Connect with us

International

ഫോണ്‍ ചോര്‍ത്തല്‍: ഇന്തോനേഷ്യ ആസ്‌ത്രേലിയയിലെ സ്ഥാനപതിയെ തിരിച്ച് വിളിച്ചു

Published

|

Last Updated

ജക്കാര്‍ത്ത: 2009ല്‍ തന്റെ മൊബൈല്‍ ഫോണ്‍ വിളികള്‍ ചോര്‍ത്താന്‍ ആസ്‌ത്രേലിയന്‍ സുരക്ഷാ ഏജന്‍സി ശ്രമിച്ചുവെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഇന്തോനേഷ്യന്‍ പ്രസിഡന്റ് സുസിലോ ബംബാംഗ് യുധോയോന ആസ്‌ത്രേലിയയിലെ തങ്ങളുടെ അംബാസഡറെ തിരികെ വിളിച്ചു. ഉഭയകക്ഷി സഹകരണം സംബന്ധിച്ച് പുനരാലോചന നടത്താനും ഇദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്. ഇന്തോനേഷ്യന്‍ പ്രഥമവനിത ക്രിസ്റ്റിന് ഹിരാവതിയുടേയും എട്ട് മന്ത്രിമാരുടേയും മറ്റ് ഉദ്യോഗസ്ഥരുടേയും ഫോണുകള്‍ ചോര്‍ത്തിയെന്ന് എന്‍ എസ് എ വിവരങ്ങള്‍ ചോര്‍ത്തിയ എഡ്വേര്‍ഡ് സ്‌നോഡനെ ഉദ്ധരിച്ച് ആസ്‌ത്രേലിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷനും ഗാഡിയന്‍ പത്രവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. 2009 ആഗസ്റ്റില്‍ പ്രസിഡന്റിന്റെ ഫോണ്‍ സംഭാഷണം ഒരു തവണ ചോര്‍ത്തുകയും 15 ദിവസം പിന്തുടരുകയും ചെയ്തതായി ആസ്‌ത്രേലിയന്‍ സിഗ്നല്‍സ് ഡയറക്ടറേറ്റിന്റെ രേഖകള്‍ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇത് രണ്ടാം തവണയാണ് ചാരവൃത്തി സംബന്ധിച്ച് ഇന്തോനേഷ്യക്കും ആസ്‌ത്രേലിയക്കും ഇടയില്‍ നയതന്ത്ര ശണ്ഠകള്‍ ഉയര്‍ന്നുവരുന്നത്. ചാരവൃത്തിയുടെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധങ്ങള്‍ പുനഃപരിശോധിക്കുമെന്ന് ഇന്തോനേഷ്യന്‍ രാഷ്ട്രീയകാര്യ സുരക്ഷാകാര്യ വകുപ്പ് മന്ത്രി ജോകോ സുയാന്റോ പറഞ്ഞു. എന്നാല്‍ ചാരവൃത്തി സംബന്ധിച്ച റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ 2009ല്‍ അധികാരത്തിലില്ലായിരുന്ന ആസത്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട് വിസമ്മതിച്ചു. എല്ലാ സര്‍ക്കാറുകളും വിവരങ്ങള്‍ ശേഖരിക്കുമെന്ന് മററ് എല്ലാ സര്‍ക്കാറുകള്‍ക്കും അറിയാം. ഇത്തരം വിവരങ്ങള്‍ തങ്ങളുടെ സഖ്യ രാജ്യങ്ങളെ സഹായിക്കാനാണ് ഉപയോഗിക്കുന്നത്. അല്ലാതെ ഉപദ്രവിക്കാനല്ലെന്ന് അബോട്ട് പറഞ്ഞു. നേരത്തെ ഇന്തോനേഷ്യ ആസ്‌ത്രേലിയന്‍ എംബസിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

Latest