Connect with us

Kozhikode

താമരശ്ശേരി അക്രമം: അന്വേഷണത്തിന് ഏഴംഗ സംഘം

Published

|

Last Updated

താമരശ്ശേരി: മലയോര ഹര്‍ത്താലിനിടെ താമരശ്ശേരിയിലുണ്ടായ അക്രമസംഭവങ്ങള്‍ വിലയിരുത്താന്‍ എ ഡി ജി പി. എന്‍ ശങ്കര്‍ റെഡ്ഢി താമരശ്ശേരിയിലെത്തി. താമരശ്ശേരി ഡി വൈ എസ് പി ഓഫീസില്‍ നടന്ന അവലോകന യോഗത്തില്‍ ഡി വൈ എസ് പി. ജെയ്‌സണ്‍ കെ അബ്രഹാം, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി. പി കെ രാജു, താമരശ്ശേരി സി ഐ. പി ബിജുരാജ് എന്നിവരും താമരശ്ശേരി, കോടഞ്ചേരി, തിരുവമ്പാടി എസ് ഐമാരും പങ്കെടുത്തു.
വെള്ളിയാഴ്ചയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് താമരശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സംബന്ധിച്ചും ഇതിലെ പ്രതികളെ തിരിച്ചറിയുന്നത് സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ എ ഡി ജി പി നിര്‍ദേശം നല്‍കി.
പോലീസ് പകര്‍ത്തിയ ദൃശ്യങ്ങളിലെയും നാട്ടുകാര്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളിലെയും ഇരുനൂറോളം പ്രതികളെ പോലീസ് തിരിച്ചറിഞ്ഞതായാണ് സൂചന. അടിവാരത്തും കൈതപ്പൊയിലിലും പോലീസിനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചതും പോലീസ് വാഹനം കത്തിച്ചതും ഫോറസ്റ്റ് ഓഫീസും വാഹനങ്ങളും കത്തിച്ചതും അന്വേഷിക്കാന്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി വൈ എസ് പി. പി പി സദാനന്ദന്റെ നേതൃത്വത്തില്‍ പ്രത്യക സംഘത്തെ നിയോഗിച്ചു. ബാലുശ്ശേരി സി ഐ അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ള ഏഴംഗ സംഘമാണ് ഈ കേസുകള്‍ അന്വേഷിക്കുക.
മറ്റു കേസുകളുടെ അന്വേഷണം താമരശ്ശേരി ഡി വൈ എസ് പിയുടെ നേതൃത്വത്തിലായിരിക്കും. അക്രമികളുടെ കൂടുതല്‍ ദൃശ്യങ്ങള്‍ ഇതിനകം പോലീസിന് ലഭിച്ചിട്ടുണ്ട്. നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കാനും അക്രമികള്‍ രക്ഷപ്പെടാതിരിക്കാനും പോലീസ് കരുതലോടെയാണ് നീങ്ങുന്നത്.