മുശര്‍റഫിന്റെ വിചാരണക്കായി മൂന്നംഗ ജഡ്ജുമാരുടെ പാനല്‍

Posted on: November 21, 2013 8:05 am | Last updated: November 21, 2013 at 8:05 am

ഇസ്‌ലാമാബാദ്: മുശര്‍റഫിന്റെ വിചാരണക്കായി മൂന്നംഗ ജഡ്ജുമാരുടെ പാനലിനെ പ്രധാനമന്ത്രി നവാസ് ശരീഫ് നിര്‍ദേശിച്ചു. രാജ്യത്തെ ഏറ്റവും ശ്രദ്ധാകേന്ദ്രമായ കേസാണ് മുശര്‍റഫിനെതിരെയുള്ളത്.
പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുക. ജസ്റ്റിസ് ഫൈസല്‍ അറബ് ആണ് ബഞ്ചിന്റെ അധ്യക്ഷന്‍. സിന്ധ് ഹൈക്കോടതിയിലെ ജസ്റ്റിസാണ് ഫൈസല്‍ അറബ്. ബലൂചിസ്ഥാന്‍ ഹൈക്കോടതി ജഡ്ജ് സയ്യിദ് താഹിറ സഫ്ദര്‍, ലാഹോര്‍ ഹൈക്കോടതി ജഡ്ജ് യാസിര്‍ അലി എന്നിവരാണ് പാനലിലെ മറ്റംഗങ്ങള്‍.
നേരത്തേ പാക്കിസ്ഥാന്‍ സുപ്രീം കോടതി അഞ്ച് ഹൈക്കോടതി ജഡ്ജുമാരുടെ പേരുകള്‍ ഭരണഘടനയുടെ അനുച്ചേദം ആറ് പ്രകാരം മുശര്‍റഫിനെതിരെയുള്ള വിചാരണക്കായി നിര്‍ദേശിച്ചിരുന്നു. ഇസ്‌ലാമാബാദ് ഹൈക്കോടതി ജഡ്ജ് നൂറുല്‍ ഹഖ് എന്‍ ഖുറേഷി, ലാഹോര്‍ ഹൈക്കോടതിയിലെ യാവര്‍ അലി, സിന്ധ് ഹൈക്കോടതിയിലെ ഫൈസല്‍ അറബ്, ബലൂചിസ്ഥാന്‍ ഹൈക്കോടതിയിലെ താഹിറ സഫ്ദാര്‍, പെഷാവര്‍ ഹൈക്കോടതിയിലെ യഹ്‌യ അഫ്രീദി എന്നിവാരായിരുന്നു സുപ്രീം കോടതിയുടെ പാനലിലെ അംഗങ്ങള്‍.
പ്രധാനമന്ത്രി തിരഞ്ഞെടുത്ത പേരുകള്‍ സുപ്രീം കോടതി രജിസ്ട്രാറിന് അയച്ചു നല്‍കുമെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ലാല്‍ മസ്ജിദ് സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ മുശര്‍റഫ് ഈയിടെയാണ് വിട്ടു തടങ്കലില്‍ നിന്ന് മോചിതനായത്. രാജ്യം വിട്ടുപോകാനുള്ള വിലക്ക് ഇപ്പോഴും അദ്ദേഹത്തിന് തുടരുന്നുണ്ട്. വിലക്ക് നീക്കണമെന്ന് മുശര്‍റഫ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ടെങ്കിലും കോടതി പരിഗണിച്ചിട്ടില്ല.
പാക്കിസ്ഥാന്‍ ചീഫ് ജസ്റ്റിസ് ഇഫ്താര്‍ മുഹമ്മദ് ചൗധരിയാണ് ഹൈക്കോടതികളോട് പാനലിലേക്ക് ജഡ്ജുമാരെ നാമനിര്‍ദേശം ചെയ്യാന്‍ ആവശ്യപ്പെട്ടത്. പാക്കിസ്ഥാന്റെ ചരിത്രത്തിലാദ്യമായാണ് മുന്‍ പ്രസിഡന്റിനെ വിചാരണ ചെയ്യുന്നത്. പാനല്‍ തയ്യാറായതോടെ ഞായറാഴ്ചയോടെ വിചാരണ നടപടികള്‍ക്ക് തുടക്കമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.