Connect with us

Kozhikode

മെഡി. കോളജ് ആശുപത്രി കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുന്നു

Published

|

Last Updated

കോഴിക്കോട്: മെഡിക്കല്‍കോളജ് ആശുപത്രി കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുന്നതായി പരാതി. ആശുപത്രിയിലെ ഒഴിഞ്ഞിടങ്ങളും പരിസരത്തെ ലോഡ്ജുകളും മറ്റും ഇതിന് വേദിയാകുന്നതായി പരക്കെ ആക്ഷേപം ഉയരുന്നുണ്ട്. ഇന്നലെ മെഡിക്കല്‍ കോളജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലെ ഒരു വാര്‍ഡില്‍ വെച്ച് അനാശാസ്യം നടന്നതായി രോഗികളുടെ ബന്ധുക്കളും മറ്റും ആശുപത്രി സൂപ്രണ്ടിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ഇതു സംബന്ധിച്ച രേഖാമൂലം പരാതി ലഭിക്കാത്തതിനാല്‍ അന്വേഷണം നടന്നില്ല.
കൂടെയുള്ള രോഗിക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിത്തരാമെന്ന് പറഞ്ഞും നിര്‍ധനരായവര്‍ക്ക് മരുന്നും ഭക്ഷണവും വാങ്ങി നല്‍കിയുമാണ് പല സ്ത്രീകളേയും കെണിയില്‍ പെടുത്തുന്നതത്രെ. മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്തെ ലോഡ്ജുകള്‍ റെയ്ഡ് ചെയ്യുമ്പോള്‍ അനാശാസ്യത്തിനെത്തുന്നവരെ പിടികൂടല്‍ പതിവാണ്.
അതേസമയം, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയായ മെഡിക്കല്‍ കോളജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ സ്ത്രീകളായ സെക്യൂരിറ്റി ജീവനക്കാരില്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. പ്രസവമുറിയില്‍ വരെ പുരുഷ സെക്യൂരിറ്റി ജീവനക്കാര്‍ക്കാണ് ചുമതല. എന്നാല്‍, മെഡിക്കല്‍കോളജ് മെയിന്‍ ആശുപത്രിയില്‍ വനിതാ സെക്യൂരിറ്റി ജീവനക്കാര്‍ ഉണ്ടുതാനും.
അതിനിടെ, ഇന്നലെ മെഡിക്കല്‍ കോളജ് ഒ പിയില്‍ പരിശോധന കാത്തുകഴിയുന്ന സ്ത്രീയെ അപമാനിക്കുന്ന രൂപത്തില്‍ പെരുമാറിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടോത്ത് ആവള സ്വദേശി രാഘവനെ(42)യാണ് മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ മെഡിക്കല്‍ കോളജ് ലേഡീസ് ഹോസ്റ്റല്‍ പരിസരത്ത് വിദ്യാര്‍ഥിനികളെ അപമാനിക്കും വിധം പെരുമാറിയ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.