ഇതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചന നല്‍കി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം സംസ്ഥാനങ്ങളില്‍ വന്‍ നേട്ടമുണ്ടാക്കി മുന്നണി രൂപവത്കരിക്കുകയെന്ന പദ്ധതിയാണുള്ളത്. ‘ഞങ്ങളുടെ നിലപാട് വ്യക്തമാണ്. അഖണ്ഡ ഭാരതത്തിനും ഈ രാജ്യത്തെ ജനങ്ങള്‍ക്കും വേണ്ടിയാണ് നിലകൊള്ളുന്നത്. പ്രാദേശിക ആവശ്യങ്ങള്‍ ഉയരുന്ന സംസ്ഥാനങ്ങള്‍ ഉണ്ട്. എന്നാല്‍, വികസനത്തിന് ജില്ലകള്‍ വിശാലമാക്കുകയോ പുതിയ ജില്ലകള്‍ രൂപവത്കരിക്കുകയോ ചെയ്യണമെന്ന നിലാപാടാണ് തങ്ങള്‍ക്കുള്ളത്.’ പശ്ചിമ ബംഗാളിന്റെ പുതിയ സെക്രട്ടേറിയറ്റായ നബന്നയില്‍ ജഗനുമായി ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ചക്ക് ശേഷം മമത പറഞ്ഞു.
‘അഖണ്ഡ ഭാരത മുന്നണിയെ സംബന്ധിച്ച് ആദ്യം സംസാരിക്കാം. ഫെഡറല്‍ മുന്നണി പിന്നീടാകട്ടെ. മൂന്നാം മുന്നണിക്കോ മതേതരത്വ മുന്നണിക്കോ വേണ്ടി തങ്ങള്‍ നിലകൊള്ളുന്നില്ല.’ മമത കൂട്ടിച്ചേര്‍ത്തു. സംസ്ഥാന വിഭജനം പോലെയുള്ള വിഷയങ്ങളില്‍ പൊതു സമവായത്തിലൂടെ തീരുമാനമാകേണ്ടതാണ്. അടിച്ചേല്‍പ്പിക്കുന്ന തരത്തിലാകരുത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരം തീരുമാനങ്ങളിലൂടെ ജനങ്ങളെ ഇളക്കിവിടരുത്. ഇത് രാഷ്ട്രീയപ്രേരിതമാണ്. വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെ ആരംഭഘട്ടം മുതലേ ജഗനുമായി സഹകരിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.
വിഭജന ബില്ലിനെ പാര്‍ലിമെന്റില്‍ എതിര്‍ക്കണമെന്ന് ജഗന്‍ പറഞ്ഞു. അതിന് പിന്തുണ തേടിയാണ് മമതയെ കണ്ടത്. അവര്‍ സമ്മതിച്ചു. അതിന് ഒരുപാട് നന്ദിയുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.