സോണിയാ ഗാന്ധിക്ക് മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വക്കീല്‍ നോട്ടീസ്

Posted on: November 18, 2013 4:14 pm | Last updated: November 19, 2013 at 7:33 am

soniya gandhiഭോപ്പാല്‍: സോണിയ ഗാന്ധിക്കെതിരെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ മാനനഷ്ടത്തിന് നോട്ടീസയച്ചു. പത്രപ്പരസ്യങ്ങളിലൂടെ അപകീര്‍ത്തികരമായ പരസ്യങ്ങള്‍ നല്‍കിയെന്ന് ആരോപിച്ചാണ് ശിവരാജ് സിംഗ് ചൗഹാന്‍ സോണിയ ഗാന്ധിക്കെതിരെ മാനനഷ്ടത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. പതിനഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ പരസ്യം പിന്‍വലിച്ചില്ലെങ്കില്‍ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് കാണിച്ചാണ് നോട്ടീസ്.

നവംബര്‍ 13ന് പത്രങ്ങളില്‍ നല്‍കിയ പരസ്യത്തില്‍ ശിവരാജ് സിംഗ് ചൗഹാനു ഭാര്യ സാധന സിംഗിനുമെതിരെ കോണ്‍ഗ്രസ് നടത്തിയ പരാമര്‍ശമാണ് നോട്ടീസിന് ആധാരം. മധ്യപ്രദേശ് പി സി സി അധ്യക്ഷന്‍ കാന്തി ലാല്‍ ബുരിയയ്ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

അടുത്ത കാലത്ത് ശിവരാജ് സിംഗ് ചൗഹാനെതിരായി ഉയര്‍ന്ന അഴിമതിയാരോപണങ്ങളെ പിന്‍പറ്റിയായിരുന്നു പരസ്യം. നവംബര്‍ 25ന് മുമ്പായ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി ചൗഹാന്‍ പൊള്ളയായ അവകാശവാദങ്ങള്‍ നടത്തുകയാണെന്ന് കോണ്‍ഗ്രസ് ശനിയാഴ്ച ആരോപിച്ചിരുന്നു. ധീരരായ ആളുകള്‍ മാത്രമേ പ്രഖ്യാപനങ്ങള്‍ നടത്തുകയുള്ളുവെന്ന് ചൗഹാന്‍ പറയുമായിരുന്നെന്നും എന്നാല്‍ ഒരു വീരന്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കില്ലെന്നാണ് താന്‍ കരുതുന്നതെന്നും കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യ വിമര്‍ശിച്ചിരുന്നു.