അന്വേഷണം മരവിപ്പിക്കുന്നുവെന്ന്; സര്‍വകക്ഷി സമിതി പിളര്‍ന്നു

Posted on: November 20, 2013 8:26 am | Last updated: November 20, 2013 at 8:26 am

പേരാമ്പ്ര: പന്തിരിക്കര പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ പുതിയ തലങ്ങളിലേക്ക്. കേസന്വേഷണം മരവിപ്പിക്കുന്നതിന് വേണ്ടി ബാഹ്യ ഇടപെടലുകളും രാഷ്ട്രീയ ബന്ധവും ഉപയോഗപ്പെടുത്തുന്നതായി ആരോപിച്ച് സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് പ്രബല വിഭാഗം വിട്ടു മാറി നിയമ സഹായ സമിതി രൂപവത്കരിച്ചു.
യു ഡി എഫ് ഒഴികെയുള്ള കക്ഷികളുടെ പ്രതിനിധികള്‍ പേരാമ്പ്രയില്‍ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്ത് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമ പ്രവര്‍ത്തകരുമായി പങ്ക് വെച്ചു.
ദിവസം കഴിയുന്തോറും സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട് സ്‌തോഭജനകമായ വിവരങ്ങളാണ് പുറത്തു വരുന്നതെന്നും ഇതേക്കുറിച്ച് ഒട്ടേറെ വിവരങ്ങള്‍ നിയമ സഹായ വേദിയുടെ കൈവശമുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. സത്യസന്ധവും നീതിപൂര്‍വകവുമായി അന്വേഷണം നടത്തുമെന്ന് ഉറപ്പുള്ള അന്വേഷണ സംഘത്തിന് വിവരം കൈമാറാന്‍ സന്നദ്ധമാണ്. നിലവിലുള്ള ഉദ്യോഗസ്ഥര്‍ക്ക് തെളിവ് നല്‍കിയാല്‍ അവ നശിപ്പിക്കപ്പെടുമെന്ന് ഭയമുണ്ടെന്നും ഇവര്‍ വിശദീകരിച്ചു.
അയല്‍ ജില്ലകളിലുള്‍പ്പെടെയുള്ള പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായെന്ന മാധ്യമങ്ങളുടെ വെളിപ്പെടുത്തല്‍ കൂടി അന്വേഷിക്കുമെന്ന ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന പോലീസ് സേനക്ക് അപമാനമാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇടനിലക്കാരി സറീനയെയും അന്വേഷണോദ്യോഗസ്ഥര്‍ പിടികൂടിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചവരുമുള്‍പ്പെടെ ഒമ്പത് പേര്‍ കസ്റ്റഡിയിലുണ്ടായിട്ടും അവരില്‍ നിന്നൊന്നും ഇത് സംബന്ധിച്ച വിവരം ലഭിച്ചില്ലെന്ന വാദം ജനം വിശ്വസിക്കില്ല.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതുള്‍പ്പെടെ ഒട്ടേറെ വിവരങ്ങള്‍ ലഭിച്ചിരിക്കാന്‍ സാധ്യതയുണ്ടെങ്കിലും അവയൊന്നും പുറം ലോകമറിയാതിരിക്കാനുള്ള തീവ്രശ്രമമാണ് പോലീസ് നിലപാടിലൂടെ വ്യക്തമാകുന്നതെന്നും സമിതി ഭാരവാഹികള്‍ ആരോപിച്ചു.
ഏതാനും ദിവസം മുമ്പ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കുറ്റിയാടിയില്‍ പത്രസമ്മേളനം നടത്തി.
അന്വേഷണ സംഘത്തലവനെതിരെ നടത്തിയ പ്രതികരണം, അന്വേഷണം ശരിയായ ദിശയിലേക്ക് നീങ്ങുന്നില്ലെന്ന കുറ്റപ്പെടുത്തലായിരുന്നു. ഇതേ അഭിപ്രായമാണ് തങ്ങളും ഉന്നയിക്കുന്നത്. പുറത്തറിഞ്ഞതില്‍ നിന്നും വ്യത്യസ്തമായി പല വിദ്യാലയങ്ങളിലെയും പെണ്‍കുട്ടികള്‍ പീഡനത്തിനിരയായതായി സൂചന ലഭിച്ച സാഹചര്യത്തില്‍, വനിതാ ഐ പി എസ് ഉദ്യോഗസ്ഥ ഉള്‍പ്പെടെയുള്ളവര്‍ക്ക് അന്വേഷണം കൈമാറണമെന്നും പീഡനവുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന സാമൂഹിക പ്രശ്‌നം സ്വകാര്യ കൗണ്‍സിലിംഗിലൂടെ പരിഹരിക്കാന്‍ നടപടികളുണ്ടാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ധനിക കുടുംബങ്ങളിലുള്ളവര്‍ ഈ കേസില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ സത്യസന്ധതയുള്ള അന്വേഷണ സംഘത്തിന് മാത്രമേ സത്യം പുറത്തുകൊണ്ടുവരാന്‍ കഴിയുകയുള്ളൂവെന്നും ഇവര്‍ വിശദീകരിച്ചു.