Connect with us

Malappuram

പോലീസിന് തലവേദനയായി അന്യ സംസ്ഥാന തൊഴിലാളികളുടെ കുറ്റകൃത്യങ്ങള്‍

Published

|

Last Updated

വണ്ടൂര്‍: അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുമ്പോള്‍ ഇവയെ കുറിച്ചുള്ള അന്വേഷണം പോലീസിന് പലപ്പോഴും അതിസാഹസികത നിറഞ്ഞതായി മാറുകയാണ്.
കേസിലുള്‍പ്പെട്ട പ്രതികളിലേക്കുള്ള അന്വേഷണം എത്താനുള്ള വിവരങ്ങളുടെ ഉറവിടങ്ങള്‍ ലഭിക്കാതെ വരുന്നത് പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമാകുകയാണ്. ബംഗാള്‍, ബീഹാര്‍, ഒറീസ, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവ നൂറുകണക്കിന് തൊഴിലാളികളാണ് കൂടുതലായും വിവിധ ജോലികള്‍ക്കായി എത്തുന്നത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പല വിധ കുറ്റകൃത്യങ്ങളില്‍ പ്രതികളായ പലരും ഇടത്താവളമായി രക്ഷക്കെത്തുന്നവരും ഉണ്ട്. എന്നാല്‍ ഭൂരിപക്ഷവും വിവിധ തൊഴിലുകളിലേര്‍പ്പെട്ട് കുടുംബം പോറ്റാനെത്തുന്നവരാണ്.
എന്നാല്‍ കൃത്യമായ രേഖകളില്ലാതെയാണ് പല അന്യസംസ്ഥാന തൊഴിലാളികളും കേരളത്തിലെത്തുന്നത്. തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ കുറവാണ്. കൂടാതെ വ്യാജ തിരച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ജോലി ചെയ്യുന്നവരും ഏറെയുണ്ട്. മൊബൈല്‍ ഫോണ്‍ സിം കണക്ഷനെടുക്കാനും മറ്റും ഇത്തരം കാര്‍ഡുകളാണ് ഇവര്‍ ഉപയോഗിക്കുന്നത്.
വ്യക്തിയുടെ ഫോട്ടോ മാറ്റി ഒരേ തിരിച്ചറിയല്‍ കാര്‍ഡ് എടുക്കുന്നവരും ഉണ്ട്. തൊഴിലാളികളെ ഇറക്കുമതി ചെയ്ത് കരാറുകാരുമായി ബന്ധിപ്പിക്കുന്ന ഇടനിലക്കാരാണ് ഇത്തരത്തില്‍ വ്യാജ രേഖകളുണ്ടാക്കുന്നതെന്നാണ് വിവരം. ഇത് പോലീസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുകയാണ്.
സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് പലപ്പോഴും പ്രതികളെ പിടികൂടാറുള്ളത്. എന്നാല്‍ പശ്ചിമ ബംഗാളിലും മറ്റും കേരളത്തെ പോലെ മൊബൈല്‍ ടവറുകളും ഇത്ര വ്യാപകമല്ല. ചെറിയ കോളനികളിലായിട്ടാണ് കുടുംബങ്ങളും താമസം. ഒരു കോളനിയില്‍ നിന്ന് മറ്റൊരു കോളനിയിലെത്താന്‍ 50 കിലോമീറ്ററെങ്കിലും യാത്രചെയ്യണം.
കഴിഞ്ഞ ദിവസം അറസ്റ്റിലായ പാണ്ടിക്കാട് വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വളരെ സാഹസപ്പെട്ടാണ് പോലീസ് പിടികൂടിയത്. ഇതിനായി തോടുകളും പുഴകളും കടന്ന് പോലീസ് യാത്ര ചെയ്തു. പശ്ചിമ ബംഗാള്‍, 24ഫര്‍ഗാനാസ് സൗത്ത് ജില്ലയിലെ സൂര്യ ബ്രിന്ദകേരിയിലേക്ക് മുക്കാല്‍ മണിക്കൂറോളം ബോട്ടിലൂടെ യാത്ര ചെയ്താണ് പോലീസ് എത്തിച്ചേര്‍ന്നത്.
തുടര്‍ന്ന് പ്രതികളുടെ കേന്ദ്രത്തിലേക്കെത്താന്‍ തോടിന് കുറുകെ മുളകൊണ്ട് നിര്‍മ്മിച്ച പാലം ഉള്‍പ്പടെയുള്ളവ കടന്നെത്തിയാണ് പോലീസ് ഇവരെ പിടികൂടിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഭാഷാപരമായ അറിവില്ലായ്മയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുള്ള കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കൂടാതെ കേരള സൈബര്‍ സംവിധാനം പോലുള്ളവയുടെ കുറവും ഇത്തരം അന്വേഷണ കേന്ദ്രങ്ങളിലെ പ്രാദേശിക പോലീസിന്റെ നിസഹകരണവും കേരള പോലീസിന് തിരിച്ചടിയാകാറുണ്ട്.
പ്രാദേശിക ഗുണ്ടകളുമായുള്ള അവിടങ്ങളിലെ പോലീസുകാരുടെ ബന്ധവും പ്രതികൂല ഘടകങ്ങളാണ്. കൂടാതെ ഇത്തരം അന്വേഷണം നടത്താന്‍ പോലീസിന് വരുന്ന ചെലവും ഭാരിച്ചതാണ്.