കൊച്ചിയിലെ സച്ചിന്‍ പവലിയന്‍ തുറന്നു

Posted on: November 20, 2013 11:04 am | Last updated: November 21, 2013 at 7:02 am

sachin12-350x210കൊച്ചി: കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിലെ സച്ചിന്‍ പവിലിയന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി ലോകത്തിനു സമര്‍പ്പിച്ചു. രാവിലെ പരിശീലനത്തിനായി കലൂര്‍ സ്റ്റേഡിയത്തിലെത്തിയപ്പോഴാണ് വെസ്റ്റിന്‍ഡീസിന്റേയും ഇന്ത്യയുടേയും കളിക്കാരെ സാക്ഷിനിര്‍ത്തി ധോണി പവലിയന്‍ നാടിനു സമര്‍പ്പിച്ചത്. ഗ്രൗണ്ടിലെത്തിയ ധോണിയെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി ചെയര്‍മാന്‍ ടി.സി മാത്യു സ്വീകരിച്ചു.

പവലിയന്‍ അനാശ്ചാദനം ചെയ്ത ശേഷം പവലിയനിലെ കാഴ്ചകള്‍ കാണാനും ധോണി സമയം ചെലവഴിച്ചു. അഞ്ച് മിനിറ്റോളം പവലിയനില്‍ ചെലവഴിച്ച ശേഷമാണ് അദ്ദേഹം പരിശീലനത്തിനായി പോയത്. വെസ്റ്റിന്‍ഡീസ് ടീം മാനേജരും ധോണിക്ക് ശേഷം പവലിയന്‍ സന്ദര്‍ശിച്ചു. വിഖ്യാത താരം ബ്രാഡ്മാന്‍ സച്ചിന്റെ ബാറ്റില്‍ ഒപ്പിടുന്ന രംഗമുള്‍പ്പെടെ സച്ചിന്റെ ക്രിക്കറ്റ് ജീവിതത്തിലെ അവിസ്മരണീയ രംഗങ്ങള്‍ പവിലിയനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൊച്ചിയില്‍ മുമ്പു നടന്ന രണ്ടു ഏകദിനങ്ങളില്‍ അഞ്ചു വിക്കറ്റ് നേടിയ സച്ചിന്റെ അപൂര്‍വ ബൗളിംഗ് പ്രകടനങ്ങളുടെ ചിത്രങ്ങളും പവിലിയനിലുണ്ട്.

മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ വിരമിക്കല്‍ ടെസ്റ്റിനുശേഷം കാണികളെ ഇരുകൈകളും ഉയര്‍ത്തി അഭിവാദ്യം ചെയ്യുന്ന സച്ചിന്റെ ചിത്രവും പവിലിയനില്‍ സ്ഥാനംപിടിക്കും. ജിസിഡിഎയുടെ നേതൃത്വത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ സഹകരണത്തോടെയാണു സച്ചിന്‍ പവിലിയന്‍ ഒരുക്കിയിരിക്കുന്നത്.