ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ഷൊര്‍ണൂര്‍ റെയില്‍വേ ജംഗ്ഷന്‍ സന്ദര്‍ശിച്ചു

Posted on: November 19, 2013 8:21 am | Last updated: November 19, 2013 at 8:21 am

ഷൊര്‍ണൂര്‍: ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ രാജേഷ്മിശ്ര ഷൊര്‍ണൂര്‍ റെയില്‍വേ ജംഗ്ഷന്‍ സന്ദര്‍ശിച്ചു. ഇന്നലെ രണ്ട് മണിയോടെയായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം. റെയില്‍വേ സംരക്ഷണ സേനയുടെ പരേഡും ഗ്രൗണ്ടില്‍ ഗാഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം ആര്‍ പി എഫിന്റെ ഉദ്യോഗസ്ഥ താവളം ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് സമീപത്തെ ടി ടി ഇ വിശ്രമകേന്ദ്രം സന്ദര്‍ശിച്ചു. റെയില്‍വേ കോളനി പരിസരം ആശുപത്രി എന്നിവയും സന്ദര്‍ശിക്കാന്‍ തിരക്കിനിടയിലും സമയം കണ്ടെത്തി. ആര്‍ പി എഫ് ഐ ജി ആര്‍ കെ ദാത്ത, ഡി ആര്‍ എം പിയുഷ് അഗര്‍വാള്‍ എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു. മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലുടെ സന്ദര്‍ശനം നടത്തിയ ജനറല്‍ മാനേജര്‍ പ്രത്യേക വണ്ടിയില്‍ യാത്ര തിരിച്ചു. പ്ലാറ്റ്‌ഫോം ഒന്ന്, ഏഴ് എന്നിവിടങ്ങളില്‍ മേല്‍ക്കൂര സ്ഥാപിക്കുക, ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കുക, ഭാരതപ്പുഴ സ്റ്റേഷന്‍ പ്രവര്‍ത്തനക്ഷമമാക്കുക എന്നീ നിരവധി ആവശ്യങ്ങള്‍ളുണ്ടെങ്കിലും ഷൊര്‍ണൂരിന്റെ റെയില്‍വേ വികസനം സംബന്ധിച്ച ആവശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താനോ നിവേദനം നല്‍കാനോ ഭരണകക്ഷികളോ പ്രതിപക്ഷ കക്ഷി നേതാക്കളോ എത്തിയില്ല.