Connect with us

Articles

പേടിപ്പെടുത്തുന്ന പെണ്‍വര്‍ത്തമാനങ്ങള്‍

Published

|

Last Updated

എഴുപതുകാരിയെ പീഡിപ്പിച്ച് കൊന്നുതള്ളി. മൊബൈല്‍ ക്യാമറയില്‍ സ്ത്രിയുടെ ചിത്രം പകര്‍ത്തിയ യുവാവ് പിടിയില്‍… ദിവസവും കേള്‍ക്കുന്ന ഇത്തരം വാര്‍ത്തകള്‍ സ്ത്രീയെ കൂടുതല്‍ ഭയത്തിലേക്ക് തള്ളിവിടുന്നവയാണ്. പൊതുസ്ഥലങ്ങളില്‍ ഏത് നിമിഷവും സ്ത്രീ ഇരയാക്കപ്പെടുമെന്ന അവസ്ഥ നിലനില്‍ക്കുന്നു. ബസ്സിലോ ഓട്ടോറിക്ഷയിലോ തീവണ്ടിയിലോ മാത്രമല്ല വിമാനത്തില്‍ പോലും സ്ത്രീ അപമാനിക്കപ്പെടുകയും ഇരയാക്കപ്പെടുകയും ചെയ്യുന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ഇത്തരം അനുഭവങ്ങളും നിരന്തരം വരുന്ന വാര്‍ത്തകളും സ്ത്രീകളെ വിഷാദരോഗം പോലുള്ള മാനസികാസ്വാസ്ഥ്യങ്ങളില്‍ കൊണ്ടെത്തിക്കുന്നു.
പെണ്‍കുട്ടി പിറന്നു വീഴുമ്പോള്‍ത്തന്നെ, ശാരീരിക കടന്നാക്രമണങ്ങളെക്കുറിച്ചുള്ള ഒരു തരം പേടി മാതാപിതാക്കളുടെ മനസ്സിലുണ്ട്. അറിവ് നേടിത്തുടങ്ങുന്നതോടെ ഏതാണ്ടെല്ലാ പെണ്‍കുട്ടികളും ഈ പേടി അവരുടെ ഉള്ളിലേക്ക് സ്വാംശീകരിക്കുന്നു.
ഇന്ന് സ്ത്രീകള്‍ ക്യാമറയെ പേടിക്കുന്നവരാണ്. ഹോട്ടലിന്റെ ടോയ്‌ലറ്റിലും വസ്ത്ര വ്യാപാരശാലകളിലെ ഡ്രസ്സിംഗ് റൂമിലുമൊക്കെ ഒളിക്യാമറകള്‍ പതുങ്ങിയിരിക്കുകയും സ്ത്രീകളുടെ വസ്ത്രം തെല്ലൊന്നു മാറുന്നതു പോലും ചിത്രീകരിച്ച് ലോകത്തിനു മുന്നിലെത്തിക്കുകയും ചെയ്യുന്ന അശ്ലീലം ചുറ്റും വാഴുമ്പോള്‍ ഇത്തരം പേടി സ്വാഭാവികമാണ്. സ്ത്രീ ഇത്തരം വിഷയങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഭര്‍ത്താവിന്റെയോ സഹോദരന്റെയോ സുഹൃത്തിന്റെയോ കൂടെ സഞ്ചരിക്കാന്‍ പോലും സ്ത്രീ പേടിക്കുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്.
സമൂഹം, സ്‌കൂള്‍, പരിചയക്കാര്‍ , സുഹൃത്തുക്കള്‍ , മോശം കൂട്ടുകാര്‍ തുടങ്ങിയവരില്‍ നിന്നൊക്കെയുണ്ടാകാവുന്ന ദുഃസ്വാധീനങ്ങള്‍ക്ക് മക്കള്‍ വഴങ്ങിപ്പോകുമോ എന്ന പേടി വലിയൊരു വിഭാഗം മാതാക്കളെയും പിതാക്കന്മാരെയും സമ്മര്‍ദത്തിലാക്കുന്നു. പഠനത്തില്‍ പിന്നാക്കമാകുക, ലഹരികളുടെയോ മദ്യത്തിന്റെയോ പിടിയിലാകുക, അശ്ലീല ലൈംഗികതയുടെ പലവിധ മാര്‍ഗങ്ങളിലേതിലെങ്കിലും പെട്ടുപോകുക, അപകടങ്ങളില്‍ പെടുക, തട്ടിക്കൊണ്ടുപോകലുകള്‍, പീഡനങ്ങള്‍, ഇന്റര്‍നെറ്റ് പോലുള്ള മാധ്യമങ്ങളിലൂടെ വീട്ടിനുള്ളിലേക്ക് നീളാവുന്ന അപായസാധ്യതകള്‍ എന്നിങ്ങനെ ഒട്ടേറെ തരത്തിലുള്ള സാധ്യതകള്‍ മാതാക്കളെ ആധിയിലാഴ്ത്തുന്നുണ്ട്. കുട്ടികളുടെ ഏറ്റവും നല്ല കൂട്ടുകാരായി മാറാന്‍ മാതാപിതാക്കള്‍ക്ക് കഴിയുക എന്നതാണ് ഇത്തരം അപകടസാധ്യതകള്‍ കുറക്കാനുള്ള വഴി. അവരോട് എല്ലാ കര്യങ്ങളും തുറന്നു പറയുക, അവരുടെ ഏതു കാര്യത്തിലും ഏറ്റവും നല്ല സുഹൃത്താകുക എന്നതൊക്കെയാണ് മാതാപിതാക്കള്‍ക്ക് ചെയ്യാവുന്ന നല്ല കാര്യം.
മോഷ്ടാവിനെക്കുറിച്ചും മോഷണശ്രമത്തിനിടെ തനിക്ക് അപകടമുണ്ടാകാനുള്ള സാധ്യതയെക്കുറിച്ചും ഭയത്തോടെ കഴിയുന്ന നിരവധി സ്ത്രീകളുണ്ട്. ഒരളവ് വരെ ഇത്തരം ഭയം ഉണ്ടാകുന്നത് നല്ലതു തന്നെ. മോഷണങ്ങളും ആക്രമണങ്ങളും ചെറുക്കാനുള്ള ജാഗ്രതയുണ്ടാകാന്‍ ഇത് സഹായിക്കും. എവിടെയായിരിക്കുമ്പോഴും സ്വന്തം കാര്യങ്ങളെക്കുറിച്ച് പൂര്‍ണബോധത്തോടെ നില്‍ക്കണം. എല്ലാം മറന്ന് അന്തം വിട്ടുനിന്നു പോകുന്നത് മോഷ്ടാക്കളെ സഹായിക്കുകയേ ഉള്ളൂ. തിരക്കുള്ള ഇടങ്ങളിലും മറ്റും വിലപിടിപ്പുള്ളവ സംരക്ഷിക്കാന്‍ പ്രത്യേക ശ്രദ്ധ വേണം. അതേ സമയം ഈ പേടി ഉറക്കമില്ലാത്ത അവസ്ഥ ഉണ്ടാക്കുന്നുവെങ്കില്‍ നല്ലതല്ല. അത് അമിത ഉത്കണ്ഠയാണ്. പ്രായോഗിക ബോധത്തോടെ സുരക്ഷമാര്‍ഗങ്ങള്‍ സ്വീകരിച്ച് സ്വസ്ഥമായിരിക്കുകയാണ് വേണ്ടത്.
സ്ത്രീകള്‍ അനുഭവിക്കുന്ന ഇത്തരം ഭയങ്ങള്‍ ഇല്ലാതാക്കണമെങ്കില്‍ സമൂഹത്തിന്റെ ചിന്തയിലും മനോഭാവത്തിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടായേ തീരൂ. ചെറുപ്പം മുതല്‍ ആത്മവിശ്വാസവും ധൈര്യവും വളരാന്‍ സഹായകമായ വിധം കുട്ടികളെ വളര്‍ത്തണം. കടന്നു കയറ്റങ്ങളെ ചെറുക്കാനുള്ള ശേഷി കുട്ടികള്‍ക്കുണ്ടാകേണ്ടതുണ്ട്. ശാരീരിക കടന്നാക്രമണങ്ങളെക്കുറിച്ച് അവര്‍ക്കു ശരിയായ ധാരണ പകര്‍ന്നുനല്‍കണം. അത്തരം കടന്നാക്രമണങ്ങളെ ധൈര്യത്തോടെയും തന്ത്രപരമായും ചെറുത്തു നില്‍ക്കാനുള്ള പ്രായോഗിക ബുദ്ധിയാണ് സ്ത്രീക്കുണ്ടാവേണ്ടത്. സമൂഹത്തിലെ ഏതാനും ക്രിമിനലുകള്‍ മാത്രമാണ് ഇത്തരം അധമ പ്രവര്‍ത്തികള്‍ ചെയ്യുന്നത്. അതിന്റെ പേരില്‍ സമൂഹത്തെയാകെ ഭയക്കേണ്ട കാര്യമില്ല. എന്നാല്‍ ഏത് സ്ത്രീയും ഇത്തരം ക്രിമിനലുകളുടെ പിടിലായിപ്പോയേക്കാം എന്നതിനാല്‍, ഓരോരുത്തരും തികഞ്ഞ ജാഗ്രത പാലിക്കേണ്ടതാണ്. ജീവിതം ഭദ്രമാക്കുന്നതിനും ജാഗ്രതകളുണര്‍ത്തുന്നതിനും കുറച്ചൊരു ഭയമൊക്കെ ആവശ്യമാണ്. എന്നാല്‍ അത് വലുതായിത്തീരുകയും പരിധി വിടുകയും ചെയ്യുമ്പോള്‍ ജീവിതം പ്രശ്‌നഭരിതമാകും. അമിതഭയം വൈകാരികവും ശാരീരികവും സാമൂഹികവുമായ പ്രശ്‌നങ്ങളിലേക്ക് നയിക്കും. ഏതെങ്കിലും ഒരു കാര്യത്തെച്ചൊല്ലി അധികമായി ഉത്കണ്ഠപ്പെടുക, ഒരേ കാര്യത്തെക്കുറിച്ചു തന്നെ ഓര്‍ത്തുകൊണ്ട് ദിവസത്തില്‍ പല തവണ കടുത്ത ഭയത്തില്‍ വീഴുക, അത് സാധാരണ ജീവിതത്തെയും ഉറക്കത്തെയുമൊക്കെ ബാധിക്കുക, കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടാകുക തുടങ്ങി പല വിധത്തില്‍ ജീവിതം ദുരിതമായിത്തീരാനിടയുണ്ട്. ഈ അവസ്ഥയില്‍ ആയാല്‍ ഉത്കണ്ഠ രോഗാവസ്ഥയിലായിക്കഴിഞ്ഞു എന്നു മനസ്സിലാക്കാം തീര്‍ച്ചയായും ചികിത്സ തേടേണ്ട അവസ്ഥയാണ്.

salamsomassery@gmail.com