Connect with us

International

താലിബാനുമായുള്ള ഏറ്റുമുട്ടല്‍ അഫ്ഗാനെ തകര്‍ത്തു: യു എന്‍

Published

|

Last Updated

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ മൂന്ന് വര്‍ഷമായി തുടരുന്ന സംഘര്‍ഷവാസ്ഥ രാജ്യത്തെ വന്‍ തകര്‍ച്ചയിലേക്ക് നയിച്ചതായി യു എന്‍ റിപ്പോര്‍ട്ട്. വിവിധ ഏറ്റുമുട്ടലുകളിലും ആക്രമണങ്ങളിലുമായി ഈ വര്‍ഷം ഇതുവരെയായി 12,000ത്തോളം താലിബാന്‍കാരെ പിടികൂടുകയോ വധിക്കുകയോ ചെയ്തതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അഫ്ഗാനിസ്ഥാനിലെ താലിബാനെതിരെ കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈന്യം ആക്രമണം നടത്തുന്നുണ്ട്. 75,000ത്തോളം അംഗങ്ങളാണ് സൈന്യത്തിന് ഇവിടെയുള്ളത്. അടുത്ത വര്‍ഷത്തോടെ സൈന്യത്തെ പിന്‍വലിക്കാനുള്ള നീക്കങ്ങളുമുണ്ട്. സായുധ കലാപത്തിനായി അഫ്ഗാനിസ്ഥാനില്‍ നിര്‍മിക്കുന്ന ബോംബടക്കമുള്ള ആയുധങ്ങള്‍ അഫ്ഗാന്‍ സുരക്ഷാ സൈന്യത്തിലെ 80ശതമാനം ആളുകളെയാണ് ബാധിച്ചത്. ഉഗ്രശേഷിയുള്ള ഉപകരണങ്ങള്‍ കൈമാറുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ രാജ്യത്ത് സങ്കീര്‍ണമായ അവസ്ഥ സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. അഫ്ഗാനിസ്ഥാന്റെ പ്രധാന വരുമാന സ്രോതസ്സായ ഖനന മേഖല വലിയ അളവില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത് ഉഗ്രശേഷിയുള്ള ആയുധങ്ങളുണ്ടാക്കാന്‍ വേണ്ടിയാണെന്നത് ഉത്കണ്ഠാജനകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. താലിബാനെ സംബന്ധിച്ച് അവരുടെ നിലനില്‍പ്പ് പരുങ്ങലിലായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ജനങ്ങളുടെ പിന്തുണയാര്‍ജിക്കുന്നതില്‍ പരാജയപ്പെട്ട അവര്‍ക്ക് വന്‍ തകര്‍ച്ചയുമാണ് നേരിടേണ്ടി വന്നിരിക്കുന്നത്. സര്‍ക്കാറിന്റെയും താലിബാന്റെയും കണക്കുകളില്‍ 10,000ത്തിനും 12,000 ഇടയില്‍ താലിബാന്‍കാരാണ് പിടികൂടപ്പെടുകയോ വധിക്കപ്പടുകയോ ചെയ്തിട്ടുള്ളതെന്ന് പറയുന്നുണ്ട്.
അഫ്ഗാനിസ്ഥാനിലെ ഖനികള്‍ താലിബാന്‍ ദുരുപയോഗം ചെയ്യാതിരിക്കാന്‍ സ്ഥിരമായൊരു സംവിധാനം രൂപവത്കരിക്കണമെന്ന നിര്‍ദേശവും യു എന്‍ സുരക്ഷാ വിഭാഗത്തിന്റെ കമ്മിറ്റിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.