മോട്ടോര്‍ കേടായി; മാടക്കാല്‍ കടവ് തുടങ്ങിയ ഉടനെ മുടങ്ങി

Posted on: November 21, 2013 10:31 am | Last updated: November 21, 2013 at 10:31 am

തൃക്കരിപ്പൂര്‍: സമരങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ശേഷം ഇന്നലെ ആരംഭിച്ച മടക്കാല്‍ കടവ് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം മുടങ്ങി. പഞ്ചായത്ത് അനുവദിച്ച മോട്ടോര്‍ സര്‍വീസ് നടത്തുന്നതിനിടയില്‍ കേടായത് കാരണമാണ് കടവ് മുടങ്ങിയത്. ഇതോടെ ഈ കടവിനെ ആശ്രയിച്ച് യാത്ര ചെയ്യുന്ന തൃക്കരിപ്പൂര്‍ കടപ്പുറം, ഉദിനൂര്‍ കടപ്പുറം തുടങ്ങിയ തീരദേശവാസികളുടെ യാത്രാ ദുരിതം ഇരട്ടിച്ചു. വിദ്യാര്‍ഥികളടക്കം ചിലര്‍ വിദൂരങ്ങളിലുള്ള മറ്റ് കടവുകളെയും, സ്വകാര്യ തോണികളെയും ആശ്രയിച്ച് മറുകരപറ്റി. മറ്റു ചിലര്‍ യാത്ര ഉപേക്ഷിക്കേണ്ടി വന്നു.
മടക്കാല്‍ പാലം തകര്‍ന്നതിന് ശേഷം ഈ കടവില്‍ സ്ഥിരമായ തോണി സര്‍വിസ് ഉണ്ടായിരുന്നില്ല. തോണി സര്‍വീസ് കൃത്യമായി പുനരാരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം രാവിലെ മുതല്‍ നാട്ടുകാര്‍ പഞ്ചായത്ത് ഉപരോധിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് തോണിയും മോട്ടോറും നല്‍കാന്‍ തീരുമാനമാവുകയും ഉപരോധം പിന്‍വലിക്കുകയും ചെയ്തത്.
പഞ്ചായത്ത് നല്‍കിയ മോട്ടോര്‍ ഉപയോഗിച്ച് ഇന്നലെ രാവിലെ ഏഴു മുതല്‍ ഒരു മണിക്കൂറോളം സര്‍വീസ് നടത്തിയെങ്കിലും പിന്നീട് പ്രവര്‍ത്തിക്കാതതായി. യാത്രക്കാരുമായി കായല്‍ മദ്ധ്യത്തിലെത്തിയ തോണി, മോട്ടോര്‍ കേടായതിനെ തുടര്‍ന്ന് നിശ്ചലമായപ്പോള്‍ കടത്തുകാരന്‍ ഏറെ പണിപ്പെട്ട് തോണി മാടക്കാള്‍ കടവില്‍ അടുപ്പിക്കുകയായിരുന്നു. ഉച്ചയോടെ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും പാഴായി. തൊട്ടടുത്ത തയ്യില്‍ സൗത്ത് കടപ്പുറത്തെ കടവില്‍ തീരദേശ വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനക്ഷമമായ തോണിയും മോട്ടോറും ഉപയോഗിക്കാതെ കിടക്കുമ്പോഴാണ് മാടക്കാള്‍ നിവാസികള്‍ അവഗണിക്കപ്പെടുന്നത്.
മാടക്കാള്‍ കടവ് പുനഃസ്ഥാപിക്കാന്‍ പ്രദേശവാസികള്‍ പഞ്ചായത്തിനെതിരെ വിവിധ സമര മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറേയായി. കഴിഞ്ഞ ദിവസം അതിരാവിലെ വലിയപറമ്പ പഞ്ചായത്തിന്റെ തെക്കേ അറ്റത്തുള്ള സ്ത്രീകളും കുട്ടികളുമടക്കം പഞ്ചായത്തിന് മുന്നിലെത്തി. ഒരു ജീവനക്കാരനെയും അകത്തു കടത്തിവിടാതെ ഉപരോധം തീര്‍ത്തപ്പോഴാണ് പഞ്ചായത്ത് അധികൃതരും പോലീസും ഇടപെട്ട് പ്രശ്‌ന പരിഹാരത്തിന് വഴി തെളിയിച്ചത്. പിന്നീട് ഏറെ ആശ്വാസത്തോടെ കടവിലെത്തിയ നാട്ടുകാര്‍ വീണ്ടും നിരാശയിലായ അവസ്ഥയിലായി. നേരത്തെ തന്നെ പഞ്ചായത്ത് നല്‍കിയ മോട്ടോറിനെക്കുറിച്ച് ആക്ഷേപമുണ്ടായിരുന്നു.