ജില്ലയില്‍ ഹര്‍ത്താല്‍ ഭാഗികം

Posted on: November 19, 2013 8:16 am | Last updated: November 19, 2013 at 8:16 am

മലപ്പുറം: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ ഇടത്മുന്നണി നടത്തിയ ഹര്‍ത്താല്‍ ജില്ലയില്‍ ഭാഗികം. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ ഉണ്ടായി. എടവണ്ണയില്‍ സി പി എമ്മും യു ഡി എഫും തമ്മില്‍ സംഘര്‍ഷമുണ്ടായി. ജില്ലയിലെ കടകമ്പോളങ്ങള്‍ എല്ലാം തന്നെ അടഞ്ഞുകിടന്നു. എന്നാല്‍ ഇരുചക്ര വാഹനങ്ങളും നാലുചക്ര വാഹനങ്ങളുമടക്കം ചെറിയ വാഹനങ്ങള്‍ റോഡിലിറങ്ങി. ഉച്ചക്ക് ശേഷം കൂടുതല്‍ വാഹനങ്ങള്‍ ഓടി തുടങ്ങിയിരുന്നു.
ചിലയിടങ്ങളില്‍ സമരക്കാര്‍ റോഡില്‍ ടയറും മറ്റും കൂട്ടിയിട്ട് കത്തിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. ഓഫീസുകളിലും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഹാജര്‍ നില വളരെ കുറവായിരുന്നു. സ്‌കൂളുകളിലും കോളജുകളിലും അധ്യയനം നടന്നില്ല. കൊണ്ടോട്ടിയില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. സ്വകാര്യ വാഹനങ്ങള്‍ പലതും നിരത്തിലിറങ്ങിയിരുന്നു. ഓഫീസുകളില്‍ ഹാജര്‍ നില പാടെ കുറവായിരുന്നതിനാല്‍ പ്രവര്‍ത്തനം നടന്നില്ല. വിദ്യാലയങ്ങളും പ്രവര്‍ത്തിച്ചില്ല. കരിപ്പൂരിലേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ ‘എയര്‍ പോര്‍ട്ട്’ സ്‌പെഷ്യല്‍ എന്ന സ്റ്റിക്കര്‍ പതിച്ചു ഓടി. പൊതുവെ ഇന്നലെ വിമാന യാത്രക്കാര്‍ കുറവായിരുന്നു. തിരൂരങ്ങാടിയിലെ ചെമ്മാട്, ചേളാരി, വെന്നിയൂര്‍, കുന്നുംപുറം ഭാഗങ്ങളിലെല്ലാം കടകള്‍ അടഞ്ഞുകിടന്നു. ഇരുചക്ര വാഹനങ്ങളും നാലുചക്ര വാഹനങ്ങളുമൊഴിച്ച് മറ്റൊന്നും സര്‍വീസ് നടത്തിയില്ല.
മിക്കയിടങ്ങളിലും വിദ്യാലയങ്ങള്‍ തുറന്നുവെങ്കിലും വിദ്യാര്‍ഥികള്‍ എത്താത്തതിനാല്‍ ക്ലാസ് നടന്നില്ല. നിലമ്പൂരില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെ തന്നെ ചാലിയാര്‍ കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഇടിവെണ്ണ, മൂലേപ്പാടം ഭാഗങ്ങളില്‍ കര്‍ഷകര്‍ റോഡ് ഉപരോധിച്ചു. വൈദ്യുതി തൂണുകളും മരങ്ങളും റോഡില്‍ നിരത്തി ഗതാഗത തടസം സൃഷ്ടിക്കുകയും ചെയ്തു.
റോഡില്‍ കര്‍ഷകര്‍ കൂട്ടമായി നിലയുറപ്പിച്ചതോടെ ഇരു ചക്രവാഹനങ്ങള്‍ പോലും കടന്നുപോകാന്‍ അനുവദിച്ചില്ല. ഹര്‍ത്താല്‍ ദിനത്തില്‍ കോഴിപ്പാറയിലെ ടൂറിസ്റ്റ് കേന്ദ്രത്തിലേക്കെത്തിയ വിനോദ സഞ്ചാരികള്‍ക്ക് ഇടിവെണ്ണയില്‍ നിന്നും മടങ്ങിപ്പോകേണ്ടിവന്നു. പോലീസ് വാഹനങ്ങള്‍ മാത്രമാണ് കര്‍ഷകര്‍ കടത്തി വിട്ടത്. ഹര്‍ത്താല്‍ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ പൂര്‍ണമായിരുന്നു. ജില്ലയുടെ മറ്റ് പ്രദേശങ്ങളില്‍ നിന്നും വിഭിന്നമായി മലവാരത്ത് ഇടത് മുന്നണിക്കൊപ്പം കര്‍ഷകരും ഹര്‍ത്താലിനെ പിന്തുണച്ചതോടെ ഹര്‍ത്താല്‍ ബന്ദിന്റെ പ്രതീതി സൃഷ്ടിച്ചു. ഹര്‍ത്താലില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നതിനാല്‍ മലയോരത്തെങ്ങും പൊലീസ് തികഞ്ഞ ജാഗ്രതയിലായിരുന്നു.
കാളികാവ്, ചോക്കാട്, പുല്ലങ്കോട് തുടങ്ങിയ മലയോര ഗ്രാമ പ്രദേശങ്ങളില്‍ ഹര്‍ത്താലില്‍ ജനജീവിതം താളം തെറ്റി. ജില്ലയിലെ പ്രധാന തോട്ടം മേഖലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. ഗതാഗതം പൂര്‍ണമായും മുടങ്ങി. വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. അടക്കാകുണ്ട് അങ്ങാടിയിലും ഹൈസ്‌കൂള്‍ പടിയിലും റോഡില്‍ ടയര്‍ കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തി.
ഇരു ചക്രവാഹനങ്ങള്‍ പോലും കടത്തിവിട്ടില്ല. പിന്നീട് കാളികാവ് എസ് ഐ. പി രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തിയാണ് തടസ്സങ്ങള്‍ നീക്കിയത്. മേഖലയിലെ ചെറുകിട തോട്ടങ്ങളിലെ ടാപിംഗ് തൊഴിലാളികള്‍ അടക്കം ജോലിയില്‍ നിന്നും വിട്ട് നിന്നു. അതേ സമയം, ജില്ലയിലെ ഏറ്റവും വലിയ റബര്‍ പ്ലാന്റേഷനായ പുല്ലങ്കോട് എസ്‌റ്റേറ്റില്‍ ഹര്‍ത്താല്‍ ഏശിയില്ല.